|    Dec 11 Tue, 2018 5:15 pm
FLASH NEWS
Home   >  Districts  >  Alappuzha  >  

റമദാന്‍ വഅളുകള്‍

Published : 20th May 2018 | Posted By: kasim kzm

ഡോ. മുഹമ്മദ് അയ്യാശ് കുബൈസി

റമദാന്‍ സമാഗതമാവുന്നതോടെ വഅളുകളും (മതപ്രഭാഷണങ്ങള്‍) സജീവമാവുകയായി. എന്നാല്‍, ഈ വഅളുകളില്‍ മിക്കവയും അതിശയോക്തികള്‍ നിറഞ്ഞതായിരിക്കും. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പിന്തുണയും അവയ്ക്കുണ്ടാവില്ല. അറബ് നാടുകളില്‍ ഇതോടൊപ്പം സജീവമാവുന്ന മറ്റൊരു പ്രവണതയാണ് സീരിയലുകളുടെയും ഫിലിമുകളുടെയും കുതിച്ചുചാട്ടം. അങ്ങനെ ചിലര്‍ക്ക് റമദാന്‍, കളി വിനോദങ്ങളുടെ ഉല്‍സവ പ്രഹര്‍ഷമാവുന്നു; മറ്റു ചിലര്‍ക്കാവട്ടെ ആരാധനാഗേഹങ്ങളിലേക്ക് ഉള്‍വലിഞ്ഞുകൊണ്ടുള്ള സന്ന്യാസ സീസണും!
റമദാനെ സ്വാഗതം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചിലര്‍ നടത്തുന്ന മതപ്രഭാഷണങ്ങള്‍ കേട്ടാല്‍ നമ്മളൊക്കെ ഏതോ യുദ്ധത്തിനൊരുങ്ങാന്‍ പോവുകയാണെന്നാണു തോന്നുക. ഇനി ഒരു നിമിഷംപോലും പാഴായിപ്പോവരുത്. സുഹൃദ്‌സന്ദര്‍ശനവും ക്ഷണങ്ങളുമൊന്നും അരുത്. സന്ദര്‍ശനം നടത്താനോ സന്ദര്‍ശകരെ സ്വീകരിക്കാനോ ഒന്നും പാടില്ല. പകല്‍ മുഴുവന്‍ ഖുര്‍ആന്‍ പാരായണം. രാത്രി മുഴുനീള നമസ്‌കാരം. ഈ ഇനത്തില്‍ ഏറ്റവുമൊടുവില്‍ ഒരു പ്രബോധകയുടെ വാക്കുകളാണ് എനിക്കു കേള്‍ക്കാനായത്. സ്ത്രീകളെ ഉത്തേജിതരാക്കി അവര്‍ പ്രസംഗിക്കുകയാണ്: അത്താഴത്തിനും നോമ്പ് തുറയ്ക്കും വേണ്ടിയുള്ള അടുക്കളപ്പണിയൊക്കെ ഇനി നിര്‍ത്തിവയ്ക്കണം. റമദാനില്‍ ഇതൊക്കെ നിഷ്ഠയോടെ പാലിച്ചാല്‍ റമദാനുശേഷം പിന്നെ അതു മറന്നുപോവരുതെന്ന ഉപദേശമാണ് ഇതിലും വലിയ മുസീബത്ത്. കാരണം, അല്ലാഹു കാക്കട്ടെ, റമദാന്‍ ഉപാസകരുടെ ലക്ഷണമാണത്രെ അത്.
ഇതു മാത്രമോ? പെണ്ണുങ്ങള്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോവരുതുപോല്‍. ഒരു മതോപദേശകയെ ഉദ്ധരിച്ച് ഒരു വിദ്യാര്‍ഥിനി എന്നോടു പറഞ്ഞതാണിത്. മക്കയിലോ മദീനയിലോ പോയാല്‍ മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യം ഹോട്ടലിലോ ഫഌറ്റിലോ നമസ്‌കരിക്കുന്നതാണെന്നു പോലും ആ ഉപദേശിനി പറയുകയുണ്ടായത്രെ!
മതപ്രമാണങ്ങളില്‍ നിന്നു സന്ദര്‍ഭം നോക്കാതെ ചിലത് അടര്‍ത്തിയെടുത്ത് അങ്ങേയറ്റം അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിക്കുകയാണ് ഇക്കൂട്ടര്‍. ഇവര്‍ പറയുംമട്ടില്‍ ഇതൊക്കെ നടപ്പാക്കിയാല്‍ കുടുംബത്തിലെ മുതിര്‍ന്നവരുടെയും ചെറുപ്പക്കാരുടെയുമൊക്കെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാന്‍ ആലോചിച്ചുപോയത്. കുട്ടികള്‍ റമദാനെക്കുറിച്ച് എന്തായിരിക്കും മനസ്സിലാക്കുക! മുതിര്‍ന്നവരൊക്കെ ഖുര്‍ആന്‍ ആദ്യാവസാനം ഓതുന്ന മല്‍സരത്തില്‍ മുഴുകിയാല്‍ കുട്ടികള്‍ എങ്ങനെ സമയം കഴിച്ചുകൂട്ടും.
ഒരിക്കല്‍ റമദാന്‍ ഒരുക്കങ്ങളെ സംബന്ധിച്ച് ഞാന്‍ സ്ത്രീകള്‍ക്ക് ഒരു ക്ലാസെടുക്കുകയായിരുന്നു. ഞാന്‍ അവരോടു പറഞ്ഞു: “”സഹോദരിമാരേ, പരോക്ഷമായ ഒരു ഇബാദത്തിനെക്കുറിച്ചാണ് ഞാന്‍ നിങ്ങളോടു പറയാന്‍ പോവുന്നത്. ചിന്തയെന്ന ഇബാദത്താണത്. ഒരു തവണ പോലും എന്താണ് ആശയമെന്നു മനസ്സിലാക്കാതെ പലവട്ടം ഖുര്‍ആന്‍ മുഴുവന്‍ ഓതുന്നതു ശരിയല്ല.’’ അപ്പോള്‍ അവരുടെ ചോദ്യം: “”റമദാനിലും ഇതു പറ്റില്ലേ ഡോക്ടര്‍?’’
സഹോദരാ, അത്യാവശ്യത്തിനല്ലാതെ ടിവി ഓണ്‍ ചെയ്യാതിരിക്കുക. പോക്കറ്റില്‍ കൊണ്ടുനടക്കുന്ന ആ മായിക ഉപകരണവും പ്രവര്‍ത്തിപ്പിക്കാതിരിക്കുക. അങ്ങാടിയില്‍ വല്ലാതെ ചുറ്റിക്കറങ്ങുന്നതും ഉപേക്ഷിക്കുക. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ വീട്ടുകാരുമതെ. വീട്ടുകാരോടൊപ്പം ഇരിക്കാന്‍ പ്രത്യേക സമയം കണ്ടെത്തുക. നബിചരിതം, നബി പത്‌നിമാരുടെയും സഹാബിമാരുടെയും ജീവിതം എന്നിവയില്‍ നിന്നു ചില പേജുകള്‍ അവര്‍ക്കു വായിച്ചുകൊടുക്കുക. നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ ആരോഗ്യദായകവും സ്വാദിഷ്ടവും വൈവിധ്യമാര്‍ന്നതുമായിരിക്കട്ടെ. എന്നാല്‍, അത് അമിതമാവുകയുമരുത്. ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ച് എല്ലാ രാവിലും ഭാര്യാ സന്തതികള്‍ക്കൊപ്പം നമസ്‌കാരത്തിനായി പള്ളിയിലേക്കു പുറപ്പെടുക. വൃത്തിയും വെടിപ്പുമുള്ള മസ്ജിദ് തിരഞ്ഞെടുക്കുക. മധുരസ്വരമുള്ള ഇമാം പ്രാര്‍ഥന നയിക്കുന്ന മസ്ജിദായിരിക്കട്ടെ അത്. പ്രാര്‍ഥന കഴിഞ്ഞാല്‍ ധൃതി പിടിച്ചു പള്ളിയില്‍ നിന്നു പുറത്തു പോവാതിരിക്കുക. കാലങ്ങളായി കാണാത്ത താങ്കളുടെ സുഹൃത്ത് അവിടെ ഉണ്ടായേക്കാം. തമ്മില്‍ തമ്മില്‍ മുഷിച്ചിലിനിടയായ ഏതെങ്കിലും സഹോദരനുമുണ്ടാവാം. വിട്ടുവീഴ്ചയ്ക്കും സ്‌നേഹപാശം വീണ്ടും മുറുക്കിക്കെട്ടാനുമുള്ള അവസരമാണിത്. വീട്ടില്‍ മടങ്ങിയെത്തിയാല്‍ അല്‍പനേരം വെടിപറഞ്ഞിരിക്കുക. നിങ്ങള്‍ നമസ്‌കരിക്കാന്‍ പോയ പള്ളി, അതിന്റെ നിര്‍മാതാവ്, ചരിത്രം എന്നിവയൊക്കെയാവാം ഈ സംസാരവിഷയം. പിന്നെ മടുപ്പും ക്ലേശവുമില്ലാതെ അര്‍ധരാത്രി പ്രാര്‍ഥനയ്‌ക്കൊരുങ്ങുക. റമദാന്‍ ഇബാദത്തും ആനന്ദകരവുമാക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss