|    Aug 21 Mon, 2017 11:22 pm
FLASH NEWS

റണ്‍വേ റീ ടാറിങ്: ജനങ്ങളുടെ പരാതികള്‍ പരിഗണിക്കും

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: ജനങ്ങളുടെ ആശങ്ക അകറ്റി മാത്രമേ റണ്‍വേ റീ ടാറിങിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കൂമെന്നു ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി. റണ്‍വേ റീ ടാറിങിലെ അപാകതകള്‍ പരിഹരിക്കുന്നതിനു നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വികസനം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവില്ല. വികസനത്തെ കണ്ണടച്ച് എതിര്‍ക്കുന്നതും അനുവദിക്കില്ലെന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റണ്‍വേ റീ ടാറിങ് സംബന്ധിച്ച യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. റണ്‍വേ റീ ടാറിങിനായി വിമാനത്താവളത്തില്‍ സ്ഥാപിച്ച ഹോട്ട് മിക്‌സ് പ്ലാന്റ് പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പൊതുജന പരാതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.പരാതികളെ തുടര്‍ന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണു നിലവില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നു ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ചിമ്മിനിയുടെ നിലവിലെ ഉയരം ആറു മീറ്ററില്‍ നിന്നു 15.5 മീറ്ററായി ഉയര്‍ത്തി. നിര്‍ദേശിച്ചതില്‍ നിന്ന് 4.5 മീറ്റര്‍ കൂടുതലാണിത്. പൊടിപടലങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നു സ്‌ക്രബിങ് ഏര്‍പ്പെടുത്തി. ഗ്രീന്‍നെറ്റ് സ്ഥാപിച്ചതായും സൈക്ലോണ്‍ സെപ്പറേറ്റര്‍ പ്രവര്‍ത്തിക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. 25 മീറ്ററിനുള്ളില്‍ വീടുകളില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണസാമഗ്രികള്‍ 10 ദിവസത്തിനകം ഒഴിവാക്കണം. തുടര്‍ന്നു രണ്ടു ദിവസത്തേക്കുള്ള സാധനങ്ങള്‍ മാത്രമേ നിര്‍മാണ സ്ഥലത്ത് സൂക്ഷിക്കാവൂ എന്നും അവ മൂടിയിടണമെന്നും കരാറുകാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിലിനടുത്തു നിന്ന് റണ്‍വേയുടെ സമീപത്തേക്കു മാറ്റി വേണം നിര്‍മാണസാധനങ്ങള്‍ സൂക്ഷിക്കേണ്ടത്. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഡീസലല്ലാതെ മറ്റൊരു ഇന്ധനവും ഉപയോഗിക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം എയര്‍പോര്‍ട്ട് എന്‍ജിനീയര്‍മാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ എഡിഎം ജോണ്‍ വി സാമുവല്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി തരകന്‍, കൗണ്‍സിലര്‍ ഷാജിദ നസീര്‍, ആക്ഷന്‍ കൗണ്‍സില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലിസ്, വിമാനത്താവള പ്രതിനിധികള്‍, കരാറുകാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക