|    Aug 21 Mon, 2017 4:21 am
FLASH NEWS

രോഗ പ്രതിരോധത്തിലൂന്നിയ ജീവിത ശൈലി ശീലമാക്കണം: മന്ത്രി സി രവീന്ദ്രനാഥ്

Published : 8th August 2017 | Posted By: fsq

 

ആറാട്ടുപുഴ: മനുഷ്യന്‍ പ്രകൃതിയോടടുക്കണമെന്നും രോഗ പ്രതിരോധത്തിലൂന്നിയ ജീവിത ശൈലി ശീലമാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ആറാട്ടുപുഴ ജീവനി നടത്തിയ സൗജന്യ മെഗാ ഹോമിയോ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ആറാട്ടുപുഴ ജീവനി സംഘടിപ്പിച്ച സൗജന്യ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാംപ് ആയിരത്തിലധികം പേര്‍ക്ക് ആശ്വാസമായി തീര്‍ന്നു. ആറാട്ടുപുഴ ശ്രീ മുരളി ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാംപില്‍ പ്രഗല്‍ഭരായ ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്നു. ഇതോടനുബന്ധിച്ച് തശ്ശൂര്‍ അഹല്യ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും ചികില്‍സാ ക്യാംപും ഉണ്ടായിരുന്നു. തൃശ്ശൂര്‍ തൈക്കാട്ട് മൂസ് വക എസ് എന്‍ എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ മുന്‍കുട്ടി പേരുകള്‍ റജിസ്റ്റര്‍ ചെയ്ത് ക്യാംപില്‍ ചികില്‍സക്കെത്തിയ ആദ്യത്തെ 600 പേര്‍ക്ക് രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധ സമ്പന്നമായ കര്‍ക്കടക ഔഷധ കഞ്ഞിക്കൂട്ടും സൗജന്യമായി വിതരണം ചെയ്തു. രാവിലെ 9 മുതല്‍ ഉച്ചത്തിരിഞ്ഞ് 3 വരെ ക്യാംപ് ഉണ്ടായിരുന്നു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ഫ്രാന്‍സീസ് മരുന്നു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ് ,തൃശ്ശൂര്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.വല്‍സലന്‍, തൃശ്ശൂര്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ മനോജ് മേനോന്‍, എസ്.എന്‍.എ. മാര്‍ക്കറ്റിങ്ങ് മാനേജര്‍ എ.ജയകൃഷ്ണന്‍ നമ്പി സംസാരിച്ചു. ജീവനിയുടെ പ്രസിഡന്റ് കെ.വി.അഷ്ടമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ചു. വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത രേഷ്മ മുരളി, രമ്യ രഘുനന്ദനന്‍, കെ.ശ്രീലക്ഷ്മി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ക്യാംപില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പാള പ്ലേറ്റില്‍ കഞ്ഞിയും പുഴുക്കും നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക