|    Oct 21 Sun, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രോഹിത് വെമുലയുടെ മരണത്തിന് ഒരു വര്‍ഷം: പ്രതിഷേധത്തിന് അഖ്‌ലാഖിന്റെ സഹോദരനും ഉനയിലെ യുവാക്കളും

Published : 16th January 2017 | Posted By: fsq

rohith-vemula

ന്യൂഡല്‍ഹി: രാജ്യമെമ്പാടും കേന്ദ്രസര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് നാളേക്ക് ഒരു വര്‍ഷം. കോളജ് അധികൃതരുടെയും കേന്ദ്രസര്‍ക്കാരിന്റെയും പീഡനത്തിനിരയായ ഗവേഷണ വിദ്യാര്‍ഥി രോഹിത് 2016 ജനുവരി 17ന് കാംപസിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വാര്‍ഷികാചരണത്തിന്റെ ഭാഗമായി നാളെ രോഹിത് രക്തസാക്ഷി ദിനമായി ആചരിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ ദാദ്രിയില്‍ ബീഫ് കൈവശംവച്ചുവെന്നാരോപിച്ച് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും പങ്കെടുക്കും. അതോടൊപ്പം ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ഹിന്ദുത്വരുടെ മര്‍ദനത്തിനിരയായ നാലു യുവാക്കളും പരിപാടിയില്‍ സംബന്ധിക്കും. വാര്‍ഷികാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സര്‍വ്വകലാശാലയില്‍ നടന്നുവരുന്നുണ്ട്. യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ജോയിന്റ് ആക്ഷന്‍ കമ്മറ്റി ഫോര്‍ ജസ്റ്റിസ് ഫോര്‍ രോഹിത് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്്ച വൈകുന്നേരം പാട്ടുപാടിയും മറ്റും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് രോഹിത് വെമുലയും മറ്റു നാലു ദലിത് വിദ്യാര്‍ഥികളും ധര്‍ണ നടത്തിയ സര്‍വകലാശാല ഷോപ്പിങ് കോംപ്ലക്‌സിലെ അതെ സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നും നാളെയും മറ്റും സര്‍വകലാശാലയ്ക്കുള്ളിലും മറ്റും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മറ്റി നേതാവ് സന്നാകി മുന്ന പറഞ്ഞു. റാലിയും പൊതുപരിപാടിയും സംഘടിപ്പിക്കും. പൊതുപരിപാടിയില്‍ രോഹിതിന്റെ മാതാവ് രാധിക വെമുലയും ജാന്‍ മുഹമ്മദും ഉനയിലെ യുവാക്കളും പങ്കെടുക്കും. വാര്‍ഷികാചരണത്തെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. രോഹിതിന്റെ മരണത്തിന് ശേഷം പ്രതിക്കൂട്ടിലായ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രോഹിത് ദലിതനല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തിയത്. രോഹിതിന്റെ മരണത്തിന് ശേഷം സഹോദരന് വാഗ്ദാനങ്ങളുമായി നിരവധി പേരെത്തിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. എംഎസ്‌സി ജിയോളജി പൂര്‍ത്തിയാക്കിയ രോഹിതിന്റെ സഹോദരന്‍ ഇപ്പോഴും നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. തുടര്‍പഠനത്തിനായി അവനെ എതെങ്കിലും സര്‍വകലാശാലയില്‍ പറഞ്ഞയയ്ക്കാന്‍ മാതാവിന് ഭയമാണ്. അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാഗമായി ദലിത് പ്രശ്‌നങ്ങള്‍ കാംപസില്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് രോഹിത്തുള്‍പ്പെടെയുള്ളവര്‍ക്ക് 2015 ജൂലൈയില്‍ ഫെലോഷിപ്പ് തുക നല്‍കുന്നത് സര്‍വകലാശാല നിര്‍ത്തിവച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധപരിപാടി എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രാദേശിക എബിവിപി നേതാവ് നന്ദനം സുശീല്‍കുമാറിനെ രോഹിതും സംഘവും ഹോസ്റ്റല്‍ മുറിയില്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. പിന്നീട് രോഹിത്തും സംഘവും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയക്ക് എബിവിപി പ്രവര്‍ത്തകര്‍ കത്തയച്ചു. കത്ത് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കൈമാറി. മന്ത്രിയുടെ നിര്‍ദേശപ്രകാരം സര്‍വകലാശാല വൈസ്ചാന്‍സലര്‍ അപ്പാ റാവു രോഹിത് ഉള്‍പ്പെടെ അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss