|    Mar 26 Sun, 2017 5:17 am
FLASH NEWS

റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

Published : 17th September 2016 | Posted By: SMR

മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്നലെ ആരംഭിച്ചു. പ്രധാന പ്രവിശ്യകളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ഉള്‍പ്രദേശങ്ങളില്‍ നേരത്തേ ആരംഭിച്ചതായാണു വിവരം. പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പാര്‍ട്ടി തന്നെ ഇത്തവണയും അധികാരത്തിലേറുമെന്നാണു കരുതുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് നടത്തിയെന്നു കണ്ടെത്തിയതോടെ 2011ലെ തിരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.
അതേസമയം, അലെക്‌സി നവാല്‍നി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷനേതാക്കളെ പ്രചാരണത്തില്‍ നിന്നു വിലക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. അധോസഭയായ സ്‌റ്റേറ്റ് ഡ്യൂമയിലേക്ക് 450 എംപിമാരെയാണു വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. ഇപ്പോള്‍ കാലാവധി കഴിയുന്ന ഡ്യൂമയില്‍ നാല് പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരാണുള്ളത്. ഇതില്‍ പുടിന്റെ പാര്‍ട്ടിക്കാണു മേല്‍ക്കോയ്മ.
ഇത്തവണ ഡ്യൂമയിലേക്കുള്ള പകുതി അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയും ബാക്കിയുള്ളവരെ പാര്‍ട്ടി പട്ടികയില്‍ നിന്നുമാണ് തിരഞ്ഞെടുക്കുക. 14 പാര്‍ട്ടികളാണു മല്‍സരത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണമാണു പുടിന്റെ എതിരാളികള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പ്രചാരണം നടത്താനുള്ള അവസരങ്ങള്‍ വ്യാപകമായി നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ക്രൈമിയയിലും വോട്ടെടുപ്പ്
മോസ്‌കോ: 2014ല്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്ത ഉക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രൈമിയയിലും പാര്‍ലമെന്ററി തിരഞ്ഞെടുപ്പു നടക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതേസമയം, റഷ്യയിലെ വോട്ടെടുപ്പ് ഉക്രെയ്‌നിന്റെ കോണ്‍സുലര്‍ കെട്ടിടങ്ങളിലോ നയതന്ത്ര കേന്ദ്രങ്ങളിലോ നടത്തില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് മരിയാന ബെറ്റ്‌സ അറിയിച്ചു.
എന്നാല്‍ ഉക്രെയ്‌നിലെ റഷ്യന്‍ എംബസിയിലും കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയത്തിലും വോട്ടെടുപ്പിനായുള്ള സജ്ജീകരണമൊരുക്കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സകറോവ അറിയിച്ചു. 80,000ത്തോളം റഷ്യന്‍ വോട്ടര്‍മാര്‍ ഉക്രെയ്‌നിലുണ്ടെന്നാണു റഷ്യന്‍ തിരഞ്ഞെടുപ്പ് കാര്യാലയം പുറത്തുവിടുന്ന റിപോര്‍ട്ട് കാണിക്കുന്നത്.

(Visited 54 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക