|    Jun 24 Sun, 2018 6:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രോഹന്‍ ഇന്ന് മുംബൈക്ക് പറക്കും; പ്രാര്‍ഥനയോടെ കൊയിലാണ്ടി

Published : 24th January 2017 | Posted By: fsq

 

കൊയിലാണ്ടി: രോഹന്‍ എസ് കുന്നുമ്മല്‍ ക്രിക്കറ്റ് ഭൂപടത്തിലേക്ക്. ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ മലയാളി ഓപണിങ് ബാറ്റ്‌സ്മാന്‍ ആയി ഇടം നേടിയ രോഹന്‍ ഇന്ന് കരിപ്പൂരില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സില്‍ മുംബൈക്ക് പറക്കും. ജനുവരി 30ന് ആണ് ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമുമായുള്ള ആദ്യമല്‍സരം. അഞ്ച് മല്‍സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കാണ് യാത്ര. രോഹന്റെ കളിക്കൂട്ടുകാര്‍ യാത്രയയക്കാനുള്ള ഒരുക്കങ്ങളിലാണ്. ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രോഹന്‍ പ്ലസ്ടു വരെ പഠിച്ചത്. ഇതിനിടയില്‍ ഒരു കൊല്ലം പഠനം കളിക്കായി മാറ്റിവെച്ചു. ഇപ്പോള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ്. ക്രിക്കറ്റ് പരിശീലനസൗകര്യം അത്രയൊന്നും ഇല്ലാതിരുന്ന കൊയിലാണ്ടിയില്‍ രോഹന് പരിശീലനത്തിനായി പിതാവ് സുശീല്‍, പിഷാരിക്കാവ് ക്ഷേത്രത്തിനടുത്തുള്ള സ്വന്തം വീടുപയോഗപ്പെടുത്തുകയായിരുന്നു. 45 അടി നീളമുള്ള മേലായ ആണ് ക്രിക്കറ്റ് നെറ്റ്‌സ്. പന്തു തട്ടി തെറിച്ച് പുറത്തേക്ക് പോകാതിരിക്കാന്‍ നെറ്റ് ഉപയോഗിച്ചു മറച്ചിരുന്നു. ബള്‍ബും ട്യൂബ്‌സെറ്റും കമ്പിവലയില്‍ പൊതിഞ്ഞു. രാത്രി മുഴുവന്‍ ടെന്നീസ് ബോള്‍ ഉപയോഗിച്ചാണ് പരിശീലനം. ബോള്‍ കവര്‍ ചെയ്യാന്‍ ഗുണമേന്മയുള്ള ഇന്‍സുലേഷന്‍ ടേപ്പ് ഇളയച്ഛന്‍ ഗള്‍ഫില്‍ നിന്ന് എത്തിച്ചുകൊടുത്തു. ബോളിന്റെ പകുതിഭാഗം ഇന്‍സുലേഷന്‍ കൊണ്ട് കവര്‍ ചെയ്ത് വെള്ളത്തില്‍ കുതിര്‍ത്തിയാണ് പരിശീലനം. പാകിസ്താന്‍ കളിക്കാരാണ് ഇങ്ങനെ പരിശീലിക്കുന്നതെന്ന് മുത്തച്ഛന്‍ പറയുന്നു. ഒമ്പത് വയസ്സു മുതല്‍ നിരന്തര പരിശീലനത്തിലായിരുന്നു രോഹന്‍.കെഡിസിഎയുടെ സെക്രട്ടറി സനിലാണ് മകന്റെ കളിയുടെ ഗതിമാറ്റിയതെന്നാണ് പിതാവ് സുശീല്‍ പറഞ്ഞു. അതുപോലെ കെസിഎയുടെ കലവറയില്ലാത്ത പിന്തുണയും ലഭിച്ചിരുന്നു. ക്യാംപിലും കളിക്കളങ്ങളിലും മുറതെറ്റാതെ കൊണ്ടുപോകുന്നത് സുശീലാണ്. 1980ല്‍ കേരള കാര്‍ഷികശാലയുടെ പ്രധാന കളിക്കാരിലൊരാളായിരുന്നു സുശീല്‍. പഠനസമയത്തെല്ലാം മനസ്സ് നിറയെ ക്രിക്കറ്റായിരുന്നുവെന്ന് സുശീല്‍ പറഞ്ഞു. തനിക്ക് നേടാന്‍ കഴിയാതെ പോയത് മകനിലൂടെ സാക്ഷാത്ക്കരിക്കാനായിരുന്നു സുശീലിന്റെ തീരുമാനം. മകന്റെ കളിക്ക് തടസ്സം വരാതിരിക്കാന്‍ സഹായകമായ ഒരു തൊഴിലാണ് സുശീല്‍ കണ്ടെത്തിയത്. ഡയറക്ട് മാര്‍ക്കറ്റിങ്. വിനു മങ്കാദ് ട്രോഫിയിലെയും അണ്ടര്‍ 19 ഇന്റര്‍സോണ്‍ ടൂര്‍ണമെന്റിലേയും കുച്ച് ബീഹാര്‍ ട്രോഫിയിലേയും മികച്ച പ്രകടനങ്ങളാണ് 18കാരനായ രോഹന് ടീമിലേക്ക് വഴിതുറന്നത്. ഇരട്ടസെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമടക്കം 464 റണ്‍സാണ് സീസണില്‍ ഈ ഓപണിങ് ബാറ്റ്‌സ്മാന്‍ നേടിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാവി താരമായും തിരഞ്ഞെടുക്കപ്പെട്ടു. ടി20 മല്‍സരങ്ങള്‍ക്കുള്ള സീനിയര്‍ ടീമിലേക്ക് പ്രവേശനവും നേടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രോഹന്റെ ഇഷ്ടതാരം. രോഹനില്‍ വലിയ പ്രതീക്ഷയിലാണ് പഠിക്കുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളജും കൊയിലാണ്ടിയിലെ ന്യൂജെന്‍ തലമുറയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss