|    May 24 Wed, 2017 3:12 pm
FLASH NEWS

റയില്‍വെ ട്രാക്കില്‍ ബൈക്ക് തള്ളിയ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

Published : 1st October 2016 | Posted By: Abbasali tf

വടകര: ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഴിയൂര്‍ കോട്ടിക്കൊല്ലന്‍ പുതിയ പുരയില്‍ സാജിര്‍ (27), വടകര ബീച്ച് റോഡില്‍ കണ്ണോത്ത് മുഹമ്മദ് നസീഹ് (29), വടകര ബീച്ചില്‍ വൈക്കിലേരി പുതിയ പുരയില്‍ യാസര്‍ അറാഫത്ത് (26) എന്നിവരെയാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജലജാറാണി 14ാം തിയതിവരെ റിമാന്‍ഡ് ചെയ്തത്.  ഇതോടൊപ്പം ചോറോട് പള്ളിത്താഴ അര്‍ഷാദിന്റെ ബൈക്ക് കത്തിച്ച കേസിലും ഇവരെ ഇതേ കാലയളവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 22 നാണ്  പള്ളിത്താഴ പിവിസി ഹൗസില്‍ ജാസിറിന്റെ ഉടമസ്ഥതയിലുളള സ്‌കൂട്ടര്‍ ചോറോട് റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്. ഈ കൃത്യം നിര്‍വഹിച്ചതിനുശേഷമാണ് പ്രതികള്‍ മൂവരും ചേര്‍ന്ന് അര്‍ഷാദിന്റെ ബൈക്കിന് തീ കൊടുത്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് കേസന്വേഷണ ചുമതലയുള്ള വടകര സി.ഐ. എ. ഉമേഷ് പറഞ്ഞു.

പ്രതികള്‍ വലയിലായത് നാട്ടുകാര്‍ക്ക് ആശ്വാസമായി
വടകര: ചോറോട് ഓവര്‍ബ്രിഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ സംഭവത്തിലെ പ്രതികള്‍ വലയിലായതോടെ ഒരു പ്രദേശത്തിന്റെ ആശങ്ക കെട്ടടങ്ങി.  22 മുതല്‍ കഴിഞ്ഞ ദിവസം വരെ ചോറോട് പള്ളിത്താഴ പ്രദേശത്തുകാര്‍ക്ക് ഉറക്കമില്ലാത്ത നാളുകളായിരുന്നു. റെയില്‍പാളത്തില്‍ സ്‌കൂട്ടര്‍ തള്ളിയിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവിടത്തുകാര്‍ നടുങ്ങി. പ്രദേശത്തുകാരന്റെ സ്‌കൂട്ടറാണ് ട്രാക്കില്‍ നിന്നു കിട്ടിയതെന്ന് വ്യക്തമായതോടെ റെയില്‍വെ പോലിസും ലോക്കല്‍ പോലിസും പള്ളിത്താഴ പ്രദേശത്തുകാരെ ലക്ഷ്യമിട്ടായി പിന്നീടുള്ള അന്വേഷണവും. സ്‌കൂട്ടര്‍ ഉടമ ജാസിര്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഗള്‍ഫില്‍ നിന്ന് എത്തിയത്. വിസ പ്രശ്‌നം പരിഹരിച്ച് മടങ്ങാനിരിക്കെയാണ് ഇയാളുടെ സ്‌കൂട്ടര്‍ പ്രതികള്‍ റെയില്‍വെ ട്രാക്കില്‍ കൊണ്ടിട്ടത്. ഒന്നാം പ്രതി സാജിറിനെതിരെ വേറേയും കേസുകള്‍ ഉള്ളതായി പോലിസ് വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ കേടുവരുത്തിയ ശേഷം അറിഞ്ഞുകൊണ്ടുതന്നെയാണ് റെയില്‍പാളത്തില്‍ കൊണ്ടിട്ടതെന്ന് ഇവര്‍ പോലിസിനോടു സമ്മതിച്ചിട്ടുണ്ട്. ജാസിറിനെയും അര്‍ഷാദിനെയും കേസില്‍ കുടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day