|    Sep 25 Tue, 2018 10:48 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റയല്‍ മാഡ്രിഡ് വീണ്ടും യൂറോപ്പ് കാല്‍പന്തിന്റെ രാജാധിരാജയായി

Published : 5th June 2017 | Posted By: fsq

കാര്‍ഡിഫ്: ഇതില്‍ പരം എന്തു പറയണം? റയല്‍ മാഡ്രിഡ് വീണ്ടും യൂറോപ്പ് കാല്‍പന്തിന്റെ രാജാധിരാജയായി. അത്രമേല്‍ സുന്ദരമായ മല്‍സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ പൊരുതിക്കീഴടങ്ങിയപ്പോള്‍ ഭാഗ്യവും ചരിത്രവും സിനദിന്‍ സിദാന്റെയും പിള്ളേരുടെയും ഒപ്പം നിന്നു. ചരിത്രം പിറന്ന രാത്രിയില്‍ കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ വെള്ളപ്പട കിരീടം നിലനിര്‍ത്തിയപ്പോള്‍ കാല്‍പന്തിന്റെ ഇതിഹാസം എന്ന നാമധേയത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇരട്ടഗോള്‍ പായിച്ച് ക്രിസ്റ്റ്യാനോ റയലിനെ ജയത്തിലേക്ക് നയിച്ചപ്പോള്‍ കസെമിറോയും അസെന്‍സ്യോയും അദ്ദേഹത്തിന് തുണ നല്‍കി. അങ്ങനെ, സിദാന്റെ ചാണക്യ തന്ത്രത്തില്‍ റയല്‍ ഒരിക്കല്‍ കൂടി കിരീടം ബെര്‍ണബുവില്‍ എത്തിച്ചു. തുടര്‍ച്ചയായി രണ്ട് തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടുന്ന ടീമെന്ന നേട്ടത്തിനൊപ്പം യൂറോപിന്റെ കാല്‍പന്ത് രാജാക്കന്മാരായി റയല്‍ കാര്‍ഡിഫ് വിട്ടപ്പോള്‍ ലോകം ഒന്നടങ്കം പാടി: ഹാലാ മാഡ്രിഡ്….വിജയം കണ്ടത് സിദാന്റെ ചാണക്യതന്ത്രം3-4-1-2 ഫോര്‍മാറ്റില്‍ അല്ലെഗ്രി ബ്ലാക്ക് ആന്റ് വൈറ്റ്‌സിനെ വിന്യസിച്ചപ്പോള്‍ 4-3-3 എന്ന പതിവ് ഫോര്‍മാറ്റില്‍ തന്നെ സിദാന്‍ തന്ത്രം മെനഞ്ഞു. സ്വന്തം നാട്ടില്‍ നടന്ന മല്‍സരത്തില്‍ ഗാരെത് ബെയ്‌ലിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി, റൊണാള്‍ഡോ- ബെന്‍സെമ എന്നിവര്‍ക്ക് കൂട്ടായി ഇസ്‌കോയെ ഇറക്കി. പതിവ് മധ്യ, പ്രതിരോധ നിരകള്‍. അപ്പുറത്ത് മാന്റുകിച്ചും ഹിഗ്വെയ്‌നും മുന്നേറ്റത്തില്‍ നിന്ന് നയിച്ചു. ഒന്നാം പകുതിയില്‍ ഒപ്പത്തിനൊപ്പം പൊരുതുന്ന രണ്ടു ടീമുകളെയാണ് ഗ്രൗണ്ടില്‍ കണ്ടത്. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ആരാധകര്‍ ആവേശക്കൊടുമുടി കയറി. ആക്രമണണത്തില്‍ മുന്‍തൂക്കം ഇറ്റാലിയന്‍ പടയ്ക്കായിരുന്നു. എന്നാല്‍, ആദ്യഗോള്‍ റയലിന്. റൊണാള്‍ഡോയുടെ ഗോളില്‍ മുന്‍തൂക്കം നേടിയ റയലിന് മാന്റുകിച്ച് മറുപടി നല്‍കിയപ്പോള്‍ ആദ്യപകുതി 1-1 സമനിലയില്‍ അവസാനിച്ചു. സിദാന്‍ ഉപദേശിച്ചു കൊടുത്ത തന്ത്രം പയറ്റുന്ന റയലിനെയാണ് രണ്ടാംപകുതിയില്‍ കണ്ടത്. സര്‍വശക്തിയുമെടുത്ത് അവര്‍ ആഞ്ഞു ശ്രമിച്ചപ്പോള്‍ യുവന്റസ് നിര തകര്‍ന്നടിഞ്ഞു. ഇടയ്ക്ക് പരുക്കന്‍ കളി പുറത്തെടുത്ത യുവന്റസിന് കനത്ത തിരിച്ചടിയായി ക്വാര്‍ഡാഡോയുടെ ചുവപ്പുകാര്‍ഡ്. ഓരോ ഗോള്‍ വഴങ്ങുമ്പോഴും കരുത്ത് ചോര്‍ന്ന യുവന്റസ് നിരയിലേക്ക് പകരക്കാര്‍ ഇറങ്ങിയിട്ടും രക്ഷയുണ്ടായിരുന്നില്ല. അതേസമയം, ഗാരെത് ബെയ്‌ലിനെയടക്കം ബെഞ്ചിലിരുന്നവരെ സിദാന്‍ കളത്തില്‍ വിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss