|    Oct 22 Mon, 2018 6:37 am
FLASH NEWS
Home   >  Editpage  >  Editorial  >  

റഫേല്‍ കരാര്‍: പ്രധാനമന്ത്രി വിശദീകരിക്കണം

Published : 10th February 2018 | Posted By: kasim kzm

റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ പോലും വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ തയ്യാറാവുന്നില്ല. കരാര്‍ പ്രകാരം ചില കാര്യങ്ങള്‍ രഹസ്യമാണ് എന്നത്രേ പ്രതിരോധമന്ത്രി വിശദീകരിച്ചത്. രാജ്യരക്ഷയ്ക്കായി വാങ്ങുന്ന പോര്‍വിമാനത്തിന്റെ വില അറിയാന്‍ പാര്‍ലമെന്റിനു പോലും അവകാശമില്ലെന്നു വരുമ്പോള്‍ എന്തോ മറച്ചുപിടിക്കാനുണ്ടെന്ന ആരോപണത്തിനു കട്ടിയേറുന്നു. റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് യുപിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ നേതൃത്വത്തില്‍ അഞ്ചു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ നടന്നു. അതിനു ശേഷമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെ 126 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഉണ്ടായത്. എന്നാല്‍, ഭരണമാറ്റം കാരണം വിമാനങ്ങളുടെ കൈമാറ്റം നടന്നില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ആയുധലോബിയും സജീവമായി. 2016 സപ്തംബറിലാണ് എന്‍ഡിഎ സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനു കരാര്‍ ഒപ്പുവച്ചത്. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാറിലുള്ളതിലും കൂടിയ തുകയ്ക്കാണ് വാങ്ങുന്നതെന്ന വിവരം മാത്രമാണ് പുറത്തുള്ളത്. സുതാര്യതയും കൂടിയാലോചനകളുമൊന്നുമില്ലാതെ പ്രധാനമന്ത്രി നേരിട്ടു നടത്തിയതാണ് റഫേല്‍ ഇടപാട് എന്ന പരാതി അന്നുതന്നെ ഉയര്‍ന്നിരുന്നു. കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളുമൊന്നും പാലിക്കാതെ, കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് കരാര്‍ സംബന്ധിച്ച് മോദി തീരുമാനമെടുത്തത്. യുപിഎ സര്‍ക്കാര്‍ ഒരു വിമാനത്തിനു വിലയായി നിശ്ചയിച്ചിരുന്നത് 526 കോടി രൂപയായിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ ഏതാണ്ട് മൂന്നിരട്ടിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതേ വിമാനം 695 കോടി രൂപയ്ക്കാണ്് ഖത്തര്‍ ഇതേ കാലയളവില്‍ വാങ്ങിയത്. യുപിഎ ഒപ്പുവച്ച കരാര്‍ 18,936 കോടി രൂപയുടേതായിരുന്നു. മോദിയുടെ പുതിയ കരാര്‍ 56,520 കോടി രൂപയ്ക്കാണ്. സര്‍ക്കാര്‍ സ്ഥാപനമായ എച്ച്എഎല്ലിനു പകരം പുതിയ കരാറില്‍ സാങ്കേതികവിദ്യ കൈമാറുന്നത് റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ ഒരു സ്വകാര്യ സ്ഥാപനത്തിനാണ്. റഫേല്‍ കരാറില്‍ ഒപ്പുവച്ചതിനു ശേഷമാണ് പ്രസ്തുത കമ്പനി റിലയന്‍സിന്റെ ഭാഗമായത്. ആയുധ ഇടപാടിലെ അഴിമതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. പക്ഷേ, അഴിമതി ആരോപിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത്, പിടികൂടാനെത്തുന്നവരെ കണ്ട് ‘കള്ളന്‍’’എന്നു വിളിച്ചുപറഞ്ഞു മുന്നില്‍ ഓടുന്നവനെയാണ് ഓര്‍മിപ്പിക്കുന്നത്. നരേന്ദ്ര മോദി തന്നെയാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. തന്റെ കൈകള്‍ ശുദ്ധമെങ്കില്‍ അതു വിശദീകരിക്കുന്നതിനു പകരം ഒഴിഞ്ഞുമാറുന്നത് അഴിമതി മറച്ചുപിടിക്കാനുള്ള തന്ത്രം മാത്രമാണ്. ജനാധിപത്യം ഇല്ലാത്ത ഖത്തര്‍ പുലര്‍ത്തുന്ന സുതാര്യത പോലും ആയുധ ഇടപാടുകളില്‍ പുലര്‍ത്താനാവുന്നില്ലെങ്കില്‍ ജനാധിപത്യ മേലങ്കിക്ക് വെറും ജാട എന്നതിലപ്പുറം വലിയ അര്‍ഥമൊന്നുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss