|    Jul 27 Thu, 2017 3:59 am
FLASH NEWS
Home   >  News now   >  

റഷ്യന്‍ തിരഞ്ഞെടുപ്പ് : വീണ്ടും യുനൈറ്റഡ് റഷ്യ

Published : 19th September 2016 | Posted By: Navas Ali kn

bbwjyfg

മോസ്‌കോ: റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് റഷ്യക്ക് ഭൂരിപക്ഷം. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 54.2 ശതമാനം വോട്ടുകളും പാര്‍ട്ടി നേടി. 450 അംഗ പാര്‍ലമെന്റില്‍ 343 സീറ്റുകളാണ് യുനൈറ്റഡ് റഷ്യയും സഖ്യകക്ഷികളും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് മന്ത്രാലയം അറിയിച്ചു. തന്റെ പാര്‍ട്ടി വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് പുടിന്‍ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നാഷനലിസ്റ്റ് എല്‍ഡിപിആര്‍ പാര്‍ട്ടിയും 13 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. എ ജസ്റ്റ് റഷ്യ പാര്‍ട്ടി ആറു ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. ഈ പാര്‍ട്ടികളെല്ലാം പുടിനോടു കൂറുപുലര്‍ത്തുന്നവയാണ്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് ഡ്യൂമയില്‍ ഭൂരിപക്ഷം നേടിയ പാര്‍ട്ടികളാണിവ.
കഴിഞ്ഞ 17 വര്‍ഷക്കാലമായി പുടിന്‍ റഷ്യയുടെ പ്രധാനമന്ത്രിയായും പ്രസിഡന്റായും നേതൃപദവിയിലിരിക്കുകയാണ്. അതേസമയം, ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പില്‍ തിരിമറി നടന്നതായി റിപോര്‍ട്ടുകളുണ്ട്. മൂന്നു പോളിങ് സ്‌റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കുമെനന്് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചിട്ടുണ്ട്.
2011ലെ തിരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ടുകളായിരുന്നു യുനൈറ്റഡ് റഷ്യ നേടിയത്. വന്‍ഭൂരിപക്ഷമാണ് ഇത്തവണ പ്രകടമാകുന്നത്. പ്രധാനമന്ത്രി ദിമിത്രി മെഡ്വെഡെവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിക്ഷം ലഭിച്ചു. കുന്‍സാക് ജില്ലയില്‍ വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് യുവാക്കള്‍ പോളിങ് ബുത്തുകള്‍ നശിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി എല്ല പാംഫിലോവ അറിയിച്ചു. തെക്കന്‍ പ്രവിശ്യയായ റോസ്‌റ്റോവിലും ക്രിമിനല്‍ കേസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1300ഓളം പരാതികള്‍ ലഭിച്ചതായി നിരീക്ഷക വിഭാഗം ഗാലോസ് അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ഏകാധിപത്യം ആരോപിച്ച് ഇന്‍സ്റ്റഗ്രാമിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ക്രൈമിയയില്‍ മുഴുവന്‍ സീറ്റുകളും യുനൈറ്റഡ് റഷ്യ നേടി. ഉക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രൈമിയ 2014ല്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക