|    Mar 29 Wed, 2017 12:54 pm
FLASH NEWS

റബറുല്‍പാദനത്തില്‍ 2.3 ശതമാനം വര്‍ധനവെന്ന് റബര്‍ ബോര്‍ഡ്

Published : 22nd July 2016 | Posted By: SMR

കോട്ടയം: റബറുല്‍പാദനം കുറഞ്ഞുവരുന്ന പ്രവണതയില്‍ മാറ്റമുണ്ടായതായും ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.3 ശതമാനം ഉല്‍പാദന വര്‍ധനയുണ്ടായതായും റബര്‍ ബോര്‍ഡ് അറിയിച്ചു.
ഉല്‍പാദനം ഈ രീതിയില്‍ മുന്നോട്ട്‌പോവുകയാണെങ്കില്‍ ഈ വര്‍ഷത്തെ 6.54 ലക്ഷം ടണ്‍ എന്ന ഉല്‍പാദന ലക്ഷ്യം നേടാനാവുമെന്നും റബര്‍ വില വലിയ ചാഞ്ചാട്ടങ്ങളില്ലാതെ നിലനില്‍ക്കുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ റബര്‍ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് അടുത്ത കുറെ നാളുകളായി തീവ്രശ്രമമാണ് റബര്‍ബോര്‍ഡ് നടത്തിവരുന്നത്. റബര്‍കര്‍ഷകരും റബറുല്‍പാദകസംഘം പ്രതിനിധികളും റബര്‍ബോര്‍ഡിലെ വികസനോദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനും പ്രശ്‌നപരിഹാരങ്ങള്‍ തേടുന്നതിനുമായി സോണല്‍ യോഗങ്ങള്‍ ബോര്‍ഡ് വിളിച്ചുകൂട്ടി. റീജ്യനല്‍ ഓഫിസ് തലത്തിലും ഫീല്‍ഡ് ഓഫിസ് തലത്തിലും ഉല്‍പാദനക്ഷമതാ വര്‍ധനയ്ക്കായി പ്രത്യേകം ടാര്‍ജറ്റുകള്‍ നല്‍കി. ഫീല്‍ഡ് തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതതുമേഖലകളില്‍ പ്രായോഗികമെന്നു കണ്ട മെച്ചപ്പെട്ട കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലെത്തിക്കുകയും ചെയ്തു.
റബറുല്‍പാദക സംഘങ്ങളുടെയും ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ കമ്പനികളുടെയും ഉല്‍പാദക സംഘങ്ങളുടെയും സഹകരണത്തോടെ ടാപ്പുചെയ്യാതെ കിടക്കുന്ന ഒട്ടേറെ തോട്ടങ്ങളില്‍ ടാപ്പിങ് പുനരാരംഭിക്കുന്നതിനും കഴിഞ്ഞു. വരുമാനം കുറയ്ക്കാതെയും ചെലവു കുറച്ചുകൊണ്ടും തോട്ടങ്ങള്‍ ടാപ്പുചെയ്യുന്നതിനുതകുന്ന വിധത്തില്‍ ഇടവേള കൂടിയ ടാപ്പിങ് രീതികള്‍ സ്വീകരിക്കുന്നതിനായി ഒരു തീവ്രബോധനപരിപാടി മുഴുവന്‍ പരമ്പരാഗതമേഖലകളിലും ബോര്‍ഡ് നടത്തി. 49000 കര്‍ഷകരെയാണ് ഈപരിപാടിയിലുടെ ബോര്‍ഡ് നേരിട്ടുകണ്ടത്. കൂടാതെ പരമ്പരാഗതമല്ലാത്ത മേഖലകളില്‍ ഉല്‍പാദനക്ഷമതാ വര്‍ധനവിനായി പ്രത്യേക പ്രചാരണപരിപാടികളും ബോര്‍ഡ് സംഘടിപ്പിച്ചു.
തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി റബറുല്‍പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ ടാപ്പേഴ്‌സ് ബാങ്ക് ആരംഭിക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതിയും പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. റബര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുമായി ചേര്‍ന്ന് നിലവിലുള്ള 27000 ടാപ്പര്‍മാര്‍ക്ക് നൈപുണ്യവര്‍ധന ലക്ഷ്യമിട്ട് പ്രത്യേക പരിശീലനപരിപാടികളും ബോര്‍ഡ് സംഘടിപ്പിക്കുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day