|    Jan 20 Fri, 2017 3:05 am
FLASH NEWS
Home   >  Pravasi  >  Gulf  >  

റഷ്യന്‍ ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരം: കൊറിയയോടും തോറ്റു; ഖത്തറിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നു

Published : 7th October 2016 | Posted By: SMR

ദോഹ: 2018 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തിന്റെ ഏഷ്യന്‍ വിഭാഗത്തിലെ അവസാന റൗണ്ടില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരായ മല്‍സരത്തിലും ഖത്തറിന് തോല്‍വി. ഇന്നലെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഖത്തര്‍ അടിയറവ് പറഞ്ഞത്. തുടര്‍ച്ചയായ മൂന്നു തോല്‍വികളോടെ ഖത്തറിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു. ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും വിജയിച്ചാല്‍ മാത്രമെ ഖത്തറിന് മുന്നോട്ടുപോകാനാവു.  മൂന്നാം റൗണ്ടിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഇറാനോടും ഉസ്ബക്കിസ്താനോടും പരാജയപ്പെട്ടിരുന്നു.
സുവോണ്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അവസാനനിമിഷംവരെ  പൊരുതിയാണ് ഖത്തര്‍ പരാജയം സമ്മതിച്ചത്.  പുതിയ പരിശീലകന്‍ ജോര്‍ജ് ഫൊസാറ്റിയുടെ കീഴില്‍ ഖത്തറിന്റെ ആദ്യമല്‍സരമായിരുന്നു ഇന്നലത്തേത്. കൊറിയയ്ക്കായി 11ാം മിനിറ്റില്‍ കി സുങ്‌യുവേങും 56ാം മിനിറ്റില്‍ ജി ദോങ്‌വണും 58ാം മിനിറ്റില്‍ സോന്‍ ഹ്യുങ്മിനും ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍, ഖത്തറിനായി പതിനാറാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹസന്‍ അല്‍ ഹെയ്‌ദോസാണ് ആദ്യ ഗോള്‍ നേടിയത്. 45ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ സോറിയ വല ചലിപ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് ഖത്തര്‍ മുന്നിലായിരുന്നു. ഫോമിലുള്ള ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ മുന്നേറ്റനിരയിലെ സോന്‍ ഹ്യുങ് മിന്നിന്റെ പ്രകടനമാണ് കൊറിയന്‍ വിജയത്തില്‍ നിര്‍ണായകമായത്. ആകെ അഞ്ചുഗോളുകള്‍ പിറന്ന മല്‍സരത്തില്‍ കൊറിയന്‍ ക്യാപ്റ്റന്‍ കി സുങാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.  ആദ്യഘട്ടത്തില്‍ കൊറിയയുടെ പൂര്‍ണനിയന്ത്രണത്തിലായിരുന്നു മല്‍സരം. ഇതിന്റെ ഫലം പതിനൊന്നാം മിനിറ്റില്‍ അവര്‍ക്കു ലഭിച്ചു.  ഗോള്‍ കീപ്പര്‍ സാദ് അല്‍ഷീബിന്റെ മുഴുനീള ഡൈവിങിനെ മറികടന്ന് കീ സുങിന്റെ ഡയഗണല്‍  ഷോട്ട് ഗോളില്‍ കലാശിക്കുകയായിരുന്നു. 16ാം മിനിറ്റില്‍ ഖത്തര്‍ തിരിച്ചടിച്ചു. പെനല്‍റ്റിയിലൂടെയാണ് ഖത്തര്‍ അക്കൗണ്ട് തുറന്നത്. കിക്കെടുത്ത ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹെയ്‌ദോസിന് പിഴച്ചില്ല. 66ാം മിനിറ്റില്‍ വീണ്ടുമൊരു ഫൗളിലൂടെ മഞ്ഞക്കാര്‍ഡ് കണ്ട് ഹോങ് ജിയോങോ മല്‍സരത്തില്‍ നിന്നു പുറത്തായിരുന്നു. 45ാം മിനിറ്റില്‍ ആതിഥേയരെ ഞെട്ടിച്ച് ഖത്തര്‍ മുന്നിലെത്തി. റോഡ്രിഗോ തബാതയുടെ ക്രോസില്‍നിന്നു സോറിയയുടെ കിക്ക് കൊറിയന്‍ ഗോളി കിം സ്യുങ് ഗ്യുവിനെ മറികടന്ന് ഗോള്‍വലയിലെത്തി. രണ്ടാം പകുതിയില്‍ കൊറിയ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. അതിന്റെ ഫലം 56, 58 മിനിറ്റുകളില്‍ അവര്‍ക്കു ലഭിക്കുകയും ചെയ്തു. ലീഡ് നേടിയതോടെ തിരിച്ചടിക്കാന്‍ ഖത്തര്‍ ആവുന്നത് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തീര്‍ത്തും പരുക്കന്‍ കളി പുറത്തെടുത്ത കൊറിയന്‍ റിപ്പബ്ലിക്കിന്റെ താരങ്ങള്‍ക്കെതിരെ അഞ്ചു മഞ്ഞക്കാര്‍ഡുകളാണ് റഫറി ഉയര്‍ത്തിയത്. 66ാം മിനിറ്റില്‍ ഹോങ് ജിയോന്‍ഗോ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായശേഷം കൊറിയ പത്തുപേരായി ചുരുങ്ങിയിരുന്നു.  ഗ്രൂപ്പ് എയില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വീതം വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റുകളുമായി  ഇറാനും കൊറിയയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. രണ്ടു വിജയവും ഒരു തോല്‍വിയും ഉള്‍പ്പടെ ആറു പോയിന്റുമായി ഉസ്ബകിസ്താനാണ് മൂന്നാമത്. ഒന്നുവീതം ജയവും തോല്‍വിയും സമനിലയുമായി നാലു പോയിന്റോടെ സിറിയ നാലാമത്. രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഒരു പോയിന്റോടെ ചൈന അഞ്ചാമത്. മൂന്നു മല്‍സരങ്ങളും തോറ്റ ഖത്തറിന് പോയിന്റൊന്നുമില്ല. ഇന്നലെ നടന്ന മറ്റു ഗ്രൂപ്പ് എ മല്‍സരങ്ങളില്‍ സിറിയ ചൈനയെയും ഇറാന്‍ ഉസ്ബകിസ്താനെയും പരാജയപ്പെടുത്തിയിരുന്നു. മൂന്നാം റൗണ്ടിലെ ആദ്യഘട്ടത്തില്‍ ഇനി ഖത്തറിന് രണ്ടു മല്‍സരങ്ങളാണുള്ളത്. ഈ മാസം 11ന് ദോഹ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ സിറിയയ്‌ക്കെതിരെയും നവംബര്‍ 15ന് കുന്‍മിങില്‍ ചൈനയ്‌ക്കെതിരെയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക