|    Dec 10 Mon, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റഫറി കളിച്ചു; ബ്ലാസ്റ്റേഴ്‌സിന് ഇഞ്ചുറി

Published : 24th November 2018 | Posted By: kasim kzm

ഗുവാഹതി: ഒടുവില്‍ ഒരു ജയം സ്വന്തമാക്കിയെന്ന് ആശ്വസിക്കാന്‍ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ ഇഞ്ചുറി ടൈമില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് (2-1) തോല്‍പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മൂന്നാം ജയം സ്വന്തമാക്കി.
നായകന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തില്‍ മികച്ച കളിയാണ് ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഇരു ടീമുകളും ഗോള്‍ നേടാതെ പരുക്കന്‍ കളിയിലായിരിക്കെ രണ്ടാം പകുതിയിലായിരുന്നു മഞ്ഞപ്പട കാത്തിരുന്ന ഗോള്‍ വന്നത്. 73ാം മിനുട്ടില്‍ സ്ലോവേനിയന്‍ താരം മാതെജ് പോപ്ലറ്റ്‌നികിലൂടെ ആയിരുന്നു അത്. 90 മിനുട്ട് പൂര്‍ത്തിയായപ്പോഴും ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനായില്ല. ഇതിനകം ബ്ലാസ്‌റ്റേഴ്‌സിന്റെ ട്വിറ്റര്‍ പേജില്‍ ആഹ്ലാദ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരുന്നു. എന്നാലത് അധികനേരം നീണ്ടുനിന്നില്ല.
കളി ഇഞ്ചുറി ടൈമിലേക്കു കടന്നപ്പോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ കരിച്ച ഗോള്‍. നിസ്സാരമായ ടാക്കിളിന് റഫറി കുമാര്‍ ഗുപ്ത പെനാല്‍ട്ടി വിധിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ബാര്‍ത്തലോമിയോ ഓഗ്‌ബെഷെ എടുത്ത ഷോട്ട് നിഷ്പ്രയാസം ഗോളിയെ മറികടന്ന് വലയില്‍ തൊട്ടു. സമനിലയെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിച്ചിരിക്കെ അതാ വരുന്നു മഞ്ഞപ്പടയുടെ നെഞ്ചു പിളര്‍ന്ന രണ്ടാം ഗോള്‍. റഫറി വിസിലൂതാനൊരുങ്ങവെ 96ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഉറുഗ്വേ താരം ജുവാന്‍ മാസ്‌കിയയാണ് ഗോള്‍ നേടിയത്. ഇരു ടീമുകളും പൊരുതി കളിച്ച മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലു താരങ്ങള്‍ മഞ്ഞകാര്‍ഡ് കണ്ടു. എതിര്‍ ടീം ഫൗള്‍ ചെയ്യുന്നതില്‍ മല്‍സരിച്ചപ്പോള്‍ കൂടുതല്‍ മഞ്ഞകാര്‍ഡ് കിട്ടിയത് ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. റഫറിയുടെ ഈ അനീതിയാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചതും.
ആദ്യ ഇലവനില്‍ സികെ വിനീതില്ലാതെയിറങ്ങിയ ബാസ്റ്റേഴ്‌സ് 10 തവണ ഗോള്‍ ശ്രമം നടത്തി. മൂന്നു തവണ എതിര്‍ പോസ്റ്റിലേക്കു ഷോട്ടുതിര്‍ക്കാനും സാധിച്ചു. എന്നാല്‍ മികച്ച പാസ്സുകളിലൂടെ കളിയില്‍ നേരിയ മേധാവിത്വം കാണിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഒടുവില്‍ വിജയം നേടി. 18കാരനായ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് രണ്ടു തവണ മികച്ച സേവിലൂടെ ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ രക്ഷപ്പെടുത്തി.
ഇന്നലത്തെ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മൂന്നു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.
മൂന്നു തോല്‍വിയും രണ്ടു സമനിലയും മാത്രം സമ്പാദ്യമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനൊപ്പം ഗ്രൂപ്പില്‍ ഏറ്റവും താഴെയാണ്. നാലു ജയവും ഒരു സമനിലയുമായി ഗോവയാണ് ഒന്നാമത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss