|    Sep 27 Wed, 2017 3:19 am

റമദാനിലെ അവസാന വെള്ളിയാഴ്ചക്ക് വിട; ഇരുപത്തേഴാം രാവിന്റെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍

Published : 2nd July 2016 | Posted By: SMR

ആലപ്പുഴ: ‘അസ്സലാമു അലൈക്ക യാ ശഹ്‌റ റമദാന്‍’ എന്നു ചൊല്ലി ഖത്തീബുമാര്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ വിശുദ്ധ റമദാനിന്റെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി. പുണ്യ റമദാനിന്റെ സവിശേഷതകള്‍ എടുത്തുപറഞ്ഞ്, അതിന്റെയെല്ലാം വാഹകനായെത്തിയ വ്രതമാസത്തിന്റെ വേര്‍പാടില്‍ ദുഖം അണപൊട്ടുന്ന വാക്കുകളോടെ കണ്ഠമിടറിയാണ് ഇമാമുമാര്‍ റമദാനിന് വിട ചൊല്ലിയപ്പോള്‍ വിശ്വാസികളുടെയും കണ്ണുകള്‍ സജലമായി.
റമദാനിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി വരും കാലങ്ങളില്‍ കാത്തു സൂക്ഷിക്കാനും ജീവിത വിശുദ്ധി നിലനിര്‍ത്താനും ഖത്തീബുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമായ ക്ഷമയും സഹാനുഭൂതിയും ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്നും സഹജീവികളുടെ ദുഖങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പ്രാമുഖ്യം നല്‍കണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു. ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷയില്‍ ഇരുപത്തിയേഴാം രാവ് കൂടിയായിരുന്ന ഇന്നലെ പള്ളികളിലും വീടുകളിലും ഉറക്കമൊഴിവാക്കി വിശ്വാസികള്‍ പ്രാര്‍ഥനകളിലേര്‍പ്പെട്ടു.
ഇരുപത്തിയേഴാം രാവിന്റെ പുണ്യം കൂടി കണക്കിലെടുത്ത് വളരെ നേരത്തെ തന്നെ വിശ്വാസികള്‍ അവസാന വെള്ളിയാഴ്ച പള്ളികളിലെത്തിച്ചേര്‍ന്നു. മിക്ക പള്ളികളിലും വിശ്വാസികളെ ഉള്‍ക്കൊള്ളാനാവാതെ പുറത്തും മറ്റും സൗകര്യമൊരുക്കുകയായിരുന്നു. പുരുഷന്മാര്‍ പള്ളികളില്‍ തന്നെ പുലര്‍ച്ചെ വരെ ആരാധനകളില്‍ കഴിഞ്ഞുകൂടിയപ്പോള്‍ സ്ത്രീകളും കുട്ടികളും സ്വന്തം ഭവനങ്ങളില്‍ ഉറക്കമൊഴിവാക്കി പ്രാര്‍ഥനകളിലേര്‍പ്പെട്ടു.തസ്ബീഹ് നിസ്‌കാരം, ദിക്ര്‍, സ്വലാത്ത്, തസ്ബീഹ്, ബുര്‍ദ മജ്‌ലിസ്, ഖുര്‍ആന്‍ പാരായണം, ഇസ്തിഗ്ഫാര്‍, തൗബ, ഖബര്‍ സിയാറത്ത് തുടങ്ങി വിവിധങ്ങളായ ആരാധനകളും പ്രാര്‍ഥനകളുമായി വിശ്വാസികള്‍ നേരം പുലരുവോളം പള്ളികളില്‍ കഴിഞ്ഞുകൂടി. ഇന്നത്തെ നോമ്പ് ഉറപ്പിക്കുന്നതിനുള്ള ഇടയത്താഴം കഴിച്ച് സുബ്ഹി നിസ്‌കാരവും നിര്‍വഹിച്ച ശേഷമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക