|    Apr 22 Sun, 2018 12:30 pm
FLASH NEWS

റമദാന്റെ ചങ്ങാതി!

Published : 8th June 2016 | Posted By: sdq

washing_feet
റഫീഖ് റമദാന്‍

രിക്കഞ്ഞിയുടെ സുഗന്ധവും മത്തിക്കറിയുടെ സ്വാദുമുണ്ട് എന്റെ നോമ്പോര്‍മകള്‍ക്ക്. നോമ്പു തുറക്കാനുള്ള ആ കാത്തിരിപ്പു തന്നെ ആസ്വാദ്യകരമാണ്. അടുക്കളയില്‍ നിന്ന് മൂക്കു തുളച്ചെത്തുന്ന സുഗന്ധം! ഉമ്മയുണ്ടാക്കുന്ന കറികള്‍ക്ക് ഇത്രയും രുചിയുണ്ടായിരുന്നോ എന്നു തോന്നും അപ്പോള്‍!
അത്താഴത്തിന് എന്തെങ്കിലും കഴിക്കല്‍ നോമ്പിന്റെ സുന്നത്താണ്. ഞങ്ങള്‍ പക്ഷേ വയറുമുട്ടെ ചോറു തിന്നുമായിരുന്നു. ആദ്യം താളിപ്പ് കറിയൊഴിച്ച്. ഇത് തേങ്ങ അരച്ചത് ചേര്‍ക്കാതെ ലളിതമായി ഉണ്ടാക്കുന്ന ചെരങ്ങ കറിയാണ്. അവസാന റൗണ്ടില്‍ പഴം കൂട്ടി ഒരു പിടുത്തമുണ്ട്. അതോടെ റാഹത്തായി. പിന്നെ ആമാശയത്തില്‍ ബാക്കിയുള്ള ഭാഗം വെള്ളം നിറയ്ക്കും. മൂത്രസഞ്ചിയിലൂടെ അധികമുള്ള ജലമത്രയും പ്രഭാതത്തോടെ തന്നെ പുറംതള്ളപ്പെടുമെന്ന ശാസ്ത്രമൊന്നും അന്ന് പിടിയില്ലായിരുന്നു. സുബ്ഹി ബാങ്ക് ഒഴുകിയെത്തുംവരെ തീറ്റ തുടരും.
വാഴക്കാട് അങ്ങാടിയില്‍ തന്നെ നാലു പള്ളികളുണ്ട്. ഓരോന്നിലും ബാങ്കുസമയം വ്യത്യാസപ്പെട്ടിരിക്കും. അവസാനത്തെ ബാങ്ക് തീരുംവരെ അത്താഴം കഴിക്കാം എന്നായിരുന്നു ഞങ്ങളുടെ വീട്ടിലെ കീഴ്‌വഴക്കം. മതപരമായി, കറുത്ത നൂലും വെളുത്ത നൂലും വേര്‍തിരിഞ്ഞ് മനസ്സിലാവുന്നതു വരെ കഴിക്കാം. അതിനായി ഇരുട്ടത്ത് നൂലു പിടിച്ചുനോക്കിയവരുമുണ്ട്. അത്താഴം വൈകിക്കുന്നതിലാണു പുണ്യമെന്ന് ഇസ്‌ലാമിലുണ്ട്.
അടുത്ത് പള്ളിയില്ലാത്തതിനാല്‍ വീട്ടില്‍ വച്ചു തന്നെ എല്ലാവരും ചേര്‍ന്ന് ജമാഅത്തായി സുബ്ഹി നമസ്‌കരിക്കും. പിന്നെ ഖുര്‍ആന്‍ പാരായണം. ഉപ്പ മധുരമായി ഓതുമായിരുന്നു. ജമാഅത്തിന്റെ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ശ്രുതി മധുരമായ ബാങ്കുവിളി ആളുകളെ ആകര്‍ഷിച്ച കഥ പിന്നീടെപ്പോഴോ പറഞ്ഞുകേട്ടിരുന്നു. പില്‍ക്കാലത്ത് കോളജ് പഠനകാലത്താണ് ഭംഗിയായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഞാനും അഭ്യസിച്ചത്. ഖുര്‍ആന്‍ ശ്രവണസുന്ദരമായി പാരായണം ചെയ്യണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്.
ഓത്തു കഴിഞ്ഞാല്‍ ഉറക്കമാണ്.
കൊച്ചു കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എങ്കിലും ആവേശം കൂടുതല്‍ അവര്‍ക്കായിരിക്കും. ശബ്ദം കേട്ടാല്‍
ഉണര്‍ന്ന് നോമ്പുനോല്‍ക്കാന്‍ വാശിപിടിക്കുമെന്നതിനാല്‍ അവരെ വിളിക്കാതെ മുതിര്‍ന്നവരെ മാത്രം വിളിച്ച് അത്താഴം വിളമ്പുകയായിരുന്നു വീട്ടിലെ രീതി. അതിനിടെ ഉണര്‍ന്നാലും നീ ഇന്ന് നോല്‍ക്കേണ്ട, ബാങ്കു കൊടുത്താലും നിനക്ക് തിന്നാം എന്നു പറയും.
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഉപ്പ മരിക്കുന്നത്. അര്‍ബുദമായിരുന്നു. കഴുത്തിലെ ചോരച്ച ആ മുഴ ഇന്നും ഓര്‍മയിലുണ്ട്. ഉപ്പയും ഉമ്മയും എട്ടാം വയസ്സിലേ പോയതിനാല്‍ ഇന്നും അവരുടെ ചിത്രം മങ്ങിയ ഓര്‍മയായേ മനസ്സിലുള്ളൂ. മതകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ഭക്തനായിരുന്നു ഉപ്പ. ചേന്ദമംഗല്ലൂരില്‍ അധ്യാപനവൃത്തി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കൈയില്‍ നല്ല മുഴുത്ത വാളമീനുണ്ടാവും. തറവാട്ടു സ്വത്തായ സ്വന്തം തോണിയില്‍ പോയി- പലപ്പോഴും വലിയ ജ്യേഷ്ഠനുമൊത്ത്- വലയെറിഞ്ഞ് മീന്‍ പിടിച്ച് വീട്ടിലെത്തുമ്പോഴേക്ക് മക്കളായ ഞങ്ങള്‍ ഉറക്കിനു വട്ടമിടുകയാവും. പുളയുന്ന മീനിനെ കാണുന്നതോടെ ഉറക്കം പമ്പ കടക്കും. കാഴ്ചയില്‍ പാമ്പുപോലിരിക്കുന്ന മഞ്ഞിലും മുഴുവുമെല്ലാമുണ്ടാവും. ഒന്നും വില്‍ക്കാനല്ല, കറിവച്ചു കഴിക്കാന്‍.

A dd
ഉപ്പ മരിച്ച് ഒരു വര്‍ഷത്തിനിടെ ഉമ്മയും പോയി. രക്തസമ്മര്‍ദ്ദമായിരുന്നു. പിന്നീട് ജ്യേഷ്ഠന്‍മാരുടെ കൂടെയായിരുന്നു. അതിനാല്‍ തന്നെ നോമ്പോര്‍മകളില്‍ അവരാണ് നിറഞ്ഞുനില്‍ക്കുന്നത്. സ്‌കൂള്‍- കോളജ് പഠനകാലം ഹോസ്റ്റലിലായതിനാല്‍ അന്യദേശക്കാരായ കൂട്ടുകാരുമൊത്താണ് കൂടുതല്‍ നോമ്പും തുറന്നിട്ടുള്ളത്. കൊടിയത്തൂരിലെ വാദിറഹ്മ അനാഥശാലയിലായിരുന്നു ആറാം ക്ലാസ് മുതല്‍. അവിടെ ഇഫ്താറിന് നല്ല പൊറോട്ടയോ പത്തിരിയോ ഒക്കെയായിരുന്നു. അവശ സഹമുറിയന്മാരുടെ വകയായി ഒന്നോ രണ്ടോ ചിലപ്പോള്‍ അധികമായി ലഭിച്ചെന്നു വരും. സുദീര്‍ഘമായ തറാവീഹ് നമസ്‌കാരത്തിനിടെ ഉറങ്ങിപ്പോയാല്‍ വാര്‍ഡന്റെ അടി ഉറപ്പായിരുന്നു. അഞ്ചാം ക്ലാസു മുതലേ ഞാന്‍ ഹോസ്റ്റലിലാണ്. ചേന്ദമംഗല്ലൂരിലെ ഹോസ്റ്റലിലായിരിക്കെ സുബ്ഹി നമസ്‌കാരത്തില്‍ സുജൂദ് ചെയ്ത് ഞാനുണരുന്നത് ഇമാം രണ്ടാം റക്അത്തിലെ സുജൂദിലെത്തുമ്പോഴാവും. അന്ന് ചെറിയ ജ്യേഷ്ഠന്‍ അവിടെ കോളജിലുണ്ട്. ചിലപ്പോള്‍ അദ്ദേഹമാ വും നമസ്‌കാരത്തിനിടെ ഉറങ്ങിയ എന്നെ ഉണര്‍ത്തുന്നത്. പിന്നീട് കോളജ് പഠനവും ചേന്ദമംഗല്ലൂരിലെ ഇസ്‌ലാഹിയ കോളജിലായിരുന്നു. അവിടെ വച്ച് ഞാന്‍ ഇമാമായി നില്‍ക്കുന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. അവിടെ കെ സി അബ്ദുല്ല മൗലവി ഖുര്‍ആന്‍ ഫൗണ്ടേഷന്‍ ഞങ്ങള്‍ക്ക് മധുരമായി പാരായണ നിയമപ്രകാരം ഖുര്‍ആന്‍ ഓതാന്‍ സൗജന്യ പരിശീലനം നല്‍കി. ഞങ്ങള്‍ നാലഞ്ചു ജുസ്അ് (30 ജുസ്അ് – ഭാഗം- ആണ് ഖുര്‍ആനിലുള്ളത്) അക്കാലത്ത് മനപ്പാഠമാക്കി. ഖുര്‍ആനിനെ തുച്ഛ വിലയ്ക്ക് വില്‍ക്കുന്നവരെ ഖുര്‍ആന്‍ തന്നെ ശകാരിക്കുന്നുണ്ട്. പക്ഷേ, ഞാനും സുഹൃത്തുക്കളും നോമ്പുകാലത്ത് പല പള്ളികളിലും തറാവീഹിന് നേതൃത്വം നല്‍കാന്‍ പോയിട്ടുണ്ട്. തരക്കേടില്ലാത്ത ഒരു തുക ആ കാലയളവില്‍ കീശയിലെത്തിയിരിക്കും. അതോടെ പെരുന്നാള്‍ കോടി ജോറാവും.

നനച്ചുകുളി
ശഅ്ബാന്‍ കഴിഞ്ഞാല്‍ കടന്നുവരുന്ന പുണ്യമാസമാണ് റമദാന്‍. ശഅ്ബാന്റെ അവസാനത്തോടനുബന്ധിച്ച് വീട്ടിലൊരു നനച്ചുകുളി പതിവാണ്. വീട്ടിലുള്ള സ്ത്രീകളാണ് ഇതിന് നേതൃത്വം നല്‍കുക. വീട്ടിനകത്തെ ചുവരുകളും വാതിലും ജനലും കട്ടില്‍പടിയും കട്ടിലുമെല്ലാം പാറോത്തിന്റെ ഇല ഇട്ട് ഉരച്ചു വൃത്തിയാക്കും. കാലം മാറിയതോടെ നനച്ചുകുളിക്ക് പാറോത്ത് ഇലയ്ക്കു പകരം സുഗന്ധമുള്ള പൗഡറുകള്‍ സ്ഥാനംപിടിച്ചു. പലയിടത്തും നനച്ചുകുളി തന്നെ ഇല്ലാതായി. എങ്കിലും ഞങ്ങളത് കൈവിട്ടിട്ടില്ല. ഇന്നും ഞങ്ങളുടെ നാട്ടില്‍ ഓരോ വീട്ടിലും ഇതുണ്ട്. നോമ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമാണത്.
ബാങ്കുവിളിക്കു മുമ്പേ വെടി പൊട്ടും. ചരിത്രമുറങ്ങുന്ന വാഴക്കാട്ടെ വലിയ ജുമുഅത്തുപള്ളിയില്‍ ഇപ്പോഴും ഈ വെടിപൊട്ടിക്കലുണ്ട്. ആ മുഴക്കം കേള്‍ക്കുന്നതോടെ നോമ്പു തുറക്കുകയായി. ഇഫ്താറിനു സമയമായി എന്നാണ് ആ വെടിശബ്ദത്തിന്റെ അര്‍ഥം. മഴക്കാലമായാല്‍ വെടിയും ഇടിനാദവും മാറിപ്പോവാം. അപ്പോള്‍ ഉടനെ വരുന്ന ബാങ്കൊലിക്കു കാതോര്‍ക്കും. മുത്താഴത്തിനും വെടിയുണ്ടാവും.
ഉണങ്ങിയ കാരക്ക ഉപയോഗിച്ചാണ് നോമ്പ് തുറക്കുന്നത്. കൂടെ പച്ചവെള്ളവും. അതോടൊപ്പം അല്ലാഹുമ്മ ലക സുംതു, വ അലാ രിസ്ഖിക അഫ്തര്‍ത്തു (അല്ലാഹുവേ നിനക്കു വേണ്ടി ഞാന്‍ നോമ്പെടുത്തു, നിന്റെ ഭക്ഷണം കൊണ്ട് ഇതാ അതു മുറിക്കുന്നു) എന്ന പ്രാര്‍ഥനയുമുണ്ട്. ഇത് ഉപ്പ പഠിപ്പിച്ചതാണ്. മദ്‌റസകളിലെല്ലാം ഇതോടൊപ്പം മറ്റൊരു പ്രാര്‍ഥന കൂടി പഠിപ്പിക്കും. മൂന്നു മുറുക്ക് വെള്ളം. അതാണ് രീതി. അല്ലാഹു ഏകനാണ്. അവന്‍ ഒറ്റസംഖ്യയെ ഇഷ്ടപ്പെടുന്നു. അതിനാലാണ് മൂന്നു കവിള്‍ വെള്ളം കുടിക്കുന്നത്. പിന്നെ വത്തക്കയോ മുന്തിരിയോ ഉണ്ടെങ്കില്‍ കഴിക്കും.
ഇവിടെയാണ് തരിക്കഞ്ഞിയുടെ വരവ്. ഇത് വാസ്തവത്തില്‍ കഞ്ഞിയല്ല, പായസം തന്നെയാണ്. പലയിടത്തും തരിപ്പായസമാണ്. നേരത്തേ വുളു ചെയ്തിരിക്കുമെന്നതിനാല്‍ കുഞ്ഞിത്തുറയ്ക്കു ശേഷം നമസ്‌കാരമാണ്. അതിനു ശേഷമാണ് പത്തിരിയും കറികളുമടങ്ങിയ ഇഫ്താര്‍. ആദ്യമൊക്കെ വീട്ടില്‍ നോമ്പു നോറ്റവര്‍ക്കേ തുറ ഉണ്ടാവൂ. നോല്‍ക്കാത്തവര്‍ക്ക് ഒന്നുമുണ്ടാവില്ല. അവര്‍ ബാങ്കിനു മുമ്പേ കഴിച്ചിരിക്കുമല്ലോ! പിന്നീട് നോമ്പുകള്ളന്മാരും നോറ്റവരോടൊത്ത് കഴിക്കുന്ന സ്ഥിതി വന്നു. ഇഫ്താറിന് പത്തിരിയും മീന്‍കറിയും അല്ലെങ്കില്‍ പച്ചക്കറി അതാണ് പതിവ്. ഇറച്ചിക്കറി അപൂര്‍വമാണ്.
മൂത്ത ജ്യേഷ്ഠന്‍ വേറെ വീടെടുത്തു പോയതോടെ ചെറിയ ജ്യേഷ്ഠനായിരുന്നു വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

തീറ്റയുടെ മാസമല്ല
നോമ്പ് തീറ്റയുടെ മാസമല്ല എന്ന തിരിച്ചറിവ് വൈകിയാണ് എനിക്കുണ്ടായത്. ഇന്ന് നോമ്പുദിവസമെല്ലാം പത്തിരിയും ഇറച്ചിക്കറിയും എന്ന രീതി എന്റെ വീട്ടിലില്ല. ഭാര്യക്കും അതിനോട് താല്‍പര്യമില്ല. മീന്‍ കറി, പച്ചക്കറി, മുട്ടക്കറി, ഇറച്ചിക്കറി… അതങ്ങനെ മാറിക്കൊണ്ടിരിക്കും. കോഴിയിറച്ചി ഈസ്ട്രജന്‍ കുത്തിവച്ച കോഴികളുടേതാണ്. അനാരോഗ്യകരം. മീനാവട്ടെ അമോണിയ തളിച്ചത്. ബീഫോ? തമ്മില്‍ ഭേദം ബീഫ് തന്നെ. രക്തം കട്ടപിടിക്കാന്‍ തുരിശുലായനി കുടിപ്പിക്കുന്ന അറവുകാര്‍ നാട്ടിന്‍പുറങ്ങളിലില്ല. പക്ഷേ, ഇന്ന് ഒരു കിലോക്ക് 240 രൂപ വരെ കൊടുക്കണം! ബീഫ് കടക്കാരന്‍ വില കൂട്ടുന്നത് പെരുന്നാള്‍ തലേന്നാണ്. വില നിര്‍ണയിക്കുന്നതും മൂരിയെ പോത്തെന്നു പറഞ്ഞ് വില്‍ക്കുന്നതും അയാള്‍ക്ക് പരമ്പരാഗതമായി സര്‍ക്കാര്‍ അനുവദിച്ച അധികാരമാണെന്നു തോന്നുന്നു. എന്തു വിലയായാലും മാപ്പിളമാര്‍ പോത്ത് കഴിക്കുമെന്ന് അയാള്‍ക്കറിയാം.
കുഞ്ഞിത്തുറയ്ക്ക് പൊരിച്ച വിഭവമുണ്ടാക്കിയാലേ മുസ്‌ലിം വീട്ടമ്മമാര്‍ക്ക് സമാധാനമാവൂ. സമൂസയാണ് പ്രധാനം. പഴംപൊരി, പഴം നിറച്ചത്, മുട്ടയപ്പം, പുഡ്ഡിങ്, പാലട… വിഭവ പട്ടിക നീളുന്നു. ഇന്നു മിക്കവരും ഇതെല്ലാം കടയില്‍ നിന്നു വാങ്ങുകയാണ്. പെരുന്നാളാവുന്നതോടെ ആതുരാലയങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ തിരക്ക് വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. മുസ്‌ലിം സമുദായം ഒന്നു മാറ്റിപ്പിടിക്കേണ്ട കാലം അതിക്രമിച്ചില്ലേ എന്നൊരു സംശയം.
വാസ്തവത്തില്‍ ചെലവു കുറയേണ്ട മാസമാണ് റമദാന്‍. നോമ്പുതുറകള്‍ പ്രതിഫലമേറിയതാണെങ്കിലും ഭക്ഷ്യമേളയാക്കുന്നത് സ്ത്രീകളുടെ സമയം നശിപ്പിക്കും. അവര്‍ക്കുമില്ലേ സമയത്ത് നമസ്‌കരിക്കാനും ഖുര്‍ആന്‍ ഓതാനും സ്വര്‍ഗത്തില്‍ പോവാനുമുള്ള അവകാശം? തുറ ലളിതമാക്കുന്നത് ആരാധനകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനും ഭക്ഷണ കലോറി കുറയ്ക്കുന്നതിനും ഉപകരിക്കും. ആരോഗ്യവും കൂടും. ആത്മീയമായും ശാരീരികമായും നോമ്പുകാര്‍ കരുത്ത് നേടി ആ മാസത്തിന്റെ പുണ്യം കരസ്ഥമാക്കും. അതിനു സാധിക്കണേ എന്നാണ് പ്രാര്‍ഥന. 11 മാസത്തേക്കു വേണ്ട ആത്മീയ ഊര്‍ജം നേടുന്ന നോമ്പുകാലം മികച്ച ഒരു പരിശീലന കാലയളവാണ്. ഓരോ വര്‍ഷ വും ഇത്ര നല്ല അച്ചടക്കവും പരിശീലനവും മറ്റേതു മതക്കാര്‍ക്കു കിട്ടും! എന്നാലിന്ന് 11 മാസത്തേക്കുള്ള ധനസമാഹരണത്തിനാണ് ഈ പവിത്ര മാസത്തെ മുസ്‌ലിം സംഘടനകള്‍ ഉപയോഗിക്കുന്നത്.

പേരിലെ റമദാന്‍
ഇത്തവണ എന്റെ വീട്ടില്‍ ഇന്‍ശാ അല്ലാ ഒരു നോമ്പുകാരി കൂടി ഉണ്ടാവും. എന്റെ ഏഴു വയസ്സുകാരി റജാ റമദാന്‍. ഭക്ഷണപ്രിയ അല്ലാത്ത അവള്‍ കന്നി നോമ്പെടുക്കാനുള്ള ആവേശത്തിലാണ്. എന്റെ ഉമ്മയുടെ അവസാനത്തെ പുത്രനായി ഞാന്‍ ജനിച്ചത് ഈ പുണ്യമാസത്തിലാണ്. അതിനാലാണ് എനിക്ക് റഫീഖ് റമദാന്‍ (റമദാന്‍ മാസത്തിന്റെ കൂട്ടുകാരന്‍) എന്ന പേര് ഉപ്പ നല്‍കിയത്. ഇത്തവണത്തെ നോമ്പ് ആരാധനകളിലൂടെ സമ്പുഷ്ടമാക്കി റമദാന്‍ മാസം കൊണ്ട് വിജയിച്ച ആളുകളില്‍ ഉള്‍പ്പെടാനാണ് എന്റെ ആഗ്രഹം. ഓരോ മുസ്‌ലിം സഹോദരനും വേണ്ടി അല്ലാഹുവോട് ഞാന്‍ പ്രാര്‍ഥിക്കുന്നു: അല്ലാഹുമ്മ ബല്ലിഗ്‌നാ റമദാന്‍ (റമദാന്‍ മാസത്തില്‍ ഞങ്ങളെ എത്തിക്കണേ അല്ലാഹ്!).
കോളജ് പഠന കാലത്താണ് അര്‍ഥസഹിതം ഖുര്‍ആന്‍ പൂര്‍ണമായി പഠിച്ചത്. ഈ നോമ്പുകാലം ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കാന്‍ ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ട്. അര്‍ഥമറിയാതെ ഖുര്‍ആന്‍ ഓതിയാലും പുണ്യമുണ്ട്. എങ്കിലും അര്‍ഥമറിഞ്ഞാണത് വായിക്കേണ്ടത്. നോമ്പ് റമദാന്‍ മാസത്തിലാവാന്‍ കാരണം ഖുര്‍ആന്‍ അവതരിച്ച മാസമാണത് എന്നതാണല്ലോ! അല്ലാഹുവിനു സ്തുതി ആ മാസത്തിന്റെ ഭാഗമാവാന്‍ അനുഗ്രഹിച്ചതിന്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss