|    Jun 20 Wed, 2018 1:18 pm
FLASH NEWS
Home   >  Top Stories   >  

‘റബീഅ് ‘ സാഹിബിന് സ്വാഗതം

Published : 10th December 2016 | Posted By: mi.ptk

imthihan-SMALL
മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ കാട്ടിക്കൂട്ടുന്ന ചില കോപ്രായങ്ങള്‍ കാണുമ്പോള്‍,ഉളളത് പറയട്ടെ ആരും കാണാതെ എങ്ങോട്ടോ പോവാന്‍ തോന്നാറുണ്ട്. അത്രക്കും നട്ടപ്രാന്തിളകും ചിലതെല്ലാം കാണുമ്പോള്‍.
പ്രാവാചക ജന്മത്താല്‍ അനുഗ്രഹീതമായിത്തീര്‍ന്ന റബീഉല്‍ അവ്വല്‍ മാസാരംഭത്തോടെ ഇത്തരം കോപ്രാട്ടികള്‍ ഇരട്ടിക്കും. ഓരോ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട യുവാക്കള്‍ക്കും മതത്തിനും സമുദായത്തിനും വേണ്ടി എന്തൊക്കെയോ ചെയ്യണമെന്നുണ്ട്. പക്ഷെ അത് എന്തായിരിക്കണം, എന്തായിരിക്കരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ല. ശരിയായ ശിക്ഷണത്തിന്റെയും അവബോധത്തിന്റെയും അഭാവത്തില്‍ ഓരോരുത്തരും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. പുറമെ നിന്ന് നോക്കുന്നവരുടെ ദൃഷ്ടിയില്‍ ഏറെ സദുദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പോലും ആഭാസകരമായി അനുഭവപ്പെടാന്‍ അതില്‍ കാണുന്ന വൈരുധ്യങ്ങളാണ് കാരണം.
റബീഉല്‍ അവ്വല്‍ മാസത്തിന്റെ സമാഗമത്തെ സ്വാഗതം ചെയ്തുകൊണ്ടുളള ബാനറുകളും പോസ്റ്ററുകളും ഉദാഹരണം. ഇതിന്റെ ഭാഗമായി പലേടങ്ങളിലും വര്‍ണാഭമായ ബാനറുകളിലും  മറ്റും എഴുതിവെച്ചിരിക്കുന്നത് ‘റബീഅ്‌ന് സ്വാഗതം’എന്നാണ്. ആരാണാവോ ഈ റബീഅ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മറ്റൊരു പേരാവും റബീഅ് എന്നാവും ഒട്ടുവളരെപ്പേര്‍ ധരിച്ചുവശാവുക. അതോ പ്രവാചകന് ദിവ്യസന്ദേശവുമായി വന്ന മലക്കിന്റെ പേരാവും എന്നു ധരിക്കുന്നവരുമുണ്ടാകും. ഒരുപാട് അറബിഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. അറബ് രാജ്യത്ത് ഒരു ദശകം മുഴുവന്‍ കഴിച്ചു കൂട്ടീട്ടുണ്ട്. അന്നേരമൊന്നും കേള്‍ക്കാത്ത വാക്കാണ് ഇത്തരത്തിലുളള ഒരു റബീഅ്.
‘റബീഅ് ‘എന്നാല്‍ വസന്തം. പക്ഷെ അതെങ്ങിനെ പ്രവാചകന്റെ പേരാവും. അഥവാ തിരുദൂതര്‍ ഭൂജാതനായ റബീഉല്‍ അവ്വലിനെ കുറിക്കാന്‍ ‘റബീഅ്’ എന്നു മാത്രം പറഞ്ഞാല്‍ മതിയോ. എങ്കില്‍ അതെന്തുകൊണ്ട് തൊട്ടടുത്ത മാസമായ റബീഉല്‍ ആഖിര്‍ ആയിക്കൂടാ? ഇങ്ങിനെ വാക്കുകള്‍ മുറിച്ചുപയോഗിക്കാമെങ്കില്‍ ഹജ്ജ്മാസത്തിന്റെ അറബ് പദമായ ദുല്‍ഹജ്ജിനെ ഉദ്ദേശിച്ചു അതിന്റെ ആദ്യഭാഗമായ ‘ദുലി’ന് സ്വാഗതം എന്ന് എഴുതിവെക്കാമോ?
കാര്യം നിസാരമല്ല. നബിദിനത്തെ മതപരമായ ഒരാചാരമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പുരോഗമന വിഭാഗങ്ങള്‍ പോലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തിരുനബിയുടെ സ്മരണ വിളിച്ചുണര്‍ത്തുവാന്‍ റബീഉല്‍ അവ്വല്‍ മാസത്തെ ഉപയോഗിക്കണമെന്ന അഭിപ്രായക്കാരാണ്. അതിനാലവര്‍ മാലമൗലൂദുകള്‍ക്കു പകരം ആ മാസത്തില്‍ പ്രവാചക ചിന്തകളുണര്‍ത്തുന്ന സെമിനാറുകളും പുണ്യപ്രവാചകന്റെ ദര്‍ശനങ്ങളിലേക്ക് വെളിച്ചം വീശുമാറ് സ്വന്തം പ്രസിദ്ധീകരണങ്ങള്‍ക്ക് സ്‌പെഷലുകളും പുള്‍ ഔട്ടുകളും പ്രസിദ്ധീകരിക്കുന്നു.

പലകാരണങ്ങളാല്‍ മറ്റുമതങ്ങളില്‍പ്പെട്ട നല്ലൊരു വിഭാഗം ആളുകളെങ്കിലും ഇതിനെല്ലാം കാതുക്കൊടുക്കേണ്ടി വരുന്നു. പ്രവാചകന്റെ പ്രസക്തി ഏറെ ചോദ്യം ചെയ്യപ്പെടുകയും കൊടും ഭീകരതയുടെ ഉറവിടമായി അദ്ദേഹം ചാപ്പകുത്തപ്പെടുകയും  പ്രത്യേകിച്ച് സ്വന്തം അനുയായികള്‍ ലോകത്തുടനീളം വേട്ടയാടപ്പെടുകയും ചെയ്തുകൊണ്ടിരിക്കെ സവിശേഷമായും ഇത്തരം സന്ദര്‍ഭങ്ങള്‍ പരമാവധി ഉപയോഗിക്കുക എന്നത് ഇസലാമിക പ്രബോധനപ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണ്.
പക്ഷെ ആവക കാര്യങ്ങള്‍ ശാസ്ത്രീയമായി സംവിധാനിക്കാതെ സ്വന്തം സമുദായത്തിലെ സാധാരണക്കാര്‍ക്ക് പോലും മനസിലാകാത്ത ‘റബീഅ് ‘ കൊണ്ടു പദങ്ങള്‍ ഉപയോഗിക്കാന്‍ തുനിഞ്ഞാല്‍ അതുകൊണ്ട് ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാനാവില്ല.
ഇടക്കാലത്ത് ഇംഗല്‍ഷ് വാക്കുകളായിരുന്നു ഇവരില്‍ചിലര്‍ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ പുരോഗമന പ്രസ്ഥാനക്കാരും വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. ആളുകള്‍ക്ക് കാര്യം മനസ്സിലാവാതിരിക്കാനാണോ അതോ തങ്ങള്‍ക്ക് എല്ലാം മനസിലാകുന്നെണ്ടെന്ന് വരുത്താനാണോ ചിലര്‍ ചില കൂട്ടായ്മകളും സമ്മേളനങ്ങളുമെല്ലാം ഇംഗല്‍ഷില്‍ വായില്‍ തോന്നിയ നാമകല്‍പനക്ക് മുതിരുന്നു. ഉദാഹരണങ്ങള്‍ എടുത്തുദ്ധരിച്ച് ആരെയും അലോസരപ്പെടുത്തുന്നില്ല. വാക്കുകള്‍ യഥാസമയത്ത് ഉപയോഗിച്ചാല്‍ അവയുടെ പ്രസരണ ശക്തിയും ആഘാതവും എന്തു മാത്രം എന്ന തിരിച്ചറിവില്ലായ്മയാണ് ഈ സ്ഥിതിവിശേഷത്തിനു കാരണം. ‘പുണ്യറമദാന്‍ സമാഗതമാകുന്നു,ഇംഗല്‍ഷ് പഠിക്കാന്‍ സുവര്‍ണാവസരം’ എന്ന് സ്വന്തം പ്രസിദ്ധീകരണത്തില്‍ കവര്‍ പേജ് പൂര്‍ണമായി ഉപയോഗിച്ചു പരസ്യം ചെയ്യുമ്പോള്‍ പെട്ടെന്ന് തോന്നുക ഇത്തവണ ലൈലത്തുല്‍ ഖദറിന് ഇറങ്ങുന്ന മലക്കുകള്‍ക്ക് ആംഗലേയഭാഷയേ അറിയൂ എന്നാണ്. സമ്മേളന നഗരിയിലെ സ്വലാത്ത് നഗര്‍ എന്ന ബാനര്‍ വായിച്ച് സ്വലാത്ത് സാഹിബിന് അഭിവാദ്യമര്‍പ്പിച്ച നാടാണ് നമ്മുടേത്. ഇനി റബീഅ് സാഹിബിനും റജബ് സാഹിബിനും സലാം പറയുന്ന സ്ഥിതിവിശേഷം കൂടി സംജാതമായാല്‍ അസ്സലായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss