|    Nov 17 Sat, 2018 2:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍ ഇടപാടില്‍ കടുത്ത ആരോപണങ്ങളുമായി രാഹുല്‍അംബാനിക്ക് ഡാസോ 284 കോടി നല്‍കി

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷന്‍ 284 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ വിഷയത്തില്‍ ഡാസോ ഏവിയേഷന്‍ സിഇഒ കള്ളം പറയുകയാണെന്നും രാജ്യത്തെ നയിക്കുന്നയാളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരു പറയാതെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കൈക്കൂലിയുടെ ആദ്യഗഡുവാണ് ഡാസോ നല്‍കിയത്. വിഷയത്തില്‍ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിജീവിക്കില്ലെന്നത് ഉറപ്പാണ്. ഒന്നാമത്തേത് അഴിമതിയുടെ പേരിലും രണ്ടാമതായി ആരാണ് തീരുമാനമെടുത്തത് എന്നതിന്റെ പേരിലും. അനില്‍ അംബാനിക്ക് 30,000 കോടി നല്‍കാനുള്ള നരേന്ദ്രമോദിയുടെ ഇടപാടായിരുന്നു കരാറെന്നു പറഞ്ഞാണ് മോദി സര്‍ക്കാരിനെ രാഹുല്‍ കടന്നാക്രമിച്ചത്.
അനില്‍ അംബാനിയുടെ കമ്പനിയില്‍ 284 കോടി രൂപ ഡാസോ നിക്ഷേപിച്ചിട്ടുണ്ട്. അതുപയോഗിച്ചാണ് അദ്ദേഹം ഭൂമി വാങ്ങിയത്. ഡാസോയുടെ സിഇഒ കള്ളം പറയുകയാണെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. നഷ്ടത്തിലോടുന്ന ഒരു കമ്പനിയില്‍ അവര്‍ ഇത്രയും തുക നിക്ഷേപിച്ചത് എന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അനില്‍ അംബാനിക്ക് ഭൂമിയുണ്ടായിരുന്നതുകൊണ്ടാണ് പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിന് കരാര്‍ നല്‍കാതിരുന്നതെന്നാണ് ഡാസോ സിഇഒ പറഞ്ഞിരുന്നത്. എന്നാല്‍, ഈ ഭൂമി ഡാസോ നല്‍കിയ തുകകൊണ്ട് വാങ്ങിയതാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫേല്‍ വിമാനങ്ങളുടെ തുക സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തതിനെയും രാഹുല്‍ വിമര്‍ശിച്ചു. മോദിയും അനില്‍ അംബാനിയും റഫേല്‍ കരാറില്‍ പങ്കാളികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
അനില്‍ അംബാനിയുടെ നിഷ്‌ക്രിയ കമ്പനിയില്‍ ഡാസോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതിന്റെ തെളിവുകള്‍ ന്യൂസ് പോര്‍ട്ടലായ ദ വയര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ് ലിമിറ്റഡ് (ആര്‍എഡിഎല്‍) എന്ന കമ്പനിക്കാണ് ഡാസോ നിക്ഷേപം വഴി 284 കോടി രൂപ ലഭിച്ചതെന്നും ഈ തുകയ്ക്ക് നാഗ്പൂരില്‍ റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ ഭൂമി വാങ്ങിയെന്നും രേഖകള്‍ വ്യക്തമാക്കിയിരുന്നു.
ഒരു രൂപപോലും ലാഭമുണ്ടാക്കാത്ത കമ്പനിയാണ് ആര്‍എഡിഎല്‍ എന്നതും രേഖകളിലുണ്ട്. 2017-18 സാമ്പത്തികവര്‍ഷം കമ്പനിയുടെ 34.7% ഓഹരികള്‍ വാങ്ങിക്കൊണ്ടാണ് ഡാസോ നിക്ഷേപം നടത്തിയത്.
2015-16 സാമ്പത്തികവര്‍ഷം 9 ലക്ഷവും 2016-17ല്‍ 10.35 ലക്ഷവും നഷ്ടത്തിലായിരുന്ന കമ്പനിയാണ് ആര്‍എഡിഎല്‍. ആര്‍എഡിഎല്ലില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ ഡാസോയുടെ 2017ലെ വാര്‍ഷിക റിപോര്‍ട്ടിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss