|    Oct 24 Wed, 2018 4:41 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റയല്‍ റിട്ടേണ്‍സ്

Published : 15th September 2017 | Posted By: fsq

മാഡ്രിഡ്: സാന്റിയാഗോ ബെര്‍മാബ്യൂ മൈതാനത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇടവേളയ്ക്ക് ശേഷം  ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. അപ്പോയല്‍ നിക്കോസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പൂട്ടിക്കെട്ടിയാണ് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പുത്തന്‍ സീസണ്‍ അനശ്വരമാക്കിയത്. ഇരട്ടഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഇടിമിന്നല്‍ ഗോളും റയലിന്റെ ആദ്യ മല്‍സരത്തെ ഗംഭീരമാക്കി.4-3-3 എന്ന ശൈലിയില്‍ കളത്തിലിറങ്ങിയ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റ നിരയില്‍ ഗാരത് ബെയ്‌ലും റൊണാള്‍ഡോയും ഇസ്‌കോയും അണിനിരന്നപ്പോള്‍ 12ാം മിനിറ്റില്‍ തന്നെ റയല്‍ അക്കൗണ്ട് തുറന്നു. ഇടത് വിങില്‍ നിന്ന് ബെയ്ല്‍ നല്‍കിയ പാസിനെ മാര്‍ക്ക്  ചെയ്യാതെ നിന്ന റൊണാള്‍ഡോ അനായാസം വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ മല്‍സരത്തിന്റെ ആധിപത്യം റയലിനൊപ്പം  നിന്നെങ്കിലും ഒന്നാം പകുതിയില്‍ വീണ്ടും വലകുലുക്കാന്‍ റയലിനായില്ല. ആവേശം നിറഞ്ഞ് നിന്ന രണ്ടാം പകുതിയിലെ 55ാം മിനിറ്റില്‍ റയല്‍ ലീഡുയര്‍ത്തി. ഇടത് വിങില്‍ നിന്ന് ബെയ്ല്‍ കൊടുത്ത പാസ് പെനല്‍റ്റി ബോക്‌സില്‍ നിന്ന അപ്പോയല്‍ താരത്തിന്റെ ഷോള്‍ഡറിലാണ് തട്ടിയതെങ്കിലും ഹാന്‍ഡ് ബോള്‍ വിളിച്ച റഫറി റയലിന് പെനല്‍റ്റിയും അനുവദിച്ചു. കിക്കെടുത്ത റൊണാള്‍ഡോയുടെ കാലുകള്‍ക്ക് ലക്ഷ്യം പിഴക്കാതെ വന്നപ്പോള്‍ 51ാം മിനിറ്റില്‍ 2-0ന് റയല്‍ മുന്നില്‍.  രണ്ടാം പകുതിയില്‍ റൊണാള്‍ഡോ ഒരിക്കല്‍കൂടി വലതുളച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.ഗോള്‍മടക്കാനുള്ള അപ്പോയലിന്റെ ശ്രമങ്ങളെല്ലാം മാഴ്‌സലോയും റാമോസും നാച്ചോയും കര്‍വാജലും അണിനിരന്ന റയലിന്റെ പ്രതിരോധ നിരയില്‍ തട്ടിതകര്‍ന്നു. 61ാം മിനിറ്റില്‍ അപ്പോയലിന്റെ ചങ്കില്‍ അവസാന ആണി റയല്‍ നായകന്‍ റാമോസും തറച്ചു. മാഴ്‌സലോ ഇടത് വിങില്‍ നിന്ന് നല്‍കിയ പാസ് വലത് വിങില്‍ നിന്ന് ബെയ്‌ലിന്റെ തലയില്‍ തട്ടി ഉയര്‍ന്നപ്പോള്‍ മനോഹരമായ സിസര്‍ കട്ടിലൂടെ റാമോസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയത്തോടെ പുത്തന്‍ സീസണിലെ അരങ്ങേറ്റം റയല്‍ വീരോചിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss