|    Jan 20 Fri, 2017 3:32 pm
FLASH NEWS

രോഹിത് വെമുലയുടെ ആത്മഹത്യ: വ്യക്തിപരമായ കാരണംകൊണ്ടെന്ന് ജുഡീഷ്യല്‍ റിപോര്‍ട്ട്

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് ദലിതല്ലെന്നും സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രോഹിതിന്റെ അമ്മ ദലിതാണെന്ന് അവകാശപ്പെട്ടതാണെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട്.
രോഹിത് കേസില്‍ ആരോപണവിധേയരായ മാനവവിഭവശേഷി  മന്ത്രിയായിരുന്ന സ്മൃതി ഇറാനി, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ എന്നിവരെ കുറ്റവിമുക്തമാക്കുന്ന കമ്മീഷന്‍ രോഹിത് വെമുലയെ കുറ്റപ്പെടുത്തുന്നുണ്ട്. വെമുലയുടെ ആത്മഹത്യക്ക് 11 ദിവസത്തിനു ശേഷം ജനുവരി 28നാണ് അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ കെ രൂപന്‍വാലിനെ അന്വേഷണത്തിനു നിയോഗിച്ചത്. രൂപന്‍വാല്‍ 41 പേജുള്ള റിപോര്‍ട്ട് ആഗസ്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.
50 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. കാര്യകാരണസഹിതമാണ് രോഹിതിനെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് റിപോര്‍ട്ട് പറയുന്നു. വിവേചനമല്ല രോഹിതിന്റെ ആത്മഹത്യക്കു കാരണം. വ്യക്തിപരമായ നിരാശയായിരിക്കാം അതിലേക്കു നയിച്ചത്. സ്മൃതി ഇറാനിയും ദത്താത്രേയയും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് സമ്മര്‍ദമൊന്നുമുണ്ടായിരുന്നില്ലെന്നും റിപോര്‍ട്ട് പറയുന്നു. സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളും രോഹിതിന്റെ ആത്മഹത്യയും തമ്മില്‍ ബന്ധമൊന്നുമില്ല.
താന്‍ ദലിത്  സമുദായക്കാരനാണെന്ന മാതാവ് രാധികയുടെ വാദം തെറ്റാണ്.  അവരുടെമാതാപിതാക്കള്‍ ദലിത് വിഭാഗക്കാരാണെന്ന വാദവും തെറ്റാണ്. രാധികയുടെ ഇളയ മകന്‍ രാജചൈതന്യ കുമാറിന്റെ ജനന സര്‍ട്ടിഫിക്കറ്റ് തന്നെ അതിനു തെളിവാണ്. മതിയായ അന്വേഷണം നടത്താതെയാണ് രോഹിതിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.  സര്‍വകലാശാലയില്‍ നിന്ന് രോഹിതിന് വിവേചനമുണ്ടായില്ലെന്നും കമ്മീഷന്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക