|    Jan 20 Sat, 2018 9:05 am

റമദാന്‍ വിടപറയുമ്പോള്‍

Published : 24th June 2017 | Posted By: fsq

റമദാന്‍ വിടപറയുന്നു. ഇഷ്ടവിനോദങ്ങളെ വാരിപ്പുണര്‍ന്നും താല്‍പര്യങ്ങളുടെ അടിമത്തം പേറിയും പൊതുജീവിതത്തില്‍ നിരുത്തരവാദിയായും ആയുസ്സ് തള്ളിനീക്കാന്‍ ശ്രമിച്ചവര്‍ പോലും റമദാന്റെ സാമീപ്യത്താല്‍ തിരുത്തലുകള്‍ക്ക് വിധേയരാക്കപ്പെട്ടു. ചിന്താരംഗത്തും കര്‍മരംഗത്തും ലക്ഷ്യനിര്‍ണയത്തിലും അതിന്റെ ഇടപെടലുകള്‍ അതുല്യമാണ്. ജീവിതം വഴിമുട്ടിയെന്നു തോന്നിയവര്‍ക്ക് അത് വഴികാട്ടിയായി. സ്രഷ്ടാവുമായി ബന്ധം പുലര്‍ത്താന്‍ ഇടനിലക്കാര്‍ ഇല്ലാതെ സാധ്യമാവുമെന്ന തിരിച്ചറിവിലൂടെ ആത്മവിശ്വാസം നേടാന്‍ ജീവിതത്തിന്റെ തുടര്‍സമയങ്ങളില്‍ ഈ പരിവര്‍ത്തനത്തിന്റെ കാത്തുസൂക്ഷിപ്പിന് പലപ്പോഴും പലര്‍ക്കും സാധ്യമാവുന്നില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് വിലപിടിപ്പുള്ളതെല്ലാം മൂലധനമാക്കി കച്ചവടം ചെയ്ത് ലാഭം കൊയ്ത ധൂര്‍ത്തന്റെ സ്ഥിതിയിലാണ് അവര്‍. അല്ലാഹുവില്‍ വിശ്വാസം ഉറപ്പിച്ച് അവന്റെ അടിമയാണെന്ന ബോധം സൃഷ്ടിച്ച് അനുസരണത്തിന്റെ ശീലം എന്ന ഈമാനും പ്രവാചക നേതൃത്വത്തോട് കൂറു പ്രഖ്യാപിച്ച് ആ മാര്‍ഗത്തെ ജീവിതനിയമമായി തിരഞ്ഞെടുത്ത് സല്‍ക്കര്‍മകാരിയായി മാറി എന്ന അമലുസ്വാലിഹാത്തും’മതസ്വാതന്ത്ര്യത്തിനും ആദര്‍ശജീവിതത്തിനും സാധ്യമാവുന്ന സാമൂഹിക നിര്‍മിതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഗുണപാഠം പകര്‍ന്നുകിട്ടിയ ബദ്ര്‍ ചരിത്രത്തിന്റെ ജിഹാദും റമദാനില്‍ വിശ്വാസി നടത്തിയ കച്ചവടത്തിന്റെ മൂലധനങ്ങളാണ്. ഇത് നാം ധൂര്‍ത്തടിക്കരുത്. ഇതൊരു തിരിച്ചറിവാണ്. സമകാലിക സ്ഥിതി സാഹചര്യങ്ങളില്‍ ഭീരുവായും ഒളിച്ചോട്ടക്കാരനായും മാറിനില്‍ക്കല്‍ റമദാന്‍ നല്‍കിയ ലാഭങ്ങളെ നിന്ദിക്കലാണ്. പ്രതിസന്ധികളിലും പ്രയാസങ്ങളിലും ആടിയുലയുന്നവനാവാന്‍ പാടില്ല. അധികാര-ആധിപത്യ ശക്തികള്‍ ഉന്‍മൂലനത്തിന് കാര്‍മികത്വം വഹിക്കുമ്പോള്‍ ആദര്‍ശം മുറുകെപ്പിടിച്ച് സത്യം ഉറക്കെ പ്രഖ്യാപിച്ച് സമര്‍പ്പിതനാവാന്‍ സാധ്യമാവണം. ഇസ്‌ലാമിനെ പ്രതിയാക്കി വിശ്വാസികളെ വേട്ടയാടി തിന്മയുടെ ഏകാധിപത്യ ശ്രമത്തിനു വിഘാതം സൃഷ്ടിക്കാന്‍ എനിക്ക് കഴിയും എന്ന ഓര്‍മ മരിക്കരുത്. ലക്ഷ്യസാക്ഷാത്കാരമായ സ്വര്‍ഗപ്രാപ്തിക്ക് തന്റെ ഇച്ഛകളും താന്‍ കെട്ടിപ്പടുത്ത സംവിധാനങ്ങളും താന്‍ നേടിയ സ്വാധീനങ്ങളും സ്തുതിപാടുന്ന അണികളും ആനന്ദം നല്‍കുന്ന ഗൃഹാതുരത്വവും തടസ്സമാവാന്‍ പാടില്ല എന്ന ഉത്തമബോധ്യം കാത്തുസൂക്ഷിക്കണം. അംഗസംഖ്യയുടെ കണക്കെടുപ്പ് നടത്തി ആദര്‍ശസമൂഹത്തിന്റെ ജീവിതാവകാശത്തെ ചോര്‍ത്തിക്കളയുന്ന സാമ്പ്രദായികതയോടുള്ള വിയോജിപ്പിന്റെ വിജയമായിരുന്നു ബദ്ര്‍. ഇത് മറക്കാതിരിക്കുക. വ്രതത്തിന്റെ ലക്ഷ്യം തഖ്‌വയാണെന്ന അല്ലാഹുവിന്റെ കല്‍പന ഈ നിലയിലാണ് അര്‍ഥമുള്ളതാവുന്നത്. ചുരുക്കത്തില്‍, നിര്‍ഭയത്വവും ആത്മവിശ്വാസവും അതിജീവനശേഷിയും നേടിത്തന്ന റമദാന്‍ ജീവിതത്തിലെ നമ്മുടെ ആത്മീയ നായകത്വമാണ് നിര്‍വഹിച്ചത്. അത് അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും മുന്നോട്ടുപോവാന്‍ സാധ്യമാവണം. ഈമാനും സല്‍ക്കര്‍മങ്ങളും പോരാട്ടവീര്യവും ചേര്‍ന്ന കച്ചവട മൂലധനത്തെ ഒരിക്കലും ധൂര്‍ത്തടിച്ച് നഷ്ടപ്പെടുത്താതിരിക്കണം. ഇത്തരം പ്രതിജ്ഞയോടെ വേദനയോടെ എങ്കിലും റമദാന് വിടപറയാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day