|    Dec 13 Thu, 2018 12:47 pm
FLASH NEWS

റയാന്‍ എന്ന സ്വര്‍ഗകവാടത്തിലൂടെ ചക്രവാളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക്

Published : 8th December 2015 | Posted By: TK
 

muhammed shameem pic copy

 


ചിത്രത്തിന്റെ അവസാനത്തിലാകട്ടെ, ഒരിക്കല്‍ ആ കപ്പലില്‍ നിന്ന് കിട്ടിയിരുന്ന, കീറിപ്പറിഞ്ഞ സോവിയറ്റ് പതാക കൂട്ടിത്തുന്നി അതിന്റെ കൊടിമരത്തില്‍ കെട്ടി ഒരു സങ്കല്‍പയാത്ര നടത്തുകയാണ് റയാന്‍. കൊടി വിജയത്തിന്റെ അടയാളമാണെന്ന് അമ്മ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്. അതേസമയം എന്തിനാണ് ഈ കൊടി തന്നെ എന്ന ചോദ്യത്തിന് അവന്റെ മറുപടി മറ്റൊന്നും കിട്ടാത്തതു കൊണ്ട് എന്നാണ്.


 

BOPEM5

 

 

രുപാട് ചോദ്യങ്ങളുണ്ടായിരുന്നു കൊച്ചു റയാന് അമ്മയോട് ചോദിക്കാന്‍. അമ്മ ധാരളം കഥകള്‍ പറയും. ഭാവനകളുടെ ചിറകില്‍ അവനെ ആകാശത്തേക്കുയര്‍ത്തും. കടല്‍ നികന്ന് മരുഭൂമിയായ സ്ഥലത്തെ മണലിലും പാറക്കെട്ടുകളിലും അമ്മയുടെ കൈയും പിടിച്ച് നടക്കാന്‍ ശയാന് വളരെ ഇഷ്ടമാണ്. അത്തരം നടത്തങ്ങളിലാണ് അവന്‍ ഓരോന്ന് ചോദിക്കുന്നതും അമ്മ പലതും പറയുന്നതും.

അങ്ങനെയൊരിക്കല്‍ അവന്‍ ചോദിച്ചത് കടലിനെക്കുറിച്ചു തന്നെയായിരുന്നു. അതെന്തു കൊണ്ടാണ് ഇങ്ങനെ മരിച്ചു കൊണ്ടിരിക്കുന്നത്? പ്രായം ചെന്നാല്‍ എല്ലാവരും വയ്യാത്തവരാവുകയും മരിക്കുകയും ചെയ്യുമല്ലോ. കടലിന് വയസ്സാവുന്നതു കൊണ്ടാണോ കടല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്?

കടല്‍ ഇല്ലാതാവുന്നു എന്നത് ഒരു കഥപറച്ചിലുകാരന്റെ ഭാവനയല്ല. ആരാല്‍ കടലാണ് അത്. കസാക്കിസ്ഥാന്റെ തെക്കും ഉസ്ബക്കിസ്ഥാന്റെ വടക്കുമായി സ്ഥിതി ചെയ്തിരുന്ന ആരാല്‍ കടല്‍ ഇന്നില്ല. റയാന്റെ ചോദ്യത്തിന്റെ ശരിയായ ഉത്തരം നമുക്കറിയാം. തെക്കു നിന്ന് അമുദാര്യയെന്നും വടക്കു നിന്ന് സിര്‍ദാര്യയെന്നും പേരുള്ള രണ്ട് മഹാനദികളാണ് ആരാല്‍ കടലിനെ പോഷിപ്പിച്ചു കൊണ്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ കടലെന്നു വിളിക്കാനും മാത്രം സമൃദ്ധമായ മഹാ തടാകമായിരുന്നു ആരാല്‍. സുപീരിയര്‍, വിക്ടോറിയ, കാസ്പിയന്‍ എന്നിവ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകം. മഗോളിയന്‍ ഭാഷയില്‍ ആരാല്‍ എന്നു പറഞ്ഞാല്‍ ദ്വീപ് എന്നാണ് അര്‍ത്ഥം. Sea of Islands എന്നറിയപ്പെട്ടിരുന്ന ആരാല്‍ കടലില്‍ ആയിരത്തില്‍പ്പരം ചെറുദ്വീപുകള്‍ ഉണ്ടായിരുന്നു.

മനുഷ്യന്റെ ലാഭക്കൊതി മൂലം മരിച്ചു പോയ കടലാണ് ആരാല്‍. പരുത്തിക്കൃഷിയില്‍ ലോകകമ്പോളം കയ്യടക്കാന്‍ കൊതിച്ച സോവിയറ്റ് യൂനിയനാണ് ആരാലിന്റെ ഘാതകര്‍. അവര്‍ അമുദാര്യയിലെയും സിര്‍ദാര്യയിലെയും വെള്ളം കൃഷിക്കു വേണ്ടി തിരിച്ചു വിട്ടതോടെ കടല്‍ മെലിയാന്‍ തുടങ്ങി. താമസിയാതെ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന രണ്ട് കൂറ്റന്‍ കുഴികളും അവയ്ക്ക് ചുറ്റും വെറും മരുപ്പരപ്പും അവശേഷിപ്പിച്ചു കൊണ്ട് കടല്‍ മരിച്ചു. ഇനിയും തങ്ങളുടെ കടല്‍ തങ്ങളെത്തേടിയെത്തുന്നത് സ്വപ്‌നം കാണാന്‍ ആരാല്‍ തടത്തില്‍ താമസിക്കുന്നവര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു.

 

BOPEM 1

 

സ്വപ്‌നം കാണുന്ന കുട്ടി തന്നെയായിരുന്നു റയാന്‍. അവനിലേക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും കടത്തി വിടുന്നത് അവന്റെ അമ്മ തന്നെ. കടലൊഴിഞ്ഞ മരുപ്പറമ്പില്‍ത്തന്നെയാണ് അവനും അമ്മയും താമസിക്കുന്നത്. സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷമുള്ള കസാക്കിസ്ഥാനില്‍.

ജോര്‍ജിയ, കസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ, പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന പലയിടങ്ങളില്‍ നിന്നും വരുന്ന പല സിനിമകളും കുട്ടികളെ കേന്ദ്രീകരിച്ച് വികസിക്കുന്നവയാണ്. ഒരു പക്ഷേ സോവിയറ്റ് യൂനിയന്റെ പതനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയെയായിരിക്കാം അവ സൂചിപ്പിക്കുന്നത്. ഇത്തവണ കേരള ചലച്ചിത്രോല്‍സവത്തില്‍ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, സന്ന ഇസബയേവയുടെ (Zhanna Issabayeva) ബോപെം (Bopem) എന്ന സിനിമയും ഇക്കൂട്ടത്തില്‍ വരുന്നു. റയാന്‍ എന്ന ബാലന്റെ ജീവിതത്തിലൂടെയും മനോവ്യാപാരങ്ങളിലൂടെയുമുള്ള ഒരു യാത്രയാണത്.

ചക്രവാളത്തിനപ്പുറം ഒരു ലോകമുണ്ടെന്നും അങ്ങോട്ടേക്കാണ് നമ്മള്‍ യാത്ര ചെയ്യേണ്ടതെന്നും അമ്മ റയാനോട് പറയുന്നുണ്ട്. പലയാളുകളും അങ്ങോട്ടേക്ക് യാത്ര പുറപ്പെട്ടിട്ട് പൂര്‍ത്തിയാക്കാതെ തിരിച്ചു വരുന്നവരാണ്. റയാന്‍ എന്ന പേരിന്റെ അര്‍ത്ഥവും ഒരിക്കല്‍ അമ്മ അവന് പറഞ്ഞു കൊടുത്തു. സ്വര്‍ഗലോകത്തിലെ കവാടമാണ് റയാന്‍. വിശപ്പിനെയും ദാഹത്തെയും അതിജയിച്ച് ഉപവാസമനുഷ്ഠിക്കുന്നവര്‍ക്ക് അതിലൂടെ പ്രവേശിക്കാം. ആ വാതിലിനപ്പുറത്തായിരിക്കണം അമ്മ പറഞ്ഞ ചക്രവാളത്തിനപ്പുറത്തെ ആ ലോകം. ഒരു നാള്‍ കൊടും ദാഹങ്ങളെ അതിജയിച്ച് റയാന്‍ ആ കവാടത്തിലെത്തിച്ചേരും.

അമ്മയുടെ മരണശേഷം ഒറ്റപ്പെട്ട് താമസിക്കുന്ന, പതിനാലുകാരനായ റയാന്റെ ഓര്‍മകളിലൂടെയാണ് ബോപെം മുന്നോട്ട് പോകുന്നത്. അഞ്ച് വയസ്സുള്ളപ്പോള്‍ ഇതുപോലെ അമ്മയുടെ കൈയും പിടിച്ച് നടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു കാര്‍ വന്നിടിച്ച് അമ്മ മരിച്ചു പോയി.

റയാനെക്കൂടാതെ അവന്റെ അമ്മയും ഏതാണ്ട് പൂര്‍ണമായും മരിച്ചു കഴിഞ്ഞ ആരാല്‍ കടലും കടലൊഴിഞ്ഞിടത്ത് അവന്‍ കണ്ടെത്തുന്ന, തകര്‍ന്ന് തുരുമ്പെടുത്തു തീരാറായ, പഴയ സോവിയറ്റ് യൂനിയന്റെ ഒരു കപ്പലുമാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരെക്കൂടാതെ മദ്യപിച്ച് അലസജീവിതം നയിക്കുന്ന അച്ഛനെയും അച്ഛന്റെ സഹോദരിയെയും അവന്റെ തന്നെ കൂട്ടുകാരെയും അയല്‍പക്കത്തെ പെണ്‍കുട്ടിയെയും മറ്റുമൊക്കെ നമ്മള്‍ ഇടയ്ക്ക് കാണുന്നുണ്ടെന്നു മാത്രം. സുദീര്‍ഘമായ ഷോട്ടുകളാണ് ചിത്രത്തിന്റേത്. അതേസമയം അവ മനോഹരവുമാണ്. പ്രകൃതിയിലുണ്ടാകുന്ന ചെറുചലനങ്ങളെ വരെ ഇസബയേവയുടെ കാമറ ഒപ്പിയെടുക്കുന്നുണ്ട്.

 

 

BOPEM 4

 

 

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അഗാധതയും എന്നാല്‍ ലാഭക്കൊതി മൂത്ത് ആ ബന്ധം പൊട്ടിച്ചെറിഞ്ഞ മനുഷ്യന്റെ പ്രവൃത്തികളുടെ പ്രത്യാഘാതവും ആരാല്‍ കടലിന്റെ സാന്നിധ്യത്തിലൂടെ ചിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒപ്പം പഴയ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ അനുഭവിക്കുന്ന രാഷ്ട്രീയ മാനുഷിക പ്രതിസന്ധികളെക്കുറിച്ചുള്ള വിചാരങ്ങളും ഇതില്‍ നാം അനുഭവിക്കുന്നു. ചിത്രത്തിന്റെ അവസാനത്തിലാകട്ടെ, ഒരിക്കല്‍ ആ കപ്പലില്‍ നിന്ന് കിട്ടിയിരുന്ന, കീറിപ്പറിഞ്ഞ സോവിയറ്റ് പതാക കൂട്ടിത്തുന്നി അതിന്റെ കൊടിമരത്തില്‍ കെട്ടി ഒരു സങ്കല്‍പയാത്ര നടത്തുകയാണ് റയാന്‍. കൊടി വിജയത്തിന്റെ അടയാളമാണെന്ന് അമ്മ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്. അതേസമയം എന്തിനാണ് ഈ കൊടി തന്നെ എന്ന ചോദ്യത്തിന് അവന്റെ മറുപടി മറ്റൊന്നും കിട്ടാത്തതു കൊണ്ട് എന്നാണ്. സോവിയറ്റ് കൊടി കെട്ടിയ യാത്രയും റയാന്റെ ഈ മറുപടിയുമെല്ലാം സിനിമയുടെ രാഷ്ട്രീയ പ്രസ്താവനകളായിത്തീരുന്നു.

എന്നാല്‍ അവന്റെ യാത്ര അവിടെ നിന്ന് മറ്റൊരു മാനത്തിലേക്ക് പോകുന്നുമുണ്ട്. കപ്പലിന്റെ മുകളില്‍ നിന്ന് അവന്‍ കൈയും വിടര്‍ത്തി പറന്നു. അവിടെ നിന്നും വീണ റയാന്‍ അഞ്ചു വയസ്സുകാരനായി റയാന്‍ കവാടത്തിനപ്പുറം ചക്രവാളത്തിനപ്പുറത്തുള്ള ലോകത്തില്‍ അമ്മയുടെ പിന്നിലേക്ക് ഉണരുകയും ചെയ്തു.

മാരകമായ ട്യൂമര്‍ പിടിപെട്ട റയാന്‍ പണമോ സഹായമോ ഇല്ലാത്തതിനാല്‍ മരണം ഉറപ്പിച്ചതോടെ അമ്മയെ പണ്ട് ഇടിച്ചിട്ട വാഹനത്തിലുണ്ടായിരുന്ന ഓഫീസറെയും അയാളില്‍ നിന്ന് പണം വാങ്ങി കേസൊതുക്കാന്‍ സഹായിച്ച, മദ്യപനും മുരടനുമായ അച്ഛനെയും കൊന്നു കളഞ്ഞു. അങ്ങേയറ്റം പ്രകോപിതനായ ഒരു സന്ദര്‍ഭത്തില്‍ അച്ഛന്റെ സഹോദരിയെയും.

 

BOPEM 3

 

റയാനിലേക്കുള്ള റയാന്റെ യാത്ര. അതാകട്ടെ, നന്മകളിലൂടെയുള്ള യാത്ര തന്നെയാണെന്നും സിനിമ രേഖപ്പെടുത്തുന്നുണ്ട്. ബോപെം എന്ന സിനിമ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാചാലമാകുന്നു എന്നതോടൊപ്പം തന്നെ കാഴ്ചക്കാരന്റെ രാഷ്ട്രീയവും ആധ്യാത്മികവുമായ അവബോധങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്നു. അതീവഗഹനമാണ് ചിത്രത്തിലെ ദൃശ്യങ്ങള്‍. വളരെ സൂക്ഷ്മവും മൂര്‍ച്ഛയേറിയതുമായത്. തുടക്കത്തില്‍, ചുവന്ന പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു പൂന്തോപ്പിലൂടെ അമ്മയുടെ കൈ പിടിച്ച് ഫ്രെയിമിനകത്തേക്ക് കടന്നു വരുന്ന കൊച്ചു റയാനെയാണ് നമ്മള്‍ കാണുന്നതെങ്കില്‍ ചിത്രത്തിന്റെ അവസാനത്തില്‍ അതേ ദൃശ്യത്തില്‍ അതേ അമ്മയും റയാനും അനന്തതയിലേക്ക് നടന്നു പോകുകയാണ്. അതിനിടയില്‍ അവന്റെ ഒറ്റപ്പെടലുകള്‍, ജീവിതാനുഭവങ്ങള്‍, ഓര്‍മകള്‍, മനോവ്യാപാരങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും വളരെ മനോഹരമായ സിനിമ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss