|    Nov 25 Sat, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യക്കെതിരേ യുഎസ് ഉപരോധം : ബില്ലിന് അംഗീകാരം

Published : 3rd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: റഷ്യക്കെതിരായ പുതിയ ഉപരോധങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. റഷ്യ, ഇറാന്‍, ഉത്തര കൊറിയ രാജ്യങ്ങള്‍ക്കെതിരേ പുതിയ ഉപരോധങ്ങള്‍ ചുമത്തുന്നതിനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവച്ചു. ഉപരോധത്തിന് അനുമതി നല്‍കുന്ന നിയമം ഇതോടെ പ്രാബല്യത്തില്‍ വന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു.ബില്ലിന് മൂന്നിനെതിരേ 419 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഎസ് കോണ്‍ഗ്രസ് പ്രതിനിധിസഭ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് സെനറ്റും ബില്ല് അംഗീകരിച്ചു. റഷ്യക്കെതിരായ ഉപരോധങ്ങളില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ അംഗീകാരമില്ലാതെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇളവു വരുത്താനാവില്ലെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബില്ലിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. റഷ്യക്കെതിരായ നീക്കം ട്രംപിന് തിരിച്ചടിയാവുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വിലയിരുത്തപ്പെട്ടിരുന്നത്.അതേസമയം, ബില്ലില്‍ പ്രസിഡന്റ് തൃപ്തനല്ലെന്ന് ടില്ലേഴ്‌സണ്‍ അറിയിച്ചു. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ട്രംപ് റഷ്യക്കെതിരായ നീക്കത്തിന് അനുമതി നല്‍കിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുഎസിന്റെ ഉപരോധ നീക്കത്തിനെതിരേ റഷ്യ ഇതിനകം പ്രതികരണമറിയിച്ചിട്ടുണ്ട്. ഉപരോധനീക്കത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിന്റെ 700ലധികം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ റഷ്യ ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം ഒന്നിനു മുമ്പായി റഷ്യയിലെ യുഎസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കാനാണ് നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് റഷ്യയിലെ എംബസിയിലെ ഉപകരണങ്ങള്‍ ഒഴിവാക്കുന്നതിന് യുഎസ് നടപടി ആരംഭിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നതായാരോപിച്ചാണ് ഇറാനെതിരായ യുഎസ് ഉപരോധം. മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ ഉത്തരകൊറിയക്കെതിരായ നടപടികളുടെ കാരണമായും യുഎസ് ചൂണ്ടിക്കാട്ടുന്നു. ഇറാനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയക്കെതിരേ സമ്മര്‍ദമുയര്‍ത്തുന്ന നീക്കങ്ങളെയും ട്രംപ് അനുകൂലിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക