|    Mar 23 Thu, 2017 7:59 am
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാല് മുതല്‍; അയ്യായിരത്തോളം കുട്ടികള്‍ മാറ്റുരയ്ക്കും

Published : 2nd January 2016 | Posted By: SMR

കാസര്‍കോട്: നാല് മുതല്‍ എട്ടുവരെ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാലിന് സ്റ്റേജിതര മല്‍സരങ്ങളും അഞ്ച് മുതല്‍ എട്ടുവരെ തീയ്യതികളില്‍ സ്റ്റേജിനങ്ങളുമാണ് നടക്കുന്നത്.
മല്‍സരങ്ങള്‍ക്കായി എട്ട് വേദികള്‍ സജീകരിച്ചു കഴിഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നഗരസഭാ ടൗണ്‍ ഹാള്‍, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, മുനിസിപ്പല്‍ വനിതാഹാള്‍, സന്ധ്യാരാഗം ഓഡിറ്റോറിയം, ചിന്മയ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക. എട്ട് വേദികളും നദികളുടെ പേരിലാണ് അറിയപ്പെടുക. വേദി ഒന്ന് ചന്ദ്രഗിരി (സ്‌കൂള്‍ ഗ്രൗണ്ട്), വേദി രണ്ട് പയസ്വിനി (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍), വേദി മൂന്ന് തേജസ്വിനി (സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം), വേദി നാല് മധുവാഹിനി (നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍), വേദി അഞ്ച് നേത്രാവതി (സ്‌കൂള്‍ ഓഡിറ്റോറിയം), വേദി ആറ് പെരിയാര്‍ (ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്), വേദി ഏഴ് കാവേരി (നഗരസഭ വനിതാ ഹാള്‍), വേദി എട്ട് കബനി (ചിന്മയ വിദ്യാലയം) എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി 298 ഇനങ്ങളില്‍ 4426 മല്‍സരാര്‍ഥികള്‍ മാറ്റുരക്കും. ഇതിന് പുറമേ അപ്പീലിലൂടെ 500 ഓളം കുട്ടികള്‍ എത്തുമെന്നാണ് അറിയുന്നത്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ലഭിച്ച 86 അപ്പീലുകളില്‍ നിന്ന് 46 എണ്ണം ഇതുവരെയായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള 224 അപ്പീലുകളില്‍ നിന്ന് 84 അപ്പീലുകള്‍ മല്‍സര പരിഗണനക്ക് എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അപ്പീലുകള്‍ വഴി എത്തുന്നത് തടയാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡിഡിഇ അറിയിച്ചു. മല്‍സരങ്ങള്‍ കുറ്റമറ്റതാക്കാന്‍ വിധികര്‍ത്താക്കള്‍ക്കായി പ്രത്യേക നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് നല്‍കുന്നുണ്ട്. മൂന്നുതവണയില്‍ കൂടുതല്‍ ജില്ലയില്‍ വിധി നിര്‍ണ്ണയം നടത്തിയ വിധി കര്‍ത്താക്കളെ ഒഴിവാക്കിയിട്ടുണ്ട്. വിധികര്‍ത്താക്കളെ നിരീക്ഷിക്കാനായി ഷാഡോ ടീമിനെയും ഒരുക്കിയിട്ടുണ്ട്.
മല്‍സരങ്ങള്‍ യഥാ സമയം നടത്താനുള്ള ക്രമീകരണങ്ങള്‍ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് മല്‍സരങ്ങള്‍. പൊതുജനങ്ങള്‍ ഉള്‍പ്പെടെ പ്രതിദിനം അയ്യായിരത്തിലധികം പേര്‍ വിവിധ വേദികളില്‍ പരിപാടികള്‍ വീക്ഷിക്കാനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. മല്‍സരാര്‍ഥികള്‍ക്കും ഓഫീഷ്യല്‍സിനും വിധികര്‍ത്താള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കുമായി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കും.
കലോല്‍സവത്തിന്റെ രജിസ്‌ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയായി. പ്രശസ്ത ഗായകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ 56 ഗായകരെ ഉള്‍പ്പെടുത്തി സ്വാഗത ഗാനം ചിട്ടപ്പെടുത്തി വരുന്നുണ്ട്. മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ട്രോഫികളും സമ്മാനിക്കും.
ക്രമസമാധാനം പാലിക്കാന്‍ ജില്ലാ പോലിസ് ചീഫിന്റെ നേതൃത്വത്തിലുള്ള പോലിസിനെയും സ്‌കൂളിലെ സ്റ്റുഡന്റ് പോലിസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍സിസി തുടങ്ങിയ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.
കലോല്‍സവം അഞ്ചിന് വൈകിട്ട് നാലിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ലോഗോ ഡിസൈനറെ ആദരിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ പി ജയരാജന്‍, ഡിഡിഇ വി വി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി സംസാരിക്കും. എട്ടിന് അഞ്ചിന് സമാപന സമ്മേളനം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമുഹാജി, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ്, ഡിഡിഇ വി വി രാമചന്ദ്രന്‍, കെ രതീഷ്, എം ചന്ദ്രകല, എം പി അനിതാഭായ്, സി ഹരിദാസ്, പി നാരായണന്‍, കെ എസ് നാരായണന്‍ നമ്പൂതിരി, എം പി രാജേഷ്, എ എസ് മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

(Visited 101 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക