|    Jun 23 Sat, 2018 12:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

രോഹിതില്‍ നിന്ന് കനയ്യയിലേക്ക് ദൂരമില്ല

Published : 19th February 2016 | Posted By: SMR

അഹ്മദ് ശരീഫ് പി

എന്താണ് രാജ്യദ്രോഹക്കുറ്റം? രാജ്യത്തു നടന്ന ഒരു കോടതിവിധിയുമായി ബന്ധപ്പെട്ട്, അഫ്‌സല്‍ ഗുരുവിനെ വേണ്ടത്ര തെളിവില്ലാതെ തൂക്കിക്കൊന്നത് ശരിയായില്ലെന്ന അഭിപ്രായപ്രകടനം നടത്തലാണോ? അല്ലെങ്കില്‍ വധശിക്ഷ തന്നെ പ്രാകൃതമാണെന്ന അഭിപ്രായം പറയലാണോ? ഇന്ത്യന്‍ റിപബ്ലിക് അനുവദിച്ചുതരുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ അട്ടിമറിച്ച് അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്നതാണ് രാജ്യസ്‌നേഹമെന്ന് ഇപ്പോഴത്തെ ഭരണകൂടവും അതിന്റെ കങ്കാണിമാരും തെളിയിച്ചുതരുന്നു. സ്വാതന്ത്ര്യത്തിനായി പൊരുതി ഊര്‍ജം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനം ചെയ്തു നടപ്പാക്കിയ പ്രസ്ഥാനത്തിന്റെ അനുയായികള്‍ ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതിലാണ് രാജ്യസ്‌നേഹമെന്ന് പ്രയോഗിച്ചുകാട്ടുന്നു. എതിരാളികളെ നിശ്ശബ്ദരാക്കുന്നതാണത്രെ രാജ്യസ്‌നേഹം. എന്തുകൊണ്ട് ഇന്ത്യയിലെ സുപ്രധാന കാംപസുകള്‍ സംഘപരിവാരത്തിന്റെ കണ്ണിലെ കരടായി മാറുന്നുവെന്നത് പഠിക്കാതിരുന്നുകൂടാ. ശരിയാണ്, അവിടെ മതേതരത്വം ഉല്‍പാദിപ്പിക്കപ്പെടുന്നു. ജനാധിപത്യം സൃഷ്ടിക്കപ്പെടുന്നു. ആര്‍എസ്എസ് മഹാരാഷ്ട്രയില്‍ നടത്തുന്ന ഭോന്‍സാലെ സൈനിക സ്‌കൂളില്‍നിന്ന് വ്യത്യസ്തമായി അരാഷ്ട്രീയ മനസ്സുകള്‍ക്കു പകരം രാഷ്ട്രീയ പക്വത വളര്‍ത്തുന്നു. ദേശീയ രാഷ്ട്രീയനേതാക്കള്‍ക്ക് ജന്മം നല്‍കുന്നു. ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള ഏതു നീക്കങ്ങള്‍ക്കെതിരേയും ആദ്യത്തെ പ്രതിരോധമുയരുന്നത് കാംപസുകളില്‍നിന്നായിരിക്കും. ജെഎന്‍യു അടച്ചുപൂട്ടണമെന്ന് ആര്‍എസ്എസ് കുറേക്കാലമായി പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ബുദ്ധിപരമായ സംവാദങ്ങള്‍ ഉയര്‍ത്തുന്ന ധൈഷണിക സംസ്‌കാരങ്ങളെ കൊന്ന് കുഴിച്ചുമൂടുകയെന്ന ഫാഷിസ്റ്റ്‌വല്‍ക്കരണത്തിന്റെ ഭാഗമാണത്. അതിലാദ്യം ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വരും. പിന്നെ ജാമിഅ മില്ലിയ്യ വരും. തുടര്‍ന്ന് അലിഗഡും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയും വരും. അലിഗഡും ജാമിഅയും കുറച്ച് മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കുന്നു എന്ന ഒരു രാജ്യദ്രോഹം കൂടി ചെയ്തുവരുന്നതിനാല്‍ ആദ്യം താഴിട്ടുപൂട്ടേണ്ടവയാണ്. ദലിതുകള്‍ ശക്തമാണെന്ന കാരണത്താല്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിക്ക് നിലനില്‍ക്കാനുള്ള അര്‍ഹത ചോദ്യംചെയ്യപ്പെടുന്നു. അംബേദ്കര്‍ സൊസൈറ്റികള്‍ കാംപസുകളില്‍ വ്യാപകമാവുന്നു എന്നത് ലങ്കാദഹനത്തിന് കാലമായി എന്ന് സംഘപരിവാരത്തെ തെര്യപ്പെടുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ ന്യൂനപക്ഷ സംഘപരിവാര ഭരണം വാജ്‌പേയിയുടെ നേതൃത്വത്തില്‍ അധികാരമേറിയ നാള്‍തൊട്ട് സ്വതന്ത്ര ചിന്താധാരകളെ ഉല്‍പാദിപ്പിക്കുന്ന വിദ്യാഭ്യാസകേന്ദ്രങ്ങളെ പിടിച്ചടക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്. കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോള്‍ അത് എളുപ്പമായി എന്നുമാത്രം. അവര്‍ വഴി പോലിസിനെ കാംപസിനകത്ത് കയറ്റുന്നതോടെ എല്ലാം തച്ചുതകര്‍ക്കുക അയത്‌നലളിതമായിത്തീരുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വരാഷ്ട്രീയ അജണ്ട വിജയിക്കണമെങ്കില്‍ കാംപസുകളില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, അംബേദ്കറിസവും തൂത്തെറിയപ്പെടണം.
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലും ജെഎന്‍യുവിലും നടന്ന സംഭവവികാസങ്ങള്‍ ഒരാവര്‍ത്തി അയവിറക്കിയാല്‍ എല്ലാം പകല്‍പോലെ തെളിഞ്ഞുവരും. ആദ്യം എബിവിപി കാംപസിനുള്ളില്‍ ഒരു സംഘര്‍ഷത്തിന് വിത്തിടുന്നു. തുടര്‍ന്ന് സ്ഥലം എംഎല്‍എ ആഭ്യന്തരവകുപ്പിന് കത്തെഴുതുന്നു. ഹൈദരാബാദില്‍ പ്രസ്തുത റോള്‍ മന്ത്രി ബന്ദാരു ദത്താത്രേയ റാവു നിര്‍വഹിച്ചപ്പോള്‍ ജെഎന്‍യുവില്‍ പ്രസ്തുത റോള്‍ ബിജെപി എംപി മഹേഷ് ഗിരി ഏറ്റെടുത്തു. അയാളാണ് കേസ് ഫയല്‍ ചെയ്തത്. ഹൈദരാബാദില്‍ മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഉടനെ ഇടപെട്ടു. ജെഎന്‍യുവില്‍ മന്ത്രി രാജ്‌നാഥ് സിങും. വിശാലമായ ഹിന്ദുത്വ അജണ്ടകള്‍ കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് അവര്‍ ഉറപ്പുവരുത്തി. ഡല്‍ഹിയില്‍ പോലിസ് സംസ്ഥാന ഭരണകൂടത്തിനു കീഴിലല്ല എന്നത്, എന്നത്തെയും പോലെ സംഘപരിവാരത്തിന് വീണ്ടും സൗകര്യമായി. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തും ബിജെപി ഭരിക്കുന്ന കാലത്തും ആം ആദ്മി നൂറുശതമാനം വിജയിച്ചിട്ടും ഡല്‍ഹി പോലിസ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ്. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ രാജ്യദ്രോഹികളാക്കി ജയിലില്‍ അടയ്ക്കുക എന്നതാണ് ഡല്‍ഹി പോലിസിന്റെ സ്ഥിരം പദ്ധതി. സംഘപരിവാരത്തിന്റെ ആളായ ജെഎന്‍യു വിസി വിളിക്കുന്നു. പോലിസ് ഓടിയെത്തുന്നു. യൂനിയന്‍ ചെയര്‍മാനെ തന്നെ പൊക്കുന്നു. ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ ദേശദ്രോഹികളുടെ കൂടാരമാണ് ജെഎന്‍യുവെന്നു ലേഖനമെഴുതിയതിനു പിന്നാലെയാണ് ആരവങ്ങളുടെ വരവ്. കശ്മീര്‍ വിഷയത്തിലും അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ എന്നിവര്‍ തൂക്കിലേറ്റപ്പെട്ടതിലും ജെഎന്‍യു കാംപസില്‍നിന്ന് ഉയര്‍ന്ന വിഭിന്നസ്വരങ്ങള്‍ സംഘപരിവാരത്തെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ മെറിറ്റ് ലിസ്റ്റില്‍ തന്നെ കയറിവന്ന ബുദ്ധിമാനായ വിദ്യാര്‍ഥി രോഹിത് വെമുല ടാര്‍ഗറ്റ് ചെയ്യപ്പെട്ടപ്പോള്‍ ജെഎന്‍യുവില്‍ അതേപോലെ അങ്കണവാടി ജീവനക്കാരിയുടെ മകനായ കനയ്യ കുമാര്‍ അറസ്റ്റിലായി. ”ഞങ്ങള്‍ക്ക് ആര്‍എസ്എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. രാജ്യത്തെ 80 ശതമാനം ദരിദ്രര്‍ക്കായി പോരാടുന്നു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്ന അവര്‍ എന്റെ പാവപ്പെട്ട അമ്മയെ തെറിവിളിക്കുന്നതിന്റെ ശബ്ദം കേള്‍ക്കണോ? ദലിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുന്നവര്‍ക്കെതിരേ ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യും” എന്ന് പ്രസംഗിച്ച ഉടനെയായിരുന്നു കനയ്യ കുമാറിന്റെ അറസ്റ്റ്. പ്രസ്തുത വേദിയില്‍ നുഴഞ്ഞുകയറി പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരായ പുറത്തുനിന്നു വന്നവരായിരുന്നു എന്നും തെളിഞ്ഞു. അതിനെ കനയ്യ പ്രസംഗത്തില്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നിട്ടും കനയ്യ മാത്രം അറസ്റ്റ് ചെയ്യപ്പെടുന്നു. മറ്റുള്ളവരെ തൊടുന്നുമില്ല.
ജെഎന്‍യു വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും കോടതിക്കുള്ളില്‍ ആക്രമിച്ചവരില്‍ സ്വയംസേവകര്‍ക്കും ബിജെപി എംഎല്‍എ ഒ പി ശര്‍മയ്ക്കുമൊപ്പം വലിയൊരുസംഘം അഭിഭാഷകരുമുണ്ടായിരുന്നു എന്നത് രാജ്യം എത്തിനില്‍ക്കുന്ന ഗതികേടിന്റെ ആഴം വ്യക്തമാക്കുന്നു. സംഘികളായ അഭിഭാഷകര്‍ കോടതികളില്‍ മുമ്പും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരുടെ കേസ് വാദിക്കാനെത്തുന്ന വക്കീലന്മാരെ അടിച്ചോടിക്കുന്നതാണു പതിവ് കലാപരിപാടി. ഇക്കൂട്ടരാണ് നാളത്തെ ജഡ്ജിമാര്‍. ഇന്നലെ ഇങ്ങനെ പ്രവര്‍ത്തിച്ചവരില്‍ പലരും ഇന്ന് മജിസ്‌ട്രേറ്റിന്റെ കസേരകളിലും ഇരിക്കുന്നുണ്ടാവണം. ജെഎന്‍യു സംഭവത്തിലെ യഥാര്‍ഥ രാജ്യദ്രോഹികളെ കണ്ണുതുറന്നു കാണാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘപരിവാരത്തിന്റെ തലോടലിന്റെ കരുത്ത് ശരിക്കും രുചിക്കേണ്ടിവന്നു. ഇപ്പോഴെങ്കിലും അവരുടെ കണ്ണുതുറന്നു എന്നു പ്രത്യാശിക്കാം. ഇന്ത്യയില്‍ ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ് തുടങ്ങിക്കഴിഞ്ഞുവെന്ന് ഹൈദരാബാദ്, ജെഎന്‍യു പ്രതിരോധങ്ങള്‍ സൂചന തരുന്നുണ്ട്. പൊതുജനജാഗ്രതയില്‍ കുറഞ്ഞ ഒന്നുകൊണ്ടും അതിന്റെ വരവിനെ തടയാന്‍ സാധ്യമല്ലെന്നു ചരിത്രം. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss