|    Oct 19 Thu, 2017 3:40 am
FLASH NEWS

റമദാനും സ്ത്രീകളും

Published : 31st May 2017 | Posted By: fsq

സത്യവിശ്വാസികള്‍ ആനന്ദഭരിതരാവുന്ന പുണ്യമാസം റമദാന്‍. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള സുവര്‍ണാവസരം. സമ്പന്നനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ, ഒരു മുസ്്‌ലിം അനുഷ്ഠിക്കേണ്ട നിര്‍ബന്ധിത കര്‍മമാണ് നോമ്പ്. റമദാന്‍ മാസത്തില്‍ സ്ത്രീകള്‍ക്ക് ചുമതലകള്‍ കൂടും. നോമ്പ് അനുഷ്ഠാനത്തോടൊപ്പം വീടുകളില്‍ സകല ജോലികളിലും ഇവര്‍ വ്യാപൃതരാണ്. ബാങ്ക് കേള്‍ക്കുമ്പോള്‍ ഭക്ഷിക്കാനിരിക്കുന്ന കുടുംബാംഗങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് വീട്ടിലെ ഉമ്മമാരിലാണ്. നബിചര്യയനുസരിച്ച് ലളിതമായ നോമ്പുതുറ ഇന്ന് വിരളം. അതുകൊണ്ട് സ്ത്രീകള്‍ക്ക് പാചക ജോലിയും മറ്റു ദിവസങ്ങളേക്കാള്‍ കൂടുതലാണ്.  നോമ്പുതുറ എല്ലാവരെയും വിളിച്ച് നടത്തുന്നത് പുണ്യമുള്ള കാര്യമാണ്. ആ ദിവസം മഗ്‌രിബ് നമസ്‌കാരം പോലും സമയത്തിന് നിര്‍വഹിക്കാന്‍ കഴിയാത്ത സ്ത്രീകളുണ്ട്. പുരുഷന്മാര്‍ കൃത്യമായി പള്ളിയില്‍ പോയി നമസ്‌കരിച്ചുവരുമ്പോഴേക്കും അവര്‍ക്ക് ആഹാരം വിളമ്പാനുള്ള തിരക്കാവും പിന്നീട്. ഇബാദത്തിനുള്ള സമയമാണ് സ്ത്രീകള്‍ക്ക് ഇതിലൂടെ നഷ്ടമാവുന്നത്. അന്നത്തെ ദിവസം സകലമാന ജോലികളും ചെയ്തു തളര്‍ന്ന് ഖുര്‍ആന്‍ പാരായണത്തിനുപോലും കഴിയാതെ ഉറങ്ങുന്ന അവസ്ഥ പലയിടത്തും ഉണ്ടാവുന്നുണ്ട്. ആദ്യത്തെ പത്തിനു ശേഷം സമയം ചെലവഴിക്കുന്നത് ഷോപ്പിങിനു വേണ്ടിയാണ്. രാവിലെ തന്നെ ഇതിനായി വീട്ടില്‍നിന്നുമിറങ്ങുന്നു. അന്നത്തെ നോമ്പുതുറയും ചിലപ്പോള്‍ വഴിയിലാവും. ഈ ദിവസങ്ങൡലൊക്കെ  നമസ്‌കാരങ്ങളില്‍ ശ്രദ്ധ കുറയുന്നു. പാപങ്ങള്‍ പുരുഷനും സ്ത്രീക്കും ഒരുപോലെ ശിക്ഷ നല്‍കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ പ്രാര്‍ഥന നാം ഒരുപോലെ നിര്‍വഹിക്കണം. നോമ്പുതുറ ദിവസം, പാചകത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്ന  ഭക്ഷണങ്ങള്‍ ഉണ്ടാക്കാതിരിക്കുക. ദ്രാവക രൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ അധികം ഉള്‍പ്പെടുത്തുക, ആഹാരമുണ്ടാക്കുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനുമെല്ലാം കൃത്യമായ സമയം കാണുക. അത് ഇബാദത്തിനെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉമ്മമാരും പെണ്‍മക്കളും ജമാഅത്ത് ആയി നമസ്‌കരിക്കുക. ഭക്ഷണം വിളമ്പാന്‍ അല്‍പം വൈകിയാലും നമസ്‌കാരം വൈകിക്കാതിരിക്കുക. അത്യാവശ്യമാണെങ്കില്‍ മാത്രം പ്രത്യേക നോമ്പുതുറയ്ക്ക് പോവുക, തിരിച്ച് വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കുന്നതും അങ്ങനെയാക്കുക. നടക്കാന്‍ സാധിക്കാത്ത അവശര്‍ വീടുകളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ആദ്യം ഭക്ഷണം എത്തിക്കുക. നോമ്പ് തിരക്കിനിടയില്‍ അവരെ മറന്നുപോവരുത്. കഴിയുന്നവര്‍ റമദാന് തൊട്ടുമുമ്പ് പെരുന്നാള്‍ വസ്ത്രമെടുക്കുക. പെരുന്നാളിനോടനുബന്ധിച്ച് പണം ലഭിക്കുന്നവരാണെങ്കില്‍, വളരെ സൂക്ഷിച്ച് സമയം ചെലവഴിക്കുക. രാവിലെ ഇറങ്ങി ളുഹര്‍ നമസ്‌കാരത്തിന് മുമ്പ് വീട്ടില്‍ തിരികെയെത്തണം. പുരുഷന്മാര്‍ വീട്ടിനു പുറത്തായാലും കൃത്യമായി പള്ളിയില്‍ കയറി നമസ്‌കാരം നിര്‍വഹിക്കും. ഭൂരിഭാഗം സ്ത്രീകള്‍ക്കും അതിനു കഴിയാതെ വരും. ഷോപ്പിങെല്ലാം അതിനനുസരിച്ച് ക്രമീകരിക്കുക. ആഹാരമുണ്ടാക്കലും പുതുവസ്ത്രം ധരിക്കലുമല്ല പരമമായ ലക്ഷ്യം. ഇതുള്‍ക്കൊണ്ട് പുണ്യറമദാനെ സ്വീകരിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക