|    Nov 19 Mon, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍: വിവരങ്ങള്‍ പരസ്യമാക്കണം; വിലവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കോടതി

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന 36 റഫേല്‍ യുദ്ധവിമാനങ്ങളുടെ വിലയും സാങ്കേതികവിവരങ്ങളും അടക്കമുള്ളവ പത്തു ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഓരോ വിമാനത്തിന്റെയും വില, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ ഓഫ്‌സൈറ്റ് പങ്കാളിയായി റിലയന്‍സ് ഡിഫന്‍സ് വന്നതെങ്ങനെ തുടങ്ങിയ വിവരങ്ങളും നല്‍കണം.
വിവാദ കരാറിലേക്കു നയിച്ച തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 10ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും വിമാനത്തിന്റെ വിലയോ സാങ്കേതികവിവരങ്ങളോ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്നലെ വീണ്ടും ഹരജി പരിഗണിച്ചപ്പോഴാണ് വിലവിവരങ്ങള്‍ കൂടി തേടിയത്. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നിന്ന് ഏതൊക്കെ വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് കൈമാറാമെന്ന കാര്യവും പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. ഹരജിയില്‍ നവംബര്‍ 14ന് വീണ്ടും വാദം കേള്‍ക്കും.
ഇടപാട് സംബന്ധിച്ച വിവരങ്ങളും ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുത്തതും ഹരജിക്കാരും അതുവഴി സമൂഹവും അറിയേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, തന്ത്രപ്രധാനവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. വില പാര്‍ലമെന്റില്‍ പോലും വെളിപ്പെടുത്തിയിട്ടില്ലെന്നും മുന്‍ സര്‍ക്കാരും കരാറിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. സാങ്കേതികവിവരം പുറത്തുപോയാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. എങ്കില്‍ അത് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കോടതി വാക്കാല്‍ പറഞ്ഞു.
റഫേല്‍ ഇടപാടും അനില്‍ അംബാനിയെ പങ്കാളിയാക്കിയതും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യം സിബിഐയെ നേരെയാക്കട്ടെയെന്നായിരുന്നു സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത പരോക്ഷമായി സൂചിപ്പിച്ച് ചീഫ് ജസ്റ്റിസിന്റെ മറുപടി.
ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം എല്‍ ശര്‍മ, വിനീത് ധന്‍ഡെ എന്നിവരാണ് റഫേല്‍ ഇടപാടിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss