|    Sep 23 Sun, 2018 7:50 am
FLASH NEWS

റണ്‍വേ നീളംകൂട്ടല്‍ പ്രഖ്യാപനത്തിലൊതുങ്ങി

Published : 20th August 2018 | Posted By: kasim kzm

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുമ്പ് റണ്‍വേയുടെ നീളം 4000 മീറ്ററായി വികസിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3050 മീറ്റര്‍ റണ്‍േവേ പൂര്‍ത്തിയാക്കി പരീക്ഷണപ്പറക്കല്‍ നടത്തിയ ദിവസം അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന എല്‍ഡിഎഫ് റണ്‍വേ 4000 മീറ്ററാക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളം ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്തിയ ശേഷമേ ഉദ്ഘാടനം ചെയ്യുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ ഒരുവര്‍ഷം മുമ്പുതന്നെ സ്ഥലമേറ്റെടുക്കാനുള്ള നടപടി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി കണ്ണൂരിനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 4000 മീറ്ററായി റണ്‍വേ വികസിപ്പിക്കണമെങ്കില്‍ പുതുതായി 250 ഏക്കര്‍ സ്ഥലമേറ്റെടുക്കണം. കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട്, നല്ലാണി, പനയത്താംപറമ്പ് ഭാഗങ്ങളിലാണ് സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചത്.
കാനാട്ടെ കാര്‍ഷികഭൂമി ഉ ള്‍പ്പെടുന്ന പ്രദേശമാണ് ഇതിലേറെയും. 170ഓളം വീടുകളും ഇതില്‍പ്പെടും. ആദ്യപടിയെന്നോണം ഏതാനം മാസം മുമ്പ് പനയത്താംപറമ്പ് പരിധിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ജനുവരിക്കു മുമ്പ് സര്‍വേ പൂര്‍ത്തിയാക്കി ഭൂമിയേറ്റെടുക്കാന്‍ കിയാല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നെങ്കിലും തീരുമാനം ഫയലില്‍ കിടക്കുകയാണ്. ഭൂമിയുടെ വില നിശ്ചയിച്ച് ഉടമകള്‍ക്ക് നല്‍കണം. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് 2015ല്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും ഭൂവുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഭൂമിയേറ്റെടുക്കാന്‍ പ്രധാന തടസ്സം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപടികള്‍ ഇനിയും നീളാന്‍ സാധ്യത ഏറെയാണ്.
റണ്‍വേ 4000 മീറ്റര്‍ യാഥാര്‍ഥ്യമായാല്‍ ഹൈദരബാദ്, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളത്തിന്റെ പദവിയി ല്‍ കണ്ണൂരിന് എത്തിച്ചേരാന്‍ കഴിയും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss