|    Jan 24 Tue, 2017 12:20 am

റഖൈനില്‍ സംഘര്‍ഷം; മ്യാന്‍മറില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു

Published : 13th October 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലെ വടക്കന്‍ സംസ്ഥാനമായ റഖൈനില്‍ ആയുധധാരികളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമികളില്‍ ഒരാളും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്യോങ്പിത് ഗ്രാമത്തിലാണു സംഭവം. സംഘര്‍ഷത്തിനു ശേഷം ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന ഭാഗമാണിത്. ഞായറാഴ്ച മൂന്ന് അതിര്‍ത്തി പോസ്റ്റുകളിലുണ്ടായ ആക്രമണങ്ങളില്‍ ഒമ്പത് പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. റോഹിംഗ്യ മുസ്‌ലിംകളുടെ അധിവാസകേന്ദ്രമാണിത്. മൂന്നു ദിവസമായി ഇവിടെ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പിസ്റ്റലുകളും വാളുകളും കത്തികളുമായി 300ഓളം പേരാണു സൈനികരുമായി ഏറ്റുമുട്ടിയത്. റഖൈനില്‍ ബുദ്ധമതവിശ്വാസികളും റോഹിംഗ്യ മുസ്‌ലിംകളും തമ്മില്‍ കാലങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. എന്നാല്‍ റോഹിംഗ്യകളാണെന്നാണു കരുതുന്നത്.
റഖൈനിലെ സംഘര്‍ഷാവസ്ഥയ്ക്ക് ആക്കംകൂട്ടുന്നതാണു പുതിയ സംഭവം. മാധ്യമപ്രവര്‍ത്തകര്‍ക്കു മേഖലയില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. 2012ല്‍ റഖൈനിലുണ്ടായ മതസംഘര്‍ഷത്തില്‍ 100ലധികം പേരാണു കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു റോഹിംഗ്യകള്‍ ഇതിനു പിന്നാലെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റപ്പെടുകയും ചെയ്തു.
ബംഗ്ലാദേശി കുടിയേറ്റക്കാരെന്നാരോപിച്ച് റോഹിംഗ്യകള്‍ക്കു പൗരത്വം നല്‍കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അറബ് വ്യാപാരികളുടെ പിന്‍മുറക്കാരാണു തങ്ങളെന്നു പറയുന്ന റോഹിംഗ്യകള്‍ തലമുറകളായി മ്യാന്‍മറില്‍ താമസിച്ചുവരുന്നവരാണ്. എന്നാല്‍ ബുദ്ധമതഭൂരിപക്ഷമുള്ള മ്യാന്‍മര്‍ ഇവരെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക