|    Nov 21 Wed, 2018 3:32 pm
FLASH NEWS
Home   >  National   >  

റക്ബാര്‍ ജീവിതം കരുപ്പിടിപ്പിച്ചത് കേരളത്തില്‍ നിന്ന്; ഒറ്റ രാത്രി കൊണ്ട് ഹിന്ദുത്വര്‍ കുടുംബം അനാഥമാക്കി

Published : 26th July 2018 | Posted By: afsal ph

ഹാറൂനും ഹാഷിമും തങ്ങളുടെ ഗ്രാമത്തില്‍ (ഫയല്‍ചിത്രം)

കോഴിക്കോട്: രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിന്റെ പേരില്‍ സംഘ്പരിവാരം അടിച്ചു കൊന്ന റക്ബാര്‍ ജീവിതം കരുപ്പിടിപ്പിച്ചത് സഹോദരങ്ങള്‍ കേരളത്തില്‍ ജോലിക്കെത്തിയതിന് ശേഷം. റക്ബാറിന്റെ പിതൃസഹോദര പുത്രന്‍മാരായ ഹാറൂനും ഹാഷിമും കോഴിക്കോട്ടേക്ക് ജോലി തേടിയെത്തിയതോടെയാണ് റക്ബാറിന്റെ കുടുംബത്തിന്റേയും പട്ടിണി മാറിയത്.  പശുക്കളെ കറന്ന് കിട്ടുന്ന പാല്‍ വിറ്റും അടുത്തള്ള ക്വാറിയില്‍ വല്ലപ്പോഴും ലഭിക്കുന്ന ജോലിചെയ്തുമായിരുന്നു ആല്‍വാറിലെ കാല്‍ഗാവോന്‍ നൂഹ് ഗ്രാമവാസികള്‍ കഴിഞ്ഞിരുന്നത്. കഠിനാധ്വാനങ്ങള്‍ക്ക് ശേഷം ദാരിദ്ര്യവും പട്ടിണിയും മാത്രം മിച്ചമാകുന്ന ജീവിത സാഹചര്യം. ഇവിടെ നിന്നാണ് 2014 ല്‍ ഹാറൂനും ഹാഷിമും കേരളത്തിലേക്ക് ജോലി തേടിയെത്തുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് അടുത്തുള്ള ദേവതയാല്‍ സ്വദേശിയായ അര്‍ഷാദിന്റെ ജെസിബി ഓപറേറ്റര്‍മാരായാണ് ഇവര്‍ ആദ്യമായി ജോലിക്കെത്തിയത്. യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള പെട്രോല്‍ പമ്പില്‍ നിന്ന് യാദൃശ്ചികമായാണ് ഇവരെ കണ്ടുമുട്ടിയതെന്ന് അര്‍ഷാദ് പറഞ്ഞു. വാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിനിടെ ഡ്രൈവര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് കൊണ്ടാണ് ഹാറൂനും ഹാഷിമും എത്തിയത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം തന്റെ ജെസിബിയില്‍ തന്നെ ഓപ്പറേറ്റര്‍മാരായി ജോലി നല്‍കുകയായിരുന്നെന്ന് അര്‍ഷാദ് പറഞ്ഞു. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഇവര്‍ ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് ഇവിടെ ജീവിച്ചത്. കിട്ടുന്ന പണമെല്ലാം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മിച്ചം വച്ചു. ഇവരുടെ ഗ്രാമത്തിന്റെ അവസ്ഥ കേട്ടറിഞ്ഞ്, കഴിഞ്ഞ വര്‍ഷം അര്‍ഷാദും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് പോയിരുന്നു. കല്ലുകള്‍ കൊണ്ടുള്ള എടുപ്പില്‍ പുല്ലും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞതാണ് ഗ്രാമത്തിലെ വീടുകളെല്ലാം. മുസ്്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഒരു ചെറിയ പള്ളിയുമുണ്ട്.

ആല്‍വാറിലെ കാല്‍ഗാവോന്‍ നൂഹ് ഗ്രാമത്തിലെ മുസ്്‌ലിംപള്ളി

മഴക്കാലത്ത് മഴ നനഞ്ഞ് നമസ്‌കരിക്കേണ്ടി വരുന്ന ഗ്രാമവസികളുടെ അവസ്ഥ കണ്ട് ഷീറ്റ് മേയാനും മറ്റുമായി ഇവര്‍ സഹായം ചെയ്തിരുന്നു. ചെറിയ പെണ്‍കുട്ടികള്‍ പോലും ഭക്ഷണത്തിനായി ജോലി തേടി പോകുന്ന അവസ്ഥയായിരുന്നു ഇവരുടേത്. ഹാറൂനും ഹാഷിമും കേരളത്തിലെത്തിയതോടെയാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങിയത്. റക്ബാറിന്റെ ഏഴ് മക്കളില്‍ നാല് പേരെ സ്‌കൂളില്‍ അയക്കാന്‍ കഴിഞ്ഞു. പട്ടിണിക്കിടയിലും ജീവിതം കരുപിടിപ്പിക്കുന്നതിനിടേയാണ് ഹിന്ദുത്വര്‍ റക്ബാറിനെ അടിച്ചു കൊന്നത്. സഹോദരന്‍ കൊല്ലപ്പെട്ടതറിഞ്ഞതോടെ ഹറൂനും ഹാഷിമും നാട്ടിലേക്ക് തിരിച്ചു. ഇവരെത്തുന്നതിന് മുന്‍പ് തന്നെ റക്ബാറിന്റെ മയ്യിത്ത് ഖബറടക്കിയിരുന്നു. ഹിന്ദുത്വര്‍ അക്രമോല്‍സുകരായ ഒറ്റരാത്രി കൊണ്ട് റക്ബാറിന്റെ കുടുംബം അനാഥമായി. പറക്കമുറ്റാത്ത ഏഴ് മക്കളുടെ ജീവിതം ഇനി സഹോദരങ്ങളുടെ കയ്യിലാണ്. കേസും പോലിസ് നടപടികളുമായി ഹാറൂനും ഹാഷിമിനും അവരുടെ ഗ്രാമത്തില്‍ തന്നെ കഴിയണം. ഭീതിതമായ സാഹചര്യത്തില്‍ കുടുംബവും അനാഥമായതോടെ കേരളത്തിലേക്കുള്ള മടങ്ങിവരവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss