|    May 27 Sat, 2017 1:43 pm
FLASH NEWS

രോഗിയുടെ മരണം; ആശുപത്രിക്കെതിരേ നടപടി വേണമെന്ന്

Published : 20th October 2016 | Posted By: SMR

തൃശൂര്‍: ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരേ കേസെടുക്കണമെന്ന് ബന്ധുക്കള്‍  ആവശ്യപ്പെട്ടു. ചാവക്കാട് രാജാ ആശുപത്രിക്കെതിരായാണ് പരാതി.  ചാവക്കാട് സ്വദേശി ആലത്തിയില്‍ മൊയ്തുണ്ണിയാണ് ഭാര്യ റസിയയുടെ മരണത്തിന് ഉത്തരവാദികളായ ആശുപത്രി അധികൃതര്‍ക്കെതരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് ചികില്‍സ വൈകിപ്പിക്കുന്ന സ്വകാര്യ ആശുപത്രികളുടെ നടപടികള്‍ക്ക് കടിഞ്ഞാണിടണം. സര്‍ക്കാരില്‍ നിന്ന് ഇന്‍ഷുറന്‍സ് പണം കിട്ടാന്‍ വൈകുമെന്നതിനാലാണ് അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കു പോലും ചികില്‍സ വൈകിപ്പിക്കാന്‍ കാരണമെന്നും മൊയ്തുണ്ണി പറഞ്ഞു. ഈ മാസം ആറിന് കിഡ്‌നി സ്റ്റോണിന് ആശുപത്രിയില്‍ ചികില്‍സ തേടിയ റസിയക്ക് നാലു ദിവസത്തേക്കു മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. വേദന തീവ്രമായതിനെ തുടര്‍ന്ന് 10ന് വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും ചീഫ് സര്‍ജനെ കാണാനായി വീല്‍ചെയറില്‍ മണിക്കൂറുകളോളം പിടിച്ചിരുത്തുകയാണുണ്ടായത്. വേദന കൊണ്ടു പിടയുന്ന രോഗിയെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കാനോ പരിശോധിക്കാനോ ആശുപത്രി സ്റ്റാഫ് തയ്യാറായില്ല. വീല്‍ ചെയറില്‍ ഇരുത്തി തന്നെ വേദനാ സംഹാരികള്‍ കുത്തിവയ്ക്കുകയാണുണ്ടായത്. നാലുമണിക്കോറോളം നേരം കാത്തിരിപ്പ് തുടര്‍ന്നപ്പോള്‍ ബന്ധുക്കള്‍ ബഹളം കൂട്ടി റസിയയെ ചീഫ് സര്‍ജന്റെ അടുത്തേക്ക് കൊണ്ടു പോയെങ്കിലും ഉടനെ യൂറോളജിസ്റ്റുള്ള ആശുപത്രിയിലെത്തിക്കാനായിരുന്നു നിര്‍ദേശം. അമലയിലേക്ക് കൊണ്ടുപോയെങ്കിലും യൂറോളജിസ്റ്റ് അവധിയിലായതിനാല്‍ രാജാ ആശുപത്രിയിലേക്ക് മടക്കി. അഡ്മിറ്റ് ചെയ്യാനും ഷുഗര്‍ നില പരിശോധിക്കാനും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. നവരാത്രി അവധി ദിനങ്ങളായതിനാല്‍ മിക്ക ആശുപത്രികളിലും ഡോക്ടര്‍മാരില്ലായിരുന്നു. അഡ്മിറ്റ് ചെയ്യാത്തതിനാല്‍ റസിയയെ വീട്ടിലേക്ക് മടക്കിയപ്പോഴേക്കും റസിയ അവശനിലയിലായിരുന്നു. രാത്രി ഒമ്പതോടെ റസിയയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്ന് ഗുരുതരാവസ്ഥയില്‍ മരിക്കുകയാണുണ്ടായത്. ആരോഗ്യ വകുപ്പുമന്ത്രിക്കും എംഎല്‍എക്കും മനുഷ്യാവകാശ കമ്മീഷന്‍, ചാവക്കാട് സിഐ, വടക്കേക്കാട് സിഐ എന്നിവര്‍ക്ക് ചാവക്കാട് രാജാ ആശുപത്രിക്കെതിരായുള്ള പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ റസിയയുടെ മക്കളായ റഹ്മാന്‍, റഹ്മത്ത്, മരുമകള്‍ ഫാത്തിമ റംസി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day