|    Sep 23 Sun, 2018 7:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ മിസൈല്‍ ഇടപാട്: ഉപരോധത്തില്‍ ഇന്ത്യക്ക് ഇളവുണ്ടായേക്കില്ലെന്ന്് യുഎസ്‌

Published : 31st August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ആയുധം വാങ്ങുകയാണെങ്കില്‍ ഇന്ത്യക്കെതിരേയും ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്നു സൂചന നല്‍കി യുഎസ്. റഷ്യയില്‍ നിന്ന് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുകയാണെങ്കില്‍ അവരെ ഉപരോധ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തില്ലെന്നു യുഎസ് പ്രതിരോധ വിഭാഗത്തിലെ ഉന്നത ഉദ്യാഗസ്ഥന്‍ വ്യക്തമാക്കി. യുഎസ് പ്രതിരോധ ഏജന്‍സി പെന്റഗണിന്റെ ഏഷ്യന്‍ മേഖലയുടെ ചുമതലയുള്ള റാന്‍ഡല്‍ ഷ്രിവറാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് തങ്ങള്‍ക്കു ആശങ്കകള്‍ ഇപ്പോഴുമുള്ളതായി ഷ്രിവര്‍ വ്യക്തമാക്കി. ഉെക്രയിനിലെ ക്രൈമിയ മേഖലയിലെ ഇടപെടലുമായി ബന്ധപ്പെട്ടു റഷ്യക്കെതിരേ യുഎസ് ഉപരോധം ചുമത്തിയിരുന്നു. റഷ്യയുമായി പ്രതിരോധ, രഹസ്യാന്വേഷണ രംഗത്ത് സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരേയും ഉപരോധ നടപടികള്‍ സ്വീകരിക്കും. ഇതില്‍ നിന്ന് ഇന്ത്യക്ക് ഇളവ് നല്‍കാനാവുമെന്നു പറയാനാവില്ലെന്നു ഷ്രിവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണ് അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ പുതിയ പ്രതിരോധ ബില്ല് പ്രകാരം ഉപരോധത്തിന്റെ പരിധിയില്‍ നിന്നു രാജ്യങ്ങളെ ഒഴിവാക്കുന്നതിനുള്ള അധികാരം പ്രസിഡന്റിനാണ്.
റഷ്യയില്‍ നിന്ന് എസ്-400 ദീര്‍ഘദൂര മിസൈല്‍ സംവിധാനം വാങ്ങിക്കുന്ന കരാറിന്റെ അന്തിമഘട്ടത്തിലാണ് ഇന്ത്യ. 600 കോടി ഡോളറിന്റെ കരാറിലാണു റഷ്യയുമായി ഇന്ത്യ ധാരണയിലെത്തിയത്. ഈ വര്‍ഷം അവസാനത്തോടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണു റിപോര്‍ട്ട്. ഇടപാട് സംബന്ധിച്ച് യുഎസിന് ആശങ്കകളുള്ളതായി ഷ്രിവര്‍ വ്യക്തമാക്കി. റഷ്യന്‍ മിസൈല്‍ സംവിധാനത്തിന്റെ ബദല്‍ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കു പുറമെ ചൈന, തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും റഷ്യയില്‍ നിന്നു മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. റഷ്യന്‍ മിസൈലുകള്‍ വാങ്ങുന്നതിനുള്ള തുര്‍ക്കിയുടെ തീരുമാനത്തില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ആശങ്ക അറിയിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss