|    Apr 24 Tue, 2018 12:32 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

രോഹിത് വെമുല ഊര്‍ജമാവട്ടെ

Published : 2nd February 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹിക മണ്ഡലത്തില്‍ ഇനിയുള്ളകാലം രോഹിത് ഒരു സജീവ ഓര്‍മയായിരിക്കും. കീഴാളവിദ്യാര്‍ഥികളെ സംബന്ധിച്ച് രോഹിതിന്റെ ജീവന്‍ എന്ന കനത്ത നഷ്ടം വേദനിപ്പിക്കുമ്പോഴും ജീവിതത്തിലെന്നപോലെ മരണത്തിലൂടെയും രോഹിത് മുന്നോട്ടുവച്ച രാഷ്ട്രീയം ബലപ്പെടുന്നത് ഒരുപക്ഷേ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടനാപരമായ ജാതിയെ പ്രതിരോധിക്കാനും ജീവിക്കാനുമുള്ള ഒരു ശക്തിയായി മാറാം. ഇതിനു മുമ്പ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള ദലിത് ആത്മഹത്യകളുടെ ലിസ്റ്റില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയാതെ ഈ സ്ഥാപനങ്ങളിലെ ഘടനാപരമായ ജാതീയത ചര്‍ച്ചാവിഷയമായി മാറുന്നതായാണ് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ പ്രതിഷേധങ്ങളായി മാത്രം ഒട്ടേറെ ദലിത് ആത്മഹത്യകള്‍’കെട്ടടങ്ങി. എന്നാല്‍, രോഹിതിന്റെ മരണം ഒരു ദലിത് ബഹുജന്‍ ഉണര്‍വു തന്നെ ഉണ്ടാക്കിയെടുത്തു.
ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ പലപ്പോഴും പൊതുയിടത്ത് പ്രകടിപ്പിക്കപ്പെടാതെ പോയ ദലിത് ബഹുജനങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും വിവേചനത്തിന്റെ സാമൂഹികാനുഭവങ്ങളുടെ പ്രതിഷേധരൂപത്തിലുള്ള പ്രകടനമാണ്. ആധുനിക സാമൂഹികയിടങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതു മുതല്‍ ദലിത്, ആദിവാസി, മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ പുറത്തു പ്രകടിപ്പിക്കാന്‍ കഴിയാത്ത ആത്മസംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്. നഴ്‌സറി ക്ലാസില്‍ പഠിക്കുമ്പോള്‍ എന്തുകൊണ്ട് എനിക്ക് ഇങ്ങനെയുണ്ടാവുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപക്ഷേ, കീഴാളവിദ്യാര്‍ഥികള്‍ക്കു കഴിയില്ല. എന്നാല്‍, ഉയര്‍ന്ന ക്ലാസുകളിലേക്കും ഉന്നത വിദ്യാഭ്യാസമണ്ഡലത്തിലേക്കും കടക്കുമ്പോള്‍ ഈ ആത്മസംഘര്‍ഷങ്ങള്‍ ഏറിവരുകയാണു ചെയ്യുന്നത്. പഠനത്തോടൊപ്പം ഈ അവസ്ഥകളോടുള്ള ചെറുത്തുനില്‍പ്പാണ് ഈ വിദ്യാര്‍ഥികളെ സംബന്ധിച്ച് വിദ്യാഭ്യാസജീവിതം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാഠ്യപദ്ധതി എന്നിവ തന്നെ ദലിത് കീഴാള മനസ്സുകളില്‍ ഉണ്ടാക്കുന്ന അന്യവല്‍ക്കരണം ഒപ്പം അധ്യാപകര്‍, സഹവിദ്യാര്‍ഥികള്‍ എന്നിവരുമായുള്ള ഇടപെടലുകളില്‍ ഉണ്ടാവുന്ന വിവേചനത്തിന്റെ അനുഭവങ്ങള്‍ എന്നിങ്ങനെ ജാതീയതയുടെ ആധുനിക നിലനില്‍പ്പ് വ്യത്യസ്ത തലത്തിലാണ്. മെറിറ്റ് എന്നതു തന്നെ വിദ്യാഭ്യാസരംഗത്തെ ജാതീയതയുടെ ഏറ്റവും ശക്തമായ രൂപമാണ്. കീഴാളവിദ്യാര്‍ഥികള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന അവസ്ഥ തന്നെ ഈ മെറിറ്റ് എന്ന (ജാതി)ശ്രേഷ്ഠതാ വ്യവഹാരത്തിന്റെ ഏറ്റവും ഹിംസാത്മകമായ പ്രകടനമാണ്.
ഉയര്‍ന്ന വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ജാതിവിവേചനത്തിന്റെ സംഘര്‍ഷങ്ങള്‍ ദൃശ്യമാവുന്നതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി, ഈ വിവേചനങ്ങള്‍ക്കെതിരേ കീഴാള വിദ്യാര്‍ഥികള്‍ സംസാരിക്കുന്നു എന്നതാണ്. പലപ്പോഴും അടക്കിവയ്ക്കുന്ന പ്രതിഷേധങ്ങള്‍ പുറത്തുവരുന്നു എന്നത് ജാതിമേല്‍ക്കോയ്മ നിലനിര്‍ത്തുന്ന സ്ഥാപനങ്ങളിലെ അധികാരികളുടെ ജാതീയത പുറത്തുകൊണ്ടുവരുന്നു. രണ്ടാമതായി, ഈ ഇടങ്ങളിലേക്ക് ദലിത്-ആദിവാസി-പിന്നാക്ക-മതന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ കടന്നുവരുന്നതില്‍ പരമ്പരാഗതമായി അറിവിന്റെ അധികാരികളായ സവര്‍ണസമുദായങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥത. യൂനിവേഴ്‌സിറ്റികളില്‍ കുറേയേറെ പേരുടെ അക്കാദമിക താല്‍പര്യം ജനിപ്പിക്കുന്ന ഒരു വിഷയമായി ജാതി മാറിയിട്ടുണ്ട്. ദലിത് വിദ്യാര്‍ഥികള്‍ ഇതു നേരിട്ട് അനുഭവിക്കുന്നതുകൊണ്ടുതന്നെ അവര്‍ക്ക് ഇത് പുറത്തുള്ള ഒരു പഠനവിഷയമല്ല, സ്വന്തം ജീവിതത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗം തന്നെയായി മാറുന്നു ജാതീയതയ്ക്കും വംശീയതയ്ക്കും എതിരായ അറിവുകള്‍ നേടിയെടുക്കുന്നത്.
രോഹിതിന്റെ ആത്മഹത്യ ഒരേസമയം ഈ ജാതി അനുഭവങ്ങളുടെ സമ്മര്‍ദ്ദവും നിരാശയും അമര്‍ഷവും പ്രതിഷേധത്തിന്റെ സ്വഭാവവും വേര്‍തിരിക്കാന്‍ കഴിയാത്തവിധം ചേര്‍ന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകം എന്ന ഒരു സങ്കല്‍പം തന്നെ ഇതു മുന്നോട്ടുവച്ചത്. സ്ഥാപനം തന്നെ, അവയുടെ ആന്തരിക ഘടന തന്നെ കൊലയാളികളാവുന്ന അവസ്ഥ. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ഇതിനു മുമ്പ് ആത്മഹത്യചെയ്ത പുല്യാല രാജുവിന്റെ മരണത്തിനു ശേഷമായിരിക്കണം ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകം എന്ന പ്രയോഗം ശക്തമായി ഉപയോഗിക്കപ്പെട്ടത്. വ്യക്തികളുടെ ജാതീയ സമീപനം എന്നതിനേക്കാള്‍ വ്യവഹാരം എന്ന നിലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആന്തരിക ഘടനയിലുള്ള ജാതി ചര്‍ച്ചചെയ്യപ്പെട്ടു എന്നുള്ളതുമാണ് രോഹിതിന്റെ നീതിക്കു വേണ്ടിയുള്ള സമരത്തിലൂടെ സാധ്യമായത്. ഹൈദരാബാദ് അടക്കമുള്ള അക്കാദമിക സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള കീഴാള ആത്മഹത്യകളില്‍ ഇതുവരെ അധികാരികളില്‍നിന്നോ പോലിസില്‍നിന്നോ നീതി ലഭിച്ചിട്ടില്ല എന്നാണു പല വിദ്യാര്‍ഥികളും പറയുന്നത്. ആത്മഹത്യയിലേക്കു നയിച്ച ജാതീയസമ്മര്‍ദ്ദങ്ങളും നടപടികളും രക്ഷപ്പെട്ടു പോവുകയാണുണ്ടായത്. എന്നാല്‍, രോഹിതിന്റെ കാര്യത്തില്‍ പ്രതിഷേധങ്ങള്‍ നീതിക്കുവേണ്ടി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.
ജാതീയ അനുഭവത്തിന്റെ ഒരു പ്രശ്‌നം മാത്രമല്ല ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ഈയൊരു ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകത്തിലേക്കു നയിച്ചത്. ദലിത് എന്നതു മാത്രമല്ല രോഹിതിനെ അപകടകാരിയാക്കിയത്; ദലിത്-ആദിവാസി-മുസ്‌ലിം വിഷയങ്ങളിലുള്ള എഎസ്എയുടെ രാഷ്ട്രീയ ഇടപെടലുകളും രോഹിതിന്റെ മുസ്‌ലിം സമുദായത്തോടുള്ള ഐക്യദാര്‍ഢ്യവും കൂടിയാണ്.’മുസഫര്‍നഗര്‍ ബാക്കി ഹേ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എബിവിപി നടത്തിയ ആക്രമണത്തില്‍ എഎസ്എ പ്രതിഷേധിച്ചതും യാക്കൂബ് മേമന്റെ മയ്യിത്ത് നമസ്‌കാരം നടത്തിയതുമൊക്കെ സംഘപരിവാരത്തെ ചൊടിപ്പിച്ചിരുന്നു. ഗോരാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ദലിതര്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് രോഹിത് പറയുന്നുണ്ട് എന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കിത്തരുന്നു.
ബിജെപി മന്ത്രിമാരായ ബന്ദാരു ദത്താത്രേയക്കും സ്മൃതി ഇറാനിക്കുമുള്ള ഗൂഢാലോചനാപരമായ പങ്ക് ഉന്നയിക്കപ്പെട്ടതോടുകൂടി ബിജെപി ചെയ്തത് രോഹിതിന്റെ ദലിത് ഐഡന്റിറ്റി നിഷേധിക്കുക എന്നതായിരുന്നു. ദലിത് അല്ലായെന്ന് വാദിക്കുന്നതിലൂടെ ജാതീയതയല്ല ആത്മഹത്യക്കു കാരണമെന്ന് സ്ഥാപിക്കാനും അതിലൂടെ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമത്തില്‍നിന്നു രക്ഷപ്പെടുക എന്നതുമായിരുന്നു ലക്ഷ്യമെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍,’ജാതി ഐഡന്റിറ്റിയെ സംബന്ധിച്ചുള്ള ഒരുപാട് ചോദ്യങ്ങള്‍ ഈ ചര്‍ച്ച ഉയര്‍ത്തിയെന്ന് പ്രഫ. കെ സത്യനാരായണ അദ്ദേഹത്തിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബബന്ധം, പിതൃദായകക്രമം, അണുകുടുംബം എന്നതിനെ അടിസ്ഥാനമാക്കിയുള്ള ജാതിസ്വത്വം അല്ല മറിച്ച് ജീവിതാനുഭവങ്ങളുടെയും രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെയും സാമൂഹികബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ജാതിസ്വത്വത്തെ രോഹിത് പുനര്‍നിര്‍വചിച്ചെന്ന് സത്യനാരായണ പറയുന്നത് ചര്‍ച്ചചെയ്യേണ്ട ഒന്നാണ്. പട്ടികജാതി, ഒബിസി എന്ന സര്‍ക്കാര്‍ ഗണങ്ങള്‍ അവകാശങ്ങള്‍ നേടുന്നതിനുള്ള ഒരു ഭരണഘടനാപരമായ ഉപാധിയാണെങ്കിലും ജാതി അനുഭവങ്ങളെ അതു പൂര്‍ണമായും പ്രകടിപ്പിക്കുന്നില്ലെന്ന ഒരു പരിമിതിയെ മനസ്സിലാക്കേണ്ടതുണ്ട്. ദലിത് ക്രൈസ്തവരും ദലിത് മുസ്‌ലിംകളും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുന്നില്ലെന്നതും പട്ടികജാതി, ഒബിസി എന്നിവയുടെ അതിരുകളിലെ പ്രശ്‌നങ്ങളും ഈ പരിമിതിയെ ഗൗരവമുള്ളതാക്കുന്നു.
ഫേസ്ബുക്കില്‍ എന്റെ സുഹൃത്തായിരുന്ന രോഹിത് സിഡിഎസില്‍ എനിക്കുണ്ടായ ഒരു ജാതീയ വിവേചനം ചര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് ഒരു ശക്തമായ പോസ്റ്റിട്ടത് ഞാനോര്‍ക്കുന്നു. ദലിത് വിവേചനത്തിനെതിരേ ജാഗ്രതപുലര്‍ത്തുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss