|    Oct 19 Thu, 2017 7:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഖയില്‍ യുഎസ് വ്യോമാക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

Published : 7th August 2017 | Posted By: fsq

 

ദമസ്‌കസ്: സിറിയയിലെ റഖ നഗരത്തില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ 43 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഖയിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നേര്‍ക്കായിരുന്നു ആക്രമണമെന്ന് സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് യുഎസ് സഖ്യസേന വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചത്. റഖയിലെ ആശുപത്രികള്‍ക്കു നേര്‍ക്കു ആക്രമണമുണ്ടായതായി സന റിപോര്‍ട്ട് ചെയ്തു.നഗരത്തിലെ ആശുപത്രി ലക്ഷ്യംവച്ച് യുഎസ് സഖ്യം വൈറ്റ് ഫോസ്ഫറസ് സ്‌ഫോടനം നടത്തിയതായി സിറിയന്‍ അറബ് റെഡ് ക്രസന്റ് (എസ്എആര്‍സി) ഉദ്യോഗസ്ഥ ദിന അസദ് അറിയിച്ചു. വ്യാഴാഴ്ച റഖ നാഷനല്‍ ആശുപത്രിക്കു നേരെയായിരുന്നു ആക്രമണം. സ്‌ഫോടകവസ്തു ഇരുപത് തവണ വര്‍ഷിച്ചു. ആശുപത്രിയിലെ വൈദ്യുതി സംവിധാനങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏതാനും വാര്‍ഡുകളും ആക്രമണത്തില്‍ തകര്‍ന്നു. നഗരത്തിലെ ഒരു ലക്ഷത്തോളം പേര്‍ ചികില്‍സയ്ക്കായി ആശ്രയിക്കുന്നത്് നാഷനല്‍ ആശുപത്രിയെയാണെന്നും ദിന അസാദ് അറിയിച്ചു. ആശുപത്രിയില്‍ ഐഎസ് പ്രവര്‍ത്തകരുടെ സാന്നിധ്യമില്ലായിരുന്നു. റഖ നഗരത്തെ തകര്‍ക്കുന്ന രീതിയിലാണ് സഖ്യസേനയുടെ ഇടപെടല്‍. സ്‌കൂളുകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമാണ് സേന ലക്ഷ്യം വയ്ക്കുന്നത്. നഗരത്തിലെ കുടിവെള്ള സംവിധാനവും ആക്രമണങ്ങളില്‍ തകര്‍ന്നു. 65 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നതെന്നും അസദ് അറിയിച്ചു. അതേസമയം, ഐഎസിനെതിരേ സൈനികനീക്കം ആരംഭിച്ച യുഎസ് സഖ്യവും കുര്‍ദ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്ഡിഎഫ്) നഗരത്തെ പരക്കെ നശിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് എസ്എആര്‍സി റഖ തലവന്‍ ഫവാസ് അസാഫ് അറിയിച്ചു. സ്‌കൂളുകള്‍, ബാങ്കുകള്‍, കമ്പോളങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ യുഎസ് സഖ്യം ഷെല്ലാക്രമണവും വ്യോമാക്രമണവും നടത്തുന്നു. ഇത്തരം ഇടങ്ങള്‍ ഐഎസ് ഒളികേന്ദ്രങ്ങളാണെന്ന് പറഞ്ഞാണ് ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക