|    Aug 18 Sat, 2018 10:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റഗുലര്‍, ഡിസ്റ്റന്‍സ് ബിരുദം വേര്‍തിരിവ് കുഴപ്പങ്ങള്‍ക്ക് കാരണമാവും

Published : 3rd August 2018 | Posted By: kasim kzm

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളില്‍ നിന്നും ബിരുദമെടുക്കുന്നവര്‍ക്ക് ഏതു രീതിയിലാണ് പഠിച്ചിറങ്ങിയതെന്നു വ്യക്തമാക്കുന്ന തരത്തില്‍ റഗുലര്‍ അല്ലെങ്കില്‍ ഡിസ്റ്റന്‍സ് എന്ന് ഡിഗ്രി ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന യുജിസി നിബന്ധന പുനര്‍പഠനത്തിനും തൊഴില്‍ നേടുന്നതിനും തടസ്സമാവുമെന്ന ആശങ്ക വ്യാപകമായി. സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ നേരത്തേ റഗുലര്‍-ഡിസ്റ്റന്‍സ് വേര്‍തിരിവ് തുടങ്ങിയിരുന്നുവെങ്കിലും കേരളത്തിലെ ഒരു സര്‍വകലാശാലയും ഇത്തരം വേര്‍തിരിവ് സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, രണ്ടുതരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് യുജിസി വിണ്ടും സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
റഗുലര്‍ കോളജുകളില്‍ പഠിച്ചവര്‍ മികവുള്ളവരും വിദൂരവിദ്യാഭ്യാസം വഴി പഠിച്ചിറങ്ങുന്നവര്‍ മികവ് കുറഞ്ഞവരുമാണെന്ന സൂചന നല്‍കുമെന്നതാണ് ഈ പരിഷ്‌കാരണത്തിന്റെ പ്രധാന ദൂഷ്യമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ കാരണത്താല്‍ ജോലിക്കായി പരിഗണിക്കുമ്പോള്‍ ഡിസ്റ്റന്‍സ് വഴിയുള്ളവര്‍ പിന്തള്ളപ്പെടുമെന്നാണ് സംശയം. ഡിഗ്രികള്‍ റഗുലറാണെന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാത്ത നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കുവച്ചു പഠനം നിര്‍ത്തിയവര്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരമായിരുന്നു വിദൂര പഠനം.
എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തിയതോടെ തുടര്‍പഠനം കൊണ്ട് കാര്യമില്ലാതായി. അടുത്ത ഡിഗ്രി ബാച്ച് മുതല്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിസ്റ്റന്‍സ് എന്ന് രേഖപ്പെടുത്തിയില്ലെങ്കില്‍ യുജിസിയുടെ അംഗീകാരം റദ്ദാക്കപ്പെടും. അതിനാല്‍, സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം നല്‍കുന്ന ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഡിസ്റ്റന്‍സ് എന്ന് രേഖപ്പെടുത്താനാണ് തീരുമാനം. യുജിസിയുടെ നിര്‍ദേശം വഴി ഇന്ദിരാഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദമെടുത്തവര്‍ക്കു പോലും തൊഴില്‍ സാധ്യത പരിമിതമാവുന്ന അവസ്ഥയാണുള്ളത്. സര്‍ട്ടിഫിക്കറ്റുകളില്‍ ഓപണ്‍ ഡിഗ്രിയെന്ന് രേഖപ്പെടുത്തേണ്ടിവരുമെന്നതിനാല്‍ കാലിക്കറ്റ് ഉള്‍പ്പെടെ ചില സര്‍വകലാശാലകള്‍ നല്‍കുന്ന ഓപണ്‍ ഡിഗ്രികളും പ്രതിസന്ധിയിലായിരിക്കുകയാണ്. യുജിസിയുമായി ഏറ്റുമുട്ടല്‍ ഭയന്ന് ഒരു സര്‍വകലാശാലയും നിയമപരമായ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss