|    Jun 22 Fri, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

റമദാനിലെ ആദ്യവെള്ളി; പള്ളികള്‍ ഭക്തിസാന്ദ്രം

Published : 19th May 2018 | Posted By: kasim kzm

കോഴിക്കോട്: റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികള്‍ ഭക്തിസാന്ദ്രമായി. പല പള്ളികളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയവരുടെ നിര പുറത്തേക്കു നീണ്ടു. ജനബാഹുല്യം കാരണം പല പള്ളികളിലും പുറത്ത് പായയും പേപ്പറും വിരിച്ചാണ് ആളുകള്‍ നമസ്‌കരിച്ചത്. കഴിഞ്ഞുപോയ രണ്ടുമാസങ്ങളിലും പ്രാര്‍ഥനയോടെ കാത്തിരുന്ന പുണ്യമാസം ആഗതമായതിന്റെ നിര്‍വൃതിയിലായിരുന്നു പലരും.
റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ അനുഗ്രഹം ചൊരിയാനും റമദാനില്‍ എത്തിക്കാനുമായി പ്രാര്‍ഥനയിലായിരുന്നു വിശ്വാസികള്‍. നോമ്പുനോറ്റും നമസ്‌കാരം മുറപോലെ നിര്‍വഹിച്ചും ഖുര്‍ആന്‍ പാരായണവും പാതിരാ പ്രാര്‍ഥനയും വര്‍ധിപ്പിച്ചും റമദാനെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ജുമുഅ ഖുതുബകളില്‍ ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു. തറാവീഹ് നമസ്‌കാരമുള്‍പ്പെടെയുള്ള ഐച്ഛിക നമസ്‌കാരങ്ങളും ദാനധര്‍മവും വര്‍ധിപ്പിക്കാനും മിംബറുകളില്‍ നിന്ന് ഓര്‍മപ്പെടുത്തലുകളുണ്ടായി. നോമ്പിനെ പട്ടിണിയിലൊതുക്കാതെ പഞ്ചേന്ദ്രിയങ്ങളിലും സൂക്ഷ്മത പുലര്‍ത്തി യഥാര്‍ഥ നോമ്പുകാരാവണമെന്ന സന്ദേശമായിരുന്നു മിക്ക ഖുതുബകളുടെയും ഇതിവൃത്തം.
റമദാനിലെ ആദ്യദിനം മുതല്‍ തന്നെ പള്ളികളെല്ലാം സജീവമാണ്. ജോലിസമയത്തിലും മറ്റും ക്രമീകരണങ്ങള്‍ വരുത്തി വിശ്വാസികള്‍ പള്ളികളില്‍ കൂടുതല്‍ സമയം ചെലവിടുന്നുണ്ട്. നോമ്പുകാലം മുഴുവന്‍ ഭജനമിരിക്കുന്നവരും കുറവല്ല. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിനു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പള്ളികളിലെല്ലാം നോമ്പുതുറയും ഒരുക്കിയിട്ടുണ്ട്. മിക്ക പള്ളികളിലെയും നോമ്പുതുറ വിഭവസമൃദ്ധമാണ്. സ്‌പോണ്‍സര്‍മാരെയും മറ്റും കണ്ടെത്തിയാണ് ഇതിനാവശ്യമായ തുക സ്വരൂപിക്കുന്നത്.
നോമ്പുതുറകള്‍ പ്ലാസ്റ്റിക് വിമുക്ത, പരിസ്ഥിതിസൗഹൃദമാക്കണമെന്ന വാശിയിലാണു മിക്ക പള്ളി-മഹല്ല് കമ്മിറ്റികളും. അതിനാവശ്യമായ ഒരുക്കങ്ങള്‍ നോമ്പിനു മുമ്പു തന്നെ പലയിടങ്ങളിലും നടത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss