|    Jul 28 Fri, 2017 8:25 am
Home   >  Todays Paper  >  page 9  >  

റഷ്യയില്‍ യുഎസ് നയതന്ത്രജ്ഞനു നേരെ ആക്രമണം; രണ്ട് റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് തിരിച്ചയച്ചു

Published : 10th July 2016 | Posted By: SMR

വാഷിങ്ടണ്‍: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുഎസ് നയതന്ത്രജ്ഞനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ രണ്ടു റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് തിരിച്ചയച്ചതായി സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
രണ്ട് ഉദ്യോഗസ്ഥരോടും ജൂണ്‍ 17നു രാജ്യംവിടാന്‍ ആവശ്യപ്പെട്ടിരുന്നതായി യുഎസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് റഷ്യയില്‍ ആക്രമണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നയതന്ത്രജ്ഞന്‍ യുഎസ് രഹസ്യാന്വേഷണവിഭാഗമായ സിഐഎയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ഐഡി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് റഷ്യ പറയുന്നത്.
റഷ്യയില്‍ സുരക്ഷാജീവനക്കാരുടെയും രഹസ്യാന്വേഷണവിഭാഗത്തിന്റെയും ഭാഗത്തുനിന്ന് യുഎസ് നയതന്ത്രജ്ഞര്‍ക്കെതിരേ അവഹേളനം വര്‍ധിച്ചു വരുന്നതായി കഴിഞ്ഞ മാസം യുഎസ് ആരോപിച്ചിരുന്നു. ആരോപണം റഷ്യ നിഷേധിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു തിരിച്ചടിയായാണ് രണ്ടു നയതന്ത്രജ്ഞരെ യുഎസ് തിരിച്ചയച്ചത്. ജൂണ്‍ ആറിനാണ് നയതന്ത്രജ്ഞര്‍ക്കുനേരെ റഷ്യയില്‍ ആക്രമണമുണ്ടായത്. പോലിസിനു മുമ്പില്‍ നയതന്ത്രജ്ഞര്‍ ഐഡന്റിറ്റി വ്യക്തമാക്കിയിരുന്നെങ്കിലും ആക്രമിക്കുകയായിരുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. എന്നാല്‍, പുറത്തുനിന്നുള്ള ആക്രമണത്തില്‍ നിന്നു യുഎസ് എംബസിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും റഷ്യ വാദമുയര്‍ത്തുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് യുഎസും യൂറോപ്യന്‍ യൂനിയനും റഷ്യക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുഎസ് നയതന്ത്രജ്ഞര്‍ക്കു നേരെ റഷ്യയില്‍ മോശം നടപടികള്‍ ആരംഭിച്ചത്.
തെക്കന്‍ ഉക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രൈമിയ റഷ്യയോടു കൂട്ടിച്ചേര്‍ത്തതിനു പിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. അതേസമയം, എംബസിയില്‍ വച്ച് വളര്‍ത്തുമൃഗത്തെ കൊലപ്പെടുത്തിയ സംഭവം വരെ ഉണ്ടായിട്ടുള്ളതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
യുഎസ് നയതന്ത്രജ്ഞരുടെ ഭാഗത്തുനിന്നും റഷ്യന്‍ നയതന്ത്രജ്ഞര്‍ക്കു നേരെ പ്രകോപനമുണ്ടായതായി റഷ്യയും ആരോപിക്കുന്നുണ്ട്. മോസ്‌കോയില്‍ തന്നെയും കുടുംബത്തെയും സുരക്ഷാ സൈന്യവും രഹസ്യാന്വേഷണവിഭാഗവും തുടര്‍ച്ചയായി നിരീക്ഷിക്കാറുണ്ടായിരുന്നതായി റഷ്യയിലെ യുസ് മുന്‍ നയതന്ത്രജ്ഞനായിരുന്ന മിഷേല്‍ മക്‌ഫോള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക