രോഹിത് വെമുല ദലിതനെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്
Published : 18th October 2016 | Posted By: SMR
ഹൈദരാബാദ്: കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകളുമായി വെമുലയുടെ സഹപാഠികള്‍ രംഗത്തെത്തി. രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ താന്‍ ദലിതനാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ പുറത്തുവിട്ടത്.
വിദ്യാര്‍ഥിപ്രക്ഷോഭത്തെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ പോലിസ് പിടിച്ചെടുത്ത ലാപ്ടോപ്പിലായിരുന്നു ഈ ദൃശ്യങ്ങളുണ്ടായിരുന്നത്. അടുത്തിടെയാണ് ലാപ്ടോപ് പോലിസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കിയത്. വെമുലയുടെ ആത്മഹത്യയെക്കുറിച്ചന്വേഷിക്കാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച അന്വേഷണ കമ്മീഷന് റിപോര്‍ട്ടില്‍ വെമുല ദലിതനല്ലെന്നും ജാതി വിവേചനം മൂലമല്ല വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പരാമര്‍ശിച്ചിരുന്നത്.
ആത്മഹത്യക്ക് ഒരുമാസം മുമ്പ് രോഹിത് വൈസ് ചാന്‍സലറുടെ ജാതി വിവേചനത്തെക്കു റിച്ച് പരാതി നല്‍കിയിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. രോഹിത് വെമുലയുടെ അമ്മ രാധിക ദലിത് സമുദായമായ മാല വിഭാഗത്തില്പ്പെട്ടവരല്ലെന്നും കമ്മീഷന് റിപോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, താന്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന അമ്മയുടെ മകനാണെന്നും അമ്മയാണ് തന്നെ പൊതുവിഭാഗത്തില്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
സര്‍വകലാശാലയില്‍ എബിവിപി സംഘടനയുമായുണ്ടായ ത ര്‍ക്കവും സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും നിഷേധിച്ചതുമൊക്കെ വീഡിയോയില്‍ രോഹിത് വെമുല വിശദീകരിക്കുന്നുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.