|    Jul 25 Tue, 2017 2:44 pm
FLASH NEWS

റമദാനിന്റെ അവസാന വെള്ളിയില്‍ വിശ്വാസികളുടെ തിരക്ക്

Published : 2nd July 2016 | Posted By: SMR

കൊച്ചി: റമദാനിന്റെ അവസാന വെള്ളിയാഴ്ചയും ഇരുപത്തേഴാം രാവും ചേര്‍ന്നുവന്ന ഇന്നലെ ജുമുഅ നമസ്‌കാരത്തിന് പള്ളികളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
റമദാന്‍ മാസത്തിലെ ഏറ്റവും പുണ്യം നിറഞ്ഞതും ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായതുമായ ദിനമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നത് അപൂര്‍മാണ്. അതുകൊണ്ടുതന്നെ ഇന്നലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യം കല്‍പിക്കുന്ന ദിവസമായിരുന്നു.
അവസാന പത്തിലെ ഒറ്റയൊറ്റയിട്ട ദിനങ്ങളിലാണ് ലൈത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നതെങ്കിലും ഏറ്റവും സാധ്യത ഇരുപത്തേഴാം രാവിലാണെന്നാണ് വിശ്വാസി സമൂഹം കരുതുന്നത്.
ഇന്നലെ ഖുതുബക്ക് നേതൃത്വം നല്‍കി ഖത്തീബുമാര്‍ റമദാനിന് വിട ചൊല്ലിയപ്പോള്‍ വിശ്വാസികളുടെ കണ്ഠമിടറി. പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിനങ്ങള്‍ കടന്നുപോവുന്നതിലെ ദു:ഖം പലരുടേയും മുഖത്ത് കാണാമായിരുന്നു.
നോമ്പ് എടുക്കുന്നതില്‍ കണ്ണുകളേയും കാതുകളേയും കൈകാലുകളേയും മനസിനേയും സൂക്ഷിച്ചവര്‍ എത്ര പേരുണ്ടെന്ന് എല്ലാവരും ആത്മ പരിശോധന നടത്തേണ്ടതാണെന്നും കടന്നുപോയ ദിവസങ്ങളില്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ വരും നാളുകളിലും കാത്തുസുക്ഷിക്കുന്നതിനും ജീവിതത്തില്‍ നന്‍മ പുലര്‍ത്താനും ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു. മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുകയും നാട്ടില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താനും വിശ്വാസികളോട് നിര്‍ദേശിച്ചു.
പലയിടത്തും പള്ളികളില്‍ നമസ്‌കരിക്കാന്‍ ഇടമില്ലാതായതോടെ പള്ളിയുടെ പുറത്തേക്ക് വിശ്വാസികളൂടെ നിര നീണ്ടു.
സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പള്ളിയില്‍ സ്ഥലം തികയാതിരുന്നതിനാല്‍ പള്ളിക്ക് പുറത്ത് റോഡില്‍ പായ വിരിച്ചാണ് പലരും ജുമുഅ നമസ്‌കരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക