|    Jan 23 Mon, 2017 7:57 am
FLASH NEWS

രോഗ നിര്‍ണയം സാധ്യമാക്കുന്ന എം- ട്രിയാഗ് തീരമേഖലകളിലെത്തി

Published : 5th April 2016 | Posted By: SMR

മുഹമ്മ: രോഗസാധ്യത മുന്‍കൂട്ടി കണ്ടെത്തി അടിയന്തര ചികില്‍സ ലഭ്യമാക്കാനുള്ള എം-ട്രിയാഗ് സംവിധാനം വികസിപ്പിച്ചെടുത്ത ജര്‍മന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മാരാരിക്കുളം സംഹതിയിലെത്തി. മാരകമായ പലരോഗങ്ങളിലേക്കും സാധാരണക്കാര്‍ വഴുതി വീഴാതിരിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എം ട്രിയാഗ്.
പല സെന്‍സറുകള്‍ പിടിപ്പിച്ചിട്ടുള്ള ഉപകരണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ രോഗ വിവരം കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. യന്ത്രത്തിന്റെ പച്ച ബള്‍ബാണ് തെളിയുന്നതെങ്കില്‍ രോഗമില്ലെന്ന് മനസ്സിലാക്കാം. മഞ്ഞയാണെങ്കില്‍ രോഗാരംഭത്തെയും ചുവപ്പ് രോഗത്തിന്റെ കാഠിന്യത്തെയും വ്യക്തമാക്കും. ഡോക്ടര്‍മാരുടെ സഹായമില്ലാതെ പരിശീലനം ലഭിച്ച നഴ്‌സിന് അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എം ട്രിയാഗിന് ഒമ്പത് ലക്ഷം രൂപയാണ് വില.
ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് മെഡിക്കല്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ജര്‍മനിയിലെ സംഹതിയാണ് യന്ത്രം വികസിപ്പിച്ചത്. പ്രഫ. ഡോ. തോമസ് ഷ്‌റാഡര്‍, ഡോ. റ്റിമ് ഷ്‌നൈഡര്‍, യുവ ശാസ്ത്രജ്ഞന്‍മാരായ ഡെന്നീസ് വാഗ്‌നര്‍, മാലിയൂസ് ലീഫോള്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് നൂതന സങ്കേതികാധിഷ്ഠിത സംവിധാനം രൂപപ്പെടുത്തിയത്. സ്യൂട്ട്‌കെയ്‌സിന്റെ വലുപ്പമുള്ള എം ട്രിയാഗ് ഏത് ഗ്രാമപ്രദേശത്ത് എത്തിച്ചും രോഗനിര്‍ണയം നടത്താനാവും.
ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൃത്യമായ അറിവ് നല്‍കാനും ആരോഗ്യ പരിചരണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് റിപോര്‍ട്ടുകളും നിര്‍ദേശങ്ങളും യന്ത്രം നല്‍കുമെന്നതാണ് പ്രത്യേകത. രോഗം സ്ഥിരീകരിച്ചാല്‍ ടെലിമെഡിസിന്‍ സംവിധാനത്തില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാനും കഴിയുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
കിടപ്പ് രോഗികള്‍ക്ക് വര്‍ഷങ്ങളായി പരിചരണം നല്‍കുന്ന സംഹതി ആലപ്പുഴയുടെ തീരമേഖലകളില്‍ എം ട്രിയാഗ് ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസം മുതല്‍ആരംഭിക്കും. സംഹതിയുടെ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം ആറാഴ്ചക്കാലം ജര്‍മന്‍കാരിയായ ഡോ. ഡൊറോത്തിബുഷ്ചുമുണ്ടാവും. എം ട്രിയാഗ് പരിശോധന പദ്ധതി സായിമ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രവിമേനോന്‍ ഉദ്ഘാടനം ചെയ്തു. സംഹതി ഡയറക്ടര്‍ ഫാദര്‍ ആന്റണി ജേക്കബ് അധ്യക്ഷത വഹിച്ചു. സംഹതി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ആനി അഗസ്റ്റിന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക