|    Oct 16 Tue, 2018 12:39 am
FLASH NEWS

റവന്യൂ വകുപ്പിന്റെ കുടിവെള്ള വിതരണം മുടങ്ങി : രാമന്തളി നിവാസികള്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു

Published : 26th September 2017 | Posted By: fsq

 

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മലിനജല പ്ലാന്റ് മൂലം ദുരിതത്തിലായ രാമന്തളി നിവാസികള്‍ക്ക് റവന്യൂവകുപ്പ് നല്‍കിവരുന്ന കുടിവെള്ള വിതരണം നിലച്ചു. ഇതില്‍ പ്രതിഷേധിച്ച് ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാമന്തളി വില്ലേജ് ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. പ്രതിഷേധത്തിനൊടുവി ല്‍ കുടിവെള്ളം വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. നേരത്തെ, നാവിക അക്കാദമിയിലെ പ്ലാന്റില്‍നിന്ന് മലിനജലമൊഴുകി രാമന്തളിയിലെ നൂറോളം വീടുകളിലെ കിണറുകള്‍ ഉപയോഗശൂന്യമായിരുന്നു. ഇതിനെതിരേ ജനാരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗേറ്റിനു മുന്നില്‍ സമരം നടത്തുകയും നാട്ടുകാരുടെ നിര്‍ദേശങ്ങള്‍ അക്കാദമി അധികൃതര്‍ അംഗീകരിച്ചതോടെ 85ാം ദിവസം സമരം അവസാനിപ്പിക്കുകയും ചെയ്തു. സമരത്തിന്റെ സാഹചര്യത്തിലായിരുന്നു റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം നടപടികള്‍ പുരോഗമിക്കുകയായിരുന്നു. എന്നാലിപ്പോള്‍ കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങളായി. നാട്ടുകാര്‍ റവന്യൂവകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മലിനമായതോടെ കിണര്‍വെള്ളം ഉപയോഗിക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ പെയ്യുന്നുണ്ടെങ്കിലും വെള്ളത്തിന്റെ ദുര്‍ഗന്ധം പോയിട്ടില്ല. റവന്യൂവകുപ്പിന്റെ കുടിവെള്ളം മുടങ്ങിയതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി വില്ലേജ് ഓഫിസിലെത്തിയത്. വില്ലേജ് ഓഫിസര്‍ സുധീപുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss