|    Mar 24 Sat, 2018 12:24 am
FLASH NEWS

റവന്യൂ വകുപ്പിന്റെ അനാസ്ഥ: ശാപമോക്ഷമില്ലാതെ ചോമ്പാല സ്റ്റേഷന്‍

Published : 5th June 2016 | Posted By: SMR

വടകര: സ്ഥലപരിമിതിയാല്‍ ഏറെ പ്രയാസപ്പെടുന്ന ചോമ്പാല പോലിസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നതിലും, മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിലും റവന്യൂ വകുപ്പ് അനാസ്ഥ കാണിക്കുന്നതായി പരാതി. അഴിയൂര്‍ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി നല്‍കിയ സ്ഥലവും, നിലവില്‍ ബ്ലോക്ക് ഓഫിസിന്റെ പഴയ കെട്ടിടവുമാണ് പോലിസ് സ്‌റ്റേഷനായി വിട്ടു നല്‍കിയിരുന്നത്. തുടര്‍ന്നുള്ള നടപടികള്‍ നടത്തേണ്ട റവന്യൂ വകുപ്പ് അനാസ്ഥ കാണിച്ചതാണ് കെട്ടിടം പണിയുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.
അഴിയൂര്‍ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി ചോമ്പാല പോലിസ് സ്‌റ്റേഷന് സമീപത്തായി 20 സെന്റ് സ്ഥലമാണ് പുതിയ കെട്ടിടം നിര്‍മിക്കാനായി നല്‍കിയത്. എന്നാല്‍ സ്ഥലം റവന്യൂ വകുപ്പ് ആഭ്യന്തരവകുപ്പിന് കൈമാറുന്നതില്‍ കാണിച്ച അലംഭാവം പിന്നീട് അത് നഷ്ടപ്പെടുന്നിടത്തേക്ക് വരെ എത്തി.
അതേസമയം പഞ്ചായത്ത് അനുവദിച്ച സ്ഥലം റെയില്‍വെ ഓവര്‍ബ്രിഡ്ജ് വരുന്നതിന് സമീപമായതിനാലാണ് കൈമാറുന്നത് സംബന്ധിച്ച് തടസ്സമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് പുറമെ പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടം ചോമ്പാല പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിനായി നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ കെട്ടിടവും ഏറ്റെടുക്കുന്നതിലും ആഭ്യന്തര വകുപ്പിന് കൈമാറുന്നതിലും റവന്യൂ വകുപ്പ് അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.
കുഞ്ഞിപ്പള്ളിക്ക് സമീപം മോ ന്താല്‍ റോഡില്‍ കൃഷിഭവന്‍ കെട്ടിടത്തിനു മുകളിലായാണ് 2009 മുതലാണ് ചോമ്പാല പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം ഇല്ലാതെ 8 വര്‍ഷം പിന്നിട്ടിട്ടും റവന്യൂ വകുപ്പിന്റെ അനാസ്ഥ പരിഹരിക്കാനായി ആരും തന്നെ ഇടപെട്ടില്ലെന്നതാണ് വാസ്തവം. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമെ ഇവിടെ ലോക്കപ്പോ, തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ ഇടമോ ഇല്ല. വനിതാ പോലിസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പ്രതികള്‍ക്കും ഉപയോഗിക്കാന്‍ ഒരു ബാത്ത് റൂം സൗകര്യമേയൂള്ളൂ. വിശ്രമ മുറിയും വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഇല്ലാത്തതിന്റെ ദുരിതം വനിതാ പോലിസുകാരാണ് അനുഭവിക്കുന്നത്.
സംഘര്‍ഷ പ്രദേശങ്ങളായ അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകള്‍ ഈ പോലിസ് സ്‌റ്റേഷനു കീഴിലാണ്. ഏകദേശം 58, 000 ജനങ്ങള്‍ താമസിക്കുന്ന രണ്ടിടത്തേയും ക്രമസമാധാന പാലനത്തിന് 28 പോലിസുകാരാണുള്ളത്. ബാറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു മാഹിയിലേക്കുള്ള മദ്യപാനികളുടെ ഒഴുക്ക് വര്‍ധിച്ചത് ചോമ്പാല പോലിസിന്റെ ജോലി ഭാരം കൂട്ടിയിരിക്കുകയാണ്. മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ പാര്‍പ്പിക്കാന്‍ ലോക്കപ്പില്ലാത്തതിനാല്‍ ഇവരില്‍ നിന്നു പോലിസുകാര്‍ക്ക് അക്രമം നേരിടേണ്ട അവസ്ഥ പോലുമുണ്ടായതായി പോലിസുകാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss