|    Dec 12 Wed, 2018 9:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍ ഇടപാട്: ഹരജികള്‍ വിധിപറയാന്‍ മാറ്റി; പുതിയ കരാര്‍ എന്തിന്?

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി സുപ്രിംകോടതി വിധിപറയാന്‍ മാറ്റി. ഇടപാടുമായി ബന്ധപ്പെട്ട പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് 2015ല്‍ പുതിയ കരാര്‍ ഉണ്ടാക്കിയതെന്ന് നാലു മണിക്കൂറോളം നീണ്ട വാദംകേള്‍ക്കലിനിടെ സുപ്രിംകോടതി ചോദിച്ചു.
2015 ഏപ്രിലില്‍ പ്രധാനമന്ത്രി എങ്ങനെയാണ് ഈ കരാറിന്റെ വിശദാംശങ്ങള്‍ എല്ലാംതന്നെ പരസ്യമാക്കിയത് എന്നും കോടതി ആരാഞ്ഞു. 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ യുപിഎ ഭരണകാലത്തുണ്ടാക്കിയ കരാര്‍ നിലനില്‍ക്കെ പുതിയ കരാര്‍ എങ്ങനെ പ്രഖ്യാപിച്ചുവെന്നാണ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ കെ എം ജോസഫ് സംശയമുയര്‍ത്തിയത്. എന്നാല്‍, ഇതിന് ചീഫ് ജസ്റ്റിസാണ് മറുപടി നല്‍കിയത്. 2015 മാര്‍ച്ചില്‍ തന്നെ പഴയ കരാര്‍ പിന്‍വലിക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങിയതായി കോടതിക്കു മുമ്പാകെയുള്ള രേഖകളില്‍ പറയുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് എസ് കൗള്‍ ആയിരുന്നു ബെഞ്ചിലെ മറ്റൊരംഗം.
മുന്‍ കരാറിലെ യുദ്ധവിമാനങ്ങളും പുതിയ കരാറിലെ യുദ്ധവിമാനങ്ങളും ഒന്നുതന്നെയാണോ എന്നും ജസ്റ്റിസ് കെ എം ജോസഫ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ചോദിച്ചു. ഇതിന്, അതെ എന്നായിരുന്നു എജിയുടെ പ്രതികരണം.
അതേസമയം, റഫേല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്നും വിദഗ്ധര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും കേന്ദ്രം വാദിച്ചു. റഫേല്‍ ഇടപാട് നിയമപരമായി വിശകലനം ചെയ്യാനുള്ള കോടതിയുടെ നടപടിയെ പ്രതിരോധിക്കുന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്.
ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെക്കുറിച്ച് അറിവില്ലെങ്കില്‍ ഇന്ത്യയുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കപ്പെടുമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. റഫേല്‍ ഇടപാടിലെ ഓഫ്‌സെറ്റ് പങ്കാളിയെക്കുറിച്ച് ഫ്രഞ്ച് കമ്പനിയായ ഡാസോ ഇതുവരെ കേന്ദ്രസര്‍ക്കാരിനു വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന കെ കെ വേണുഗോപാലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഇന്ത്യന്‍ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് തുടങ്ങിയ ചോദ്യങ്ങളും ജസ്റ്റിസ് കെ എം ജോസഫ് ഉന്നയിച്ചു.
ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതിനെ വാദത്തിനിടെ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തു. പ്രതിരോധ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയെ ഏതു രീതിയിലാണ് ഇത്തരമൊരു കരാര്‍ ഏല്‍പിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അഡ്വ. മനോഹര്‍ലാല്‍ ശര്‍മ, എഎപി എംപി സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss