|    Nov 13 Tue, 2018 6:53 am
FLASH NEWS

റമദാനില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്

Published : 13th June 2017 | Posted By: fsq

നോമ്പ് അവസാന പത്താവുമ്പോള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ജോലിഭാരവും ഉത്തരവാദിത്തവും സ്ത്രീക്കുണ്ട്. റമദാന്റെ അന്ത്യത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ക്കു കഴിയാറില്ല. രാത്രി നമസ്‌കാരത്തിലും അവസാനപത്തിലെ ഇഅ്ത്തികാഫിലുമെല്ലാം നബിയുടെ കാലത്തും അതിനുശേഷവും സ്ത്രീകള്‍ പങ്കെടുത്തു. എല്ലാതരം ഭക്ഷണവും അതു കഴിക്കാനുള്ള സംവിധാനവുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. എന്നാല്‍, ജോലിയും ഇബാദത്തുകളും മറ്റ് ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിക്കാന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കാരണം, അവ നമ്മെ മടിയിലും മയക്കത്തിലുമാക്കും. കാര്യങ്ങള്‍ എങ്ങനെ സമയത്തിനനുസരിച്ചു ചെയ്യുന്നു എന്നതിലപ്പുറം വിശുദ്ധ റമദാന്‍ അവസാനപത്തില്‍ നമ്മുടെ ദൈനംദിന ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നതാണ് മുഖ്യം. അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചതിനുശേഷമാവണം റമദാനിലെ കടമകളിലേക്കു കടക്കേണ്ടത്. പുറത്തുപോവേണ്ട കാര്യങ്ങള്‍ക്കു സമയം നിശ്ചയിക്കുക. പല ഒത്തുചേരലുകളും കൂട്ടുകൂടലുകളും റമദാനുശേഷമുള്ള ഏതെങ്കിലും സന്ദര്‍ഭത്തിലേക്കു മാറ്റുക. റമദാനും അതിലെ പ്രാര്‍ഥനകളുമാണ് അതിലേറെ പ്രധാനപ്പെട്ടത് എന്നു കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുക. പല രീതിയില്‍ സ്ത്രീകള്‍ക്കു പങ്കാളികളാവാന്‍ കഴിയുന്ന നിരവധി പുണ്യകര്‍മങ്ങള്‍ റമദാനിലുണ്ട്. അതിലൊന്നാണ് ദാനധര്‍മങ്ങള്‍. പാവപ്പെട്ടവര്‍ക്കു വേണ്ടി ഭക്ഷണം പാചകം ചെയ്തുകൊടുക്കുക, ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണം സ്വരൂപിച്ച് ആവശ്യക്കാരെ സഹായിക്കുക തുടങ്ങിയവ. ഹൃദ്യമായ നോമ്പു തുറപ്പിക്കലും പാപമോചനം നേടിത്തരുന്ന ഇബാദത്താണ്.  വലിയ നോമ്പുതുറകള്‍ ഭാരവും മുഷിപ്പുമുണ്ടാക്കും. അതുകൊണ്ടുതന്നെ നമുക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ പാവപ്പെട്ടവരെ ക്ഷണിക്കാന്‍ ശ്രമിക്കുക. അധ്വാനം ഏറെ ആവശ്യമായി വരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഭക്ഷണം തയ്യാറാക്കുക. സഹായത്തിന് കുട്ടികളെയും കൂട്ടാം. യാത്ര ചെയ്യേണ്ടവരാണെങ്കില്‍ ആ സമയങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിനും ദിക്‌റുകള്‍ക്കുമായി ഉപയോഗപ്പെടുത്താം. നന്നായി ജോലി ചെയ്യല്‍ സ്വര്‍ഗത്തിലേക്കുള്ള കവാടങ്ങളില്‍ ഒന്നാണ്. റമദാന്‍ അവസാനപത്തില്‍ അങ്ങാടിയിലേക്കിറങ്ങല്‍ ഒഴിവാക്കുക. അനുഗൃഹീത ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നമുക്കു കിട്ടാന്‍ ഇത് ഒഴിവാക്കിയേ തീരൂ. തറാവീഹ് നമസ്‌കാരത്തിനു ക്ഷീണം എന്ന ഒഴികഴിവ് പറയുമ്പോള്‍, ഇനിയും പുണ്യ റമദാന്‍ നമുക്ക് കൈയെത്താദൂരത്ത് ആയിരിക്കും. നന്മയുടെ കൊയ്ത്തുകാലമായ റമദാന്‍ കൈപ്പിടിയിലൊതുക്കാന്‍ ആണും പെണ്ണും ഒരുമിച്ചു മനസ്സുവച്ചാല്‍ ഇരുവര്‍ക്കും റമദാനിലെ പുണ്യം കൈപ്പിടിയിലൊതുക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss