|    Jul 25 Tue, 2017 12:17 am
FLASH NEWS

റബര്‍ഷീറ്റ് മോഷണം പതിവാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

താമരശ്ശേരി: റബര്‍ഷീറ്റ് മോഷണം പതിവാക്കിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍. ചമല്‍ നടുക്കുന്നുമ്മല്‍ സുരേഷ്, വെണ്ടേക്കും ചാലിലെ ഭാര്യാ വീട്ടില്‍ താമസമാക്കിയ ആലപ്പുഴ സ്വദേശി ചന്ദ്‌ബോസ് എന്നിവരാണ് പിടിയിലായത്. ചമലില്‍ നിന്നു മോഷ്ടിച്ച 409 കിലോ റബര്‍ ഷീറ്റും മോഷണത്തിനുപയോഗിച്ച കാറും പിടിച്ചെടുത്തു. തിരുവമ്പാടി എസ്‌ഐ ശംഭുനാഥിന്റെ നേതൃത്വത്തില്‍ നടന്ന നൈറ്റ് പെട്രോളിങിനിടെയാണ് റബര്‍ ഷീറ്റ് മോഷണം പതിവാക്കിയ ഇവരെ പിടികൂടിയത്. കാറില്‍ സഞ്ചരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. തിരുവമ്പാടി പെട്രോള്‍ പമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ റബര്‍ ഷീറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എടവണ്ണപ്പാറയില്‍ റബര്‍ തോട്ടമുണ്ടെന്നും അവിടെനിന്ന് എത്തിച്ചതാണെന്നുമായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയ പോലിസ് ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ചമല്‍ ഭാഗത്തു നിന്നും മോഷണം നടത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. കട്ടിപ്പാറ, പുതുപ്പാടി മേഖലകളില്‍  എട്ടോളം സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി ഇവര്‍ പോലിസിന് മൊഴി നല്‍കി. പകല്‍ സമയത്ത് കാറില്‍ കറങ്ങി നടന്ന് മോഷണം നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും രാത്രിയില്‍ മോഷ്ടിക്കുകയുമാണ് പതിവ്. താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് റബര്‍ഷീറ്റ് വിറ്റഴിക്കുന്നത്. തിരുവമ്പാടിയിലെ കടയില്‍ വില്‍പന നടത്താനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. സിപിഒമാരായ ശൈലേന്ദ്രകുമാര്‍, നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക