|    Apr 30 Sun, 2017 2:22 pm
FLASH NEWS

രോഹിത് വെമുല ദലിതനല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്; റിപോര്‍ട്ട് തള്ളി സഹോദരന്‍

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജാതി വിവേചനത്തെത്തുടര്‍ന്ന് ഹൈരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്ന് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്. സ്മൃതി ഇറാനി മന്ത്രിയായിരുന്ന കാലത്ത് മാനവശേഷി മന്ത്രാലയം നിയോഗിച്ച അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി എ കെ രൂപന്‍വാല്‍ കമ്മീഷന്റേതാണു വിവാദ റിപോര്‍ട്ട്. അന്വേഷണ റിപോര്‍ട്ട് ആഗസ്ത് ആദ്യത്തില്‍ യുജിസിക്ക് സമര്‍പ്പിച്ചിരുന്നു. ദേശീയ പട്ടികജാതി കമ്മീഷന്‍ റിപോര്‍ട്ടിന് കടകവിരുദ്ധമായാണു പുതിയ റിപോര്‍ട്ട്. വധേര സമുദായത്തില്‍പ്പെട്ടയാളാണ് രോഹിത് വെമുല.
ഒബിസി വിഭാഗത്തിലാണ് ഈ സമുദായം. രോഹിതിന്റെ ആത്മഹത്യയില്‍ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന് പങ്കില്ലെന്നും കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. രോഹിത് വെമുലയുടെ മരണം രാജ്യത്തു വന്‍ പ്രക്ഷോഭങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു.
എന്നാല്‍, റിപോര്‍ട്ടിനെക്കുറിച്ച് എ കെ രൂപന്‍വാല്‍ പ്രതികരിച്ചില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ലെന്നും റിപോര്‍ട്ടിലെ കണ്ടെത്തലിനെക്കുറിച്ച് സര്‍ക്കാരിനോടു ചോദിക്കാനുമാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. അതേസമയം, റിപോര്‍ട്ട് പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്നു മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പ്രതികരിച്ചു.
കേസിലെ മര്‍മപ്രധാനമായ കാര്യമാണ് വെമുലയുടെ ജാതി. ദലിതനാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ പട്ടികജാതി/വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പറാവു, കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരേ നിയമനടപടി സാധ്യമാണെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒബിസി വിഭാഗത്തില്‍ വരുന്ന വധേര സമുദായാംഗമാണ് വെമുലയെന്നു പിതാവ് മണികുമാര്‍ പറഞ്ഞതാണു ജാതി സംബന്ധിച്ചു വിവാദമുയരാന്‍ കാരണമായത്. ജനുവരി 17 നാണു സര്‍വകലാശാല അധികൃതരുടെ സമീപനത്തില്‍ മനംനൊന്ത് രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. അതേസമയം, രോഹിത്തിന്റെ സഹോദരന്‍ കമ്മീഷന്‍ റിപോര്‍ട്ട് തള്ളി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day