|    Nov 18 Sun, 2018 3:01 am
FLASH NEWS

രോഗികള്‍ പെരുകുന്നു; മെല്ലെപ്പോക്ക് തുടര്‍ന്ന് ജില്ലാ ആശുപത്രി

Published : 22nd June 2017 | Posted By: fsq

 

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: പനി പടരുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മെല്ലെപ്പോക്കിന് അവസാനമില്ല. ചികില്‍സയില്‍ അലംഭാവമെന്ന പരാതിയില്‍ രണ്ടു മിന്നല്‍ പരിശോധകളാണ് ഈയാഴ്ച നടന്നത്. വിജിലന്‍സും ഡിഎച്ച്എസും നടത്തിയ പരിശോധനയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൃത്യമായെത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത് നാല് ഡോക്ടര്‍മാര്‍ മാത്രമായിരുന്നു. ഇപ്പോഴും കാര്യങ്ങളെല്ലാം പഴയപടിതന്നെ. നിത്യേന ശരാശരി 2500 ഓളം പേരാണ് ഒപിയില്‍ ചികില്‍സ തേടുന്നത്. പനിബാധിതരാണ് ഏറെയും. കൂടാതെ സ്ഥലപരിമിതിയും ഡോക്ടര്‍മാരുടെ കുറവും രോഗികളെ വലയ്ക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.20നാണ് ഡിഎച്ച്എസ് ഡോ. സരിത ജില്ലാ ആശുപത്രിയിലെത്തിയത്. രാവിലെ എട്ടിന് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട 25ഓളം ഡോക്ടര്‍മാര്‍ അപ്പോള്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. കാഷ്വാലിറ്റിയിലും പനി ക്ലിനിക്കിലുമടക്കം ആയിരത്തോളം രോഗികള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒപി ടിക്കറ്റ് നല്‍കുന്ന ജീവനക്കാരും എത്തിയിരുന്നില്ല. പിറ്റേന്ന് വിജിലന്‍സ് സംഘം ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴും സ്ഥിതി സമാനമായിരുന്നു. ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവുപറഞ്ഞാണ് പലപ്പോഴും ഡോക്ടര്‍മാര്‍ രക്ഷപ്പെടുന്നത്. എക്‌സറേ യൂനിറ്റ് പ്രവര്‍ത്തിക്കാത്തതും ഓപറേഷന്‍ തീയറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്നതിനാല്‍ മേജര്‍ ഓപറേഷനുകള്‍ നടത്താനാവാത്തതും ജില്ലാ ആശുപത്രിയെന്ന പേരിന് തന്നെ നാണക്കേടാവുകയാണ്. ലേബര്‍റൂമിനു സമീപം പഴയ മിനി ഓപറേഷന്‍ തീയറ്ററിലാണ് നിലവില്‍ ഓപറേഷനുകള്‍ നടക്കുന്നത്. സ്വകാര്യ ലാബുകളെ സഹായിക്കാനാണ് എക്‌സറേ യൂനിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയിലെ രണ്ടു ആംബുലന്‍സിന് ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. ഇതുമുതലെടുത്ത് ആശുപത്രിക്കു മുന്നിലെ പത്തിലധികം സ്വകാര്യ ആംബുലന്‍സുകള്‍ പാവപെട്ട രോഗികളില്‍ നിന്നും ഭീമമായ തുക ഈടാക്കുന്നതായും പരാതിയുണ്ട്. രോഗികള്‍ക്ക് കിടത്തിചികില്‍സയ്ക്ക് സൗകര്യം ഒരുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഏറെ പഴക്കമുള്ള കൊട്ടാരം വാര്‍ഡ് പുനരുദ്ധാരണത്തിനായി അടച്ചു. കോടികള്‍ ചിലവാക്കി നിര്‍മിച്ച പുതിയ ബഹുനില മന്ദിരവും ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല. നിത്യേന ചികില്‍സ തേടിയെത്തുന്ന ആദിവാസികളും തോട്ടം തൊഴിലാളികളുമടങ്ങുന്ന ആയിരക്കണക്കിന് പേരുടെ ദൈന്യത കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss