|    Jan 19 Thu, 2017 3:54 am
FLASH NEWS

റമദാന്‍: തുറക്കപ്പെടുന്ന കവാടങ്ങള്‍

Published : 6th June 2016 | Posted By: mi.ptk

ramadan

ഉബൈദ് തൃക്കളയൂര്‍
മൃഗങ്ങളില്‍നിന്നും മനുഷ്യനെ വേര്‍തിരിക്കുന്നത് ആത്മീയഭാവമാണ്്. ഭൗതികതയുടെ പ്രലോഭനങ്ങളാലും ആകര്‍ഷണീയതകളാലും സ്വാധീനിക്കപ്പെടുന്ന മനുഷ്യന് ആത്മീയത കൈമോശം വന്നുകൊണ്ടിരിക്കും. ആത്മീയതാരാഹിത്യത്തിന്റെ ഘട്ടത്തില്‍ മനുഷ്യനും മൃഗവും തമ്മില്‍ വ്യത്യാസമില്ലാതായിത്തീരുന്നു. ചിലപ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാളും അധപ്പതിക്കുന്നു.മനുഷ്യന്റെ വീഴ്ചകള്‍ പരിഹരിച്ച് അവന് ആത്മീയതയുടെ ഉന്നത ഗുണങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരമൊരുക്കിക്കൊണ്ട് സ്രഷ്ടാവ് മനുഷ്യന് നല്‍കുന്ന കാരുണ്യത്തിന്റെ എണ്ണപ്പെട്ട ദിനരാത്രങ്ങള്‍ ഇതാ വന്നെത്തിയിരിക്കുന്നു. അതെ, വിശ്വാസിക്ക് റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. മനുഷ്യന്, സ്രഷ്ടാവും നാഥനുമായ ദൈവത്തിലേക്ക് തിരിച്ചു ചെല്ലാനുള്ള അവസരം. വികല വിശ്വാസങ്ങളില്‍നിന്നും മുക്തി നേടുന്നതിന് ബുദ്ധിപരമായി പ്രവര്‍ത്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയും നന്മയിലേക്കും പുണ്യത്തിലേക്കും മനുഷ്യനെ വഴിനടത്തുകയും ചെയ്യുന്നു പുണ്യങ്ങളുടെ വസന്തകാലം. റമദാന്‍ മാസത്തെ സ്വാഗതം ചെയ്യുന്ന കാര്യത്തിലും മുഹമ്മദ് നബി മനുഷ്യര്‍ക്കു മാതൃകയാണ്.  വളരെ ആദരവോടെയായിരുന്നു വിശുദ്ധ റമദാന്‍ മാസത്തെ നബിതിരുമേനി വരവേറ്റിരുന്നത്.

അല്ലാഹുവിന്റെ സവിശേഷമായ ഒരു വിരുന്നായാണ് റമദാന്‍ മാസത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ആ വിരുന്നില്‍ പങ്കുകൊള്ളാന്‍ നേരത്തേതന്നെ ഒരുങ്ങാന്‍ അദ്ദേഹം അനുയായികളെ ശീലിപ്പിച്ചിരുന്നു. ഒരിക്കല്‍ റമദാന്‍ സമാഗതമായപ്പോള്‍ പ്രവാചകതിരുമേനി ഒരു ചെറുപ്രഭാഷണം നടത്തുകയുണ്ടായി: ”ജനങ്ങളേ, അനുഗ്രഹവും കാരുണ്യവും പാപമോചനവുമായി അല്ലാഹുവിന്റെ മാസം ഇതാ നിങ്ങളെ സമീപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍, മാസങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠതയുള്ള മാസമാണിത്. പകലുകളില്‍ ഏറ്റവും ശ്രേഷ്ഠം അതിന്റെ പകലുകളാണ്. രാത്രികളില്‍ ഏറ്റവും ശ്രേഷ്ഠം അതിന്റെ രാത്രികളാണ്. മണിക്കൂറുകളില്‍ ഏറ്റവും ശ്രേഷ്ഠം അതിന്റെ മണിക്കൂറുകളാണ്. ഈ മാസത്തില്‍ അല്ലാഹുവിന്റെ വിരുന്നിലേക്ക് നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു. അവന്റെ ആദരവ് അര്‍ഹിക്കുന്നവരില്‍ നിങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. ഇതില്‍ നിങ്ങളുടെ ശ്വാസോച്ഛ്വാസങ്ങള്‍ ദൈവകീര്‍ത്തനങ്ങളാണ്. ഉറക്കം ആരാധനയാണ്. ആ നാളുകളിലെ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതാണ്. അതിനാല്‍, നിങ്ങളുടെ നാഥനായ അല്ലാഹുവിനോട് ശുദ്ധ ഹൃദയത്തോടും ഉദ്ദേശ്യശുദ്ധിയോടുംകൂടി നിങ്ങള്‍ ചോദിക്കുക. ഈ മാസത്തില്‍ വ്രതമനുഷ്ഠിക്കാനും വിശുദ്ധ ഗ്രന്ഥം വായിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ.

ramadan-1വിശുദ്ധമായ ഈ മാസത്തില്‍ അല്ലാഹുവിങ്കല്‍നിന്ന് പാപമുക്തി ലഭിക്കാത്തവരുണ്ടെങ്കില്‍ അവരാണ് മഹാ നിര്‍ഭാഗ്യവാന്മാര്‍! ഉയിര്‍ത്തെഴുന്നേല്‍പു ദിവസത്തിലെ വിശപ്പും ദാഹവും ഓര്‍ത്ത് നിങ്ങള്‍ ഈ മാസത്തില്‍ വിശപ്പും ദാഹവും അനുഭവിക്കുക. അഗതികള്‍ക്കും ദരിദ്രര്‍ക്കും ദാനധര്‍മങ്ങള്‍ നല്‍കുക. വലിയവരെ  ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക. കുടുംബബന്ധം പുലര്‍ത്തുക. നാവിനെ സൂക്ഷിക്കുക. കാണാന്‍ പാടില്ലാത്തതിന്റെ നേരെ കണ്ണുയര്‍ത്താതിരിക്കുക. കേള്‍ക്കാന്‍ പാടില്ലാത്തവയ്ക്ക് ചെവികൊടുക്കാതിരിക്കുക. നിങ്ങള്‍ അനാഥരോട് അനുകമ്പ കാണിച്ചാല്‍, നിങ്ങളുടെ മക്കള്‍ അനാഥരാവുകയാണെങ്കില്‍ അവര്‍ക്കും അനുകമ്പ ലഭിക്കും. പാപമോചനത്തിനായി അല്ലാഹുവിനോട് അപേക്ഷിക്കുക. നമസ്‌കാര വേളകളില്‍ അവനോട് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുക. ഏറ്റവും അനുയോജ്യമായ സമയമതാണ്. അല്ലാഹു അവന്റെ ദാസന്മാരെ കടാക്ഷിക്കുന്ന സമയമാണത്. താനുമായി സംവദിക്കുന്നവരോട് അവന്‍ പ്രതികരിക്കും. വിളിക്കുന്നവരുടെ വിളി അവന്‍ കേള്‍ക്കും. ചോദിക്കുന്നവര്‍ക്കു കൊടുക്കും. പ്രാര്‍ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കും. ”ജനങ്ങളേ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. പാപമോചനം അഭ്യര്‍ഥിച്ചുകൊണ്ട്, അവയെ മുക്തമാക്കുക, നിങ്ങളുടെ മുതുകുകള്‍ പാപഭാരം താങ്ങുന്നു. നീണ്ട സാഷ്ടാംഗങ്ങള്‍വഴി അവയുടെ ഭാരം കുറയ്ക്കുക. സാഷ്ടാംഗം ചെയ്ത് നമസ്‌കരിക്കുന്നവരെ ശിക്ഷിക്കുകയില്ലെന്നും അവര്‍ക്ക് നരകശിക്ഷയില്‍നിന്നും വിടുതല്‍ ലഭിക്കുമെന്നും അല്ലാഹു അവന്റെ മഹത്വത്തിന്റെ പേരില്‍ ഉറപ്പുതന്നിരിക്കുന്നു.””ജനങ്ങളേ, ഈ മാസത്തില്‍ നിങ്ങളിലാരെങ്കിലും ഒരു സത്യവിശ്വാസിയെ നോമ്പു തുറപ്പിച്ചാല്‍ അല്ലാഹുവിന്റെയടുക്കല്‍ അതയാള്‍ക്ക്, ചെയ്തുപോയ പാപങ്ങളില്‍നിന്നും മോചനം കിട്ടാനുള്ള മാര്‍ഗമായിത്തീരും.” ആരോ നബിയോട് ആരാഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ എല്ലാവര്‍ക്കും അതിനു കഴിവില്ലല്ലോ? നബി തിരുമേനി പറഞ്ഞു: ”ഒരു കാരക്കയുടെ ചീന്താണുള്ളതെങ്കില്‍ അതുകൊണ്ട്, അതല്ലെങ്കില്‍, ഒരു ഇറക്ക് വെള്ളംകൊണ്ടെങ്കിലും നരകത്തില്‍നിന്ന് രക്ഷ നേടാന്‍ നിങ്ങള്‍ പ്രയത്‌നിക്കുക.””ജനങ്ങളേ, ഈ മാസത്തില്‍ സ്വഭാവം നന്നാക്കുന്നവര്‍ക്ക് സ്വിറാത്തിലൂടെ കാലിടറാതെ കടന്നുപോവാം. കീഴില്‍ കഴിയുന്നവര്‍ക്ക് ഭാരം കുറച്ചുകൊടുക്കുന്നവന് അല്ലാഹുവിന്റെയടുക്കല്‍ വിചാരണ ലഘുവായിരിക്കും. ആരെയും ദ്രോഹിക്കാത്തവര്‍ക്ക് അല്ലാഹുവിന്റെ കോപം കാണേണ്ടിവരില്ല.

കുടുംബബന്ധം വിച്ഛേദിക്കുന്നവര്‍ക്ക് പരലോകത്ത് അല്ലാഹു അവന്റെ കാരുണ്യം നിഷേധിക്കും. ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹു നരകവിമുക്തി രേഖപ്പെടുത്തും. നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് ഇതര മാസങ്ങളിലേതിനേക്കാള്‍ എഴുപത് ഇരട്ടി പ്രതിഫലമുണ്ട്. എന്റെ പേരില്‍ കൂടുതലായി സ്വലാത്ത് ചൊല്ലിയാല്‍, വിചാരണനാളില്‍ അവരുടെ ത്രാസില്‍ സല്‍ക്കര്‍മങ്ങളുടെ തട്ടിന് അല്ലാഹു ഘനം കൂട്ടും. ഈ മാസത്തില്‍ ഖുര്‍ആനിലെ ഒരു സൂക്തം പാരായണം ചെയ്താല്‍, മറ്റ് മാസങ്ങളില്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലമുണ്ട്.”ജനങ്ങളേ,  ഈ മാസത്തില്‍ സ്വര്‍ഗ വാതിലുകള്‍ തുറന്നിടും. നിങ്ങളുടെ മുമ്പില്‍ അതൊരിക്കലും അടഞ്ഞുപോവാതിരിക്കാന്‍ പ്രാര്‍ഥിക്കുക. നരകവാതിലുകള്‍ അടച്ചിടും… നിങ്ങള്‍ക്കു വേണ്ടി അതൊരിക്കലും തുറക്കാതിരിക്കാന്‍ അല്ലാഹുവിനോട് തേടുക. ചെകുത്താന്മാര്‍ തടവിലാക്കപ്പെടും. അവര്‍ക്ക് നിങ്ങളുടെ മേല്‍ സ്വാധീനമുണ്ടാവാതിരിക്കാന്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക.” ഹസ്‌റത്ത് അലി പറയുന്നു: ”ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ… ഈ മാസത്തില്‍ ചെയ്യേണ്ട ഏറ്റവും ഉത്തമമായ നടപടികള്‍ ഏതെല്ലാമാണ്?” പ്രവാചകന്‍ തിരുമേനി അരുളി: അല്ലാഹുവിന്റെ വിലക്കുകള്‍ ശ്രദ്ധിച്ച് സൂക്ഷ്മതയോടെ ജീവിക്കുക.മുന്‍ സമുദായങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ ലക്ഷ്യം ‘തഖ്‌വ’ ലഭ്യമാക്കുകയാണെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. മരണാനന്തരം പുനഃസൃഷ്ടിക്കപ്പെടുമെന്നും പരലോകത്ത് ഇഹലോകത്തെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്നും ഭൗതിക ജീവിതത്തിലെ നന്മ-തിന്മകള്‍ക്കനുസരിച്ച് പരലോകത്ത് രക്ഷാ-ശിക്ഷകള്‍ ലഭിക്കുമെന്നും, അതിനെല്ലാം കഴിവുറ്റവനാണ് സ്രഷ്ടാവായ ദൈവമെന്നുമുള്ള ശക്തമായ വിശ്വാസവും ബോധവുമാണ് ‘തഖ്‌വ’. ശാരീരികേച്ഛകളേയും വികാരങ്ങളെയും നിയന്ത്രിച്ചുള്ള സൂക്ഷ്മതയാണ് തഖ്‌വയുടെ ഫലം. ഈ ബോധമുള്ളവരാണ് ജീവിത വിജയം നേടുന്നവര്‍. തഖ്‌വ നഷ്ടപ്പെടാനിടവരരുത്. അത് ജീവസ്സുറ്റതാക്കാനാണ് ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍.

ramadan-2ആത്മീയ ഉന്നതി നേടി സ്രഷ്ടാവിന്റെ തൃപ്തിക്കര്‍ഹനാവുകയും അങ്ങനെ നരകമുക്തിയും സ്വര്‍ഗ പ്രവേശവും സാധ്യമാക്കുക എന്ന ജീവിതലക്ഷ്യത്തില്‍നിന്നും മനുഷ്യന്‍ വഴിതെറ്റുന്നതിനെതിരേയുള്ള കാവലാണ് യഥാര്‍ഥത്തില്‍ വ്രതം. വ്രതം ഒരു പരിചയാവുന്നു. എന്ന് പ്രവാചകതിരുമേനി ഒരിക്കല്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. കള്ളം പറയലും അതുപോലെയുള്ള പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി, മനുഷ്യന്‍ പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ലെന്ന് നബിതിരുമേനിയുടെ താക്കീത്, വ്രതം ലക്ഷ്യപ്രാപ്തി സാധ്യമാക്കണമെന്ന് ഉണര്‍ത്തുന്നു. റമദാന്‍ ആഗതമായാല്‍ എത്രമാത്രം നന്മ ചെയ്യുക സാധ്യമാണോ അത്രയും നന്മ ചെയ്തു കൊള്ളുക. സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ മുഴുക്കെ നിങ്ങള്‍ക്കു വേണ്ടിയാണ് തുറന്നിട്ടിരിക്കുന്നത്. ദാനധര്‍മങ്ങളുടെ കവാടങ്ങള്‍, വ്രതാനുഷ്ഠാനത്തിന്റെ കവാടങ്ങള്‍, തൗബയുടെ കവാടങ്ങള്‍, പ്രാര്‍ഥനയുടെ കവാടങ്ങള്‍, ആരാധനകളുടെ കവാടങ്ങള്‍, നന്മയുടെ കവാടങ്ങള്‍… അങ്ങനെ മനുഷ്യന് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ നിരവധി കവാടങ്ങള്‍ തുറന്നുവയ്ക്കപ്പെട്ട മാസമാണ് റമദാന്‍. ഈ സുവര്‍ണാവസരമുപയോഗിച്ച് ഏതെങ്കിലുമൊരു കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. ഈ മാസത്തില്‍, തിന്മയിലേക്ക് വഴുതിവീഴാനുള്ള സാധ്യതകള്‍ കുറവാണ്. സാഹചര്യം നന്മയ്ക്കനുകൂലമാണ്. ലോകം മുഴുവനും നന്മയുടെ സുഗന്ധം വീശിയടിക്കുന്ന ദിനരാത്രങ്ങളുടേതാണ് റമദാന്‍. തിന്മചെയ്യാനല്ല റമദാന്‍ പ്രേരണ നല്‍കുന്നത്; നന്മ വര്‍ധിപ്പിക്കാനാണ്. തിന്മയെ അപേക്ഷിച്ച് ഒരു നന്മയ്ക്ക് എഴുപതും അതിലുമിരട്ടിയും പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നിട്ടും നരകത്തിലേക്കുള്ള വാതിലുകള്‍ നീ തള്ളിത്തുറക്കരുത്. ബന്ധനസ്ഥനാക്കപ്പെട്ട പിശാചിനെ നീ നിനക്കെതിരില്‍ കെട്ടഴിച്ച് വിടരുത്. ലൈലത്തുല്‍ ഖദ്ര്‍ എന്ന റമദാനിലെ ഒരു രാവിനെ ആയിരം മാസങ്ങളേക്കാള്‍ പുണ്യകരവും മഹത്തരവുമാക്കിയത് നിങ്ങളുടെ നരകമുക്തിക്കാണ്. റമദാന്‍ മാസം വന്നു കിട്ടിയിട്ടും ഇതൊന്നും ഗൗനിക്കാതെ പിശാചിനെ ഉറ്റ സുഹൃത്തായി വരിച്ച് നരകശിക്ഷയിലേക്ക് കുതിക്കുന്നവനേക്കാള്‍ ഭാഗ്യംകെട്ടവനായി ആരുമില്ലെന്ന പ്രവാചകവചനം ഒരു ഓര്‍മപ്പെടുത്തലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക