|    Jul 27 Thu, 2017 8:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റയ്യാന്‍ സ്റ്റേഡിയത്തില്‍ കോണ്‍ക്രീറ്റ് പണി ആരംഭിച്ചു

Published : 14th October 2016 | Posted By: SMR

ദോഹ: 2022ലെ ലോക കപ്പിനായി ഒരുങ്ങുന്ന അല്‍റയ്യാന്‍ സ്റ്റേഡിയത്തിന്റെ കുഴിയെടുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കി കോണ്‍ക്രീറ്റ് നിറയ്ക്കുന്ന പണി ആരംഭിച്ചു. നിശ്ചയിച്ചതിലും അഞ്ച് ആഴ്ച മുമ്പേ നിര്‍മാണം പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്ന് ലോക കപ്പ് സംഘാടക സമിതി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്‌സിഡിഎല്‍) അറിയിച്ചു. ലോക കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്കു വേദിയാവുന്ന റയ്യാന്‍ സ്റ്റേഡിയം 2019ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേ സമയം, സ്റ്റേഡിയത്തിന്റെ സമീപ പ്രദേശങ്ങളില്‍ ദോഹ മെട്രോയുടെ പ്രവര്‍ത്തിയും അതിവേഗം പുരോഗമിക്കുകയാണെന്ന് എസ്‌സിഡിഎല്‍ അറിയിച്ചു. ഉടന്‍ തുറക്കാനിരിക്കുന്ന മാള്‍ ഓഫ് ഖത്തറിന് സമീപമാണ് റയ്യാന്‍ സ്റ്റേഡിയം. ഇത് രണ്ടിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പണിയും ഏറെക്കുറെ പൂര്‍ത്തിയായി.
നിലവിലുണ്ടായിരുന്ന അഹ്മദ് ബിന്‍ അലി സ്റ്റേഡിയം പൊളിച്ചു കളഞ്ഞാണ് സിറ്റി സെന്ററിന് 20 കിലോമീറ്റര്‍ പടിഞ്ഞാറ് 40,000 പേര്‍ക്കിരിക്കാവുന്ന റയ്യാന്‍ സ്റ്റേഡിയം പണിയുന്നത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം പുതുക്കിപ്പണിയാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും ഫിഫ നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായി പിന്നീട് പൊളിച്ച് പണിയാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ചത്. ഖത്തറിലെ അല്‍ബലാഗ് ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ്, ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്റ് ട്യൂബ്രോ എന്നിവയുടെ സംയുക്ത കമ്പനിയാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
മസ്ജിദ്, അക്വാട്ടിക് സെന്റ ര്‍, നടവഴികള്‍, സൈക്ലിങ്, റണ്ണിങ് ട്രാക്കുകള്‍, ഔട്ട്‌ഡോര്‍ ഫിറ്റ്‌നസ് എക്വിപ്‌മെന്റ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവന ദാതാവായ ആസ്‌പെറ്ററിന്റെ പുതിയ ബ്രാഞ്ച് എന്നിവ യും സ്റ്റേഡിയം സമുച്ഛയത്തി ല്‍ ഒരുങ്ങുന്നുണ്ട്. നിര്‍മാണത്തിലിരിക്കേ തന്നെ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് വിദഗ്ധരുടെ സ്റ്റേ ഡിയം ഡിസൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം റയ്യാന്‍ സ്റ്റേഡിയം നേടിയിരുന്നു. ഖത്തര്‍ മരുഭൂമിയില്‍ നിന്നും മണല്‍ക്കുന്നുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ബ്രിട്ടീഷ് കമ്പനിയായ റാംബോള്‍ ആന്റ് പാറ്റേണാണ് ഇതിന്റെ രൂപകല്‍പ്പന തയ്യാറാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക