|    Aug 19 Sun, 2018 8:51 pm
FLASH NEWS

രോഗികളെ വഞ്ചിച്ച് പണം തട്ടിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

Published : 15th December 2017 | Posted By: kasim kzm

പെരിന്തല്‍മണ്ണ: മന്ത്രവാദത്തിലൂടെ അസുഖങ്ങള്‍ക്കും തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ട് സ്വദേശി പുള്ളിയില്‍ അബ്ദുല്‍ അസീസിനെ (42) നെയാണ് പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു, കൊളത്തൂര്‍ എസ്‌ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പഴമള്ളൂര്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്നു അമ്പതിനായിരം രൂപയോളം തട്ടിയെടുത്തതായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന് രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊളത്തൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ ഇത്തരത്തില്‍ കേരളത്തിലും പുറത്തും ഗള്‍ഫ് നാടുകളില്‍ വരെ ഏജന്റുമാര്‍ മുഖേന മന്ത്രവാദത്തിലൂടെ മാനസിക രോഗമുള്‍പ്പെടെ മാറാരോഗങ്ങള്‍ക്കും ജോലിയില്‍ ഉന്നതി നേടാനും ശത്രക്കളെ ഇല്ലാതാക്കാനും കഴിയുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചു. അസുഖങ്ങളും കുടുംബ പ്രശ്‌നങ്ങളും പറഞ്ഞ് തന്നെ സമീപിക്കുന്നവരോട് അവരുടെ വീടിന്റെ പരിസരത്ത് ശത്രുക്കള്‍ ഒരു സാധനം കുഴിച്ചിട്ടുണ്ടെന്നും അത് കണ്ടുപിടിച്ചു പുറത്തെടുക്കണമെന്നും അതിനുവേണ്ടി തകിട്, കുടം തുടങ്ങിയ സാധനങ്ങള്‍ വാങ്ങാനെന്നും പറഞ്ഞ് പണം വാങ്ങും. പിന്നീട് അവരുടെ വീട്ടിലെത്തി വീട്ടുമുറ്റത്തുള്ള ഒരു സ്ഥലം കാണിച്ചു കൊടുത്ത് അവിടെ കുഴിക്കാനാവശ്യപ്പെടും. വീട്ടുകാര്‍ കാണാതെ പ്രതി തന്നെ കൈയില്‍ ഒളിപ്പിച്ച പൊതി കുഴിയില്‍ നിന്നു കണ്ടെടുക്കും. പ്രതിയുടെ വീട്ടില്‍ മുന്‍കൂട്ടി മണ്ണില്‍ കുഴിച്ചിട്ട് പഴകിയ തകിട്, ബ്ലേഡ്, എല്ലിന്‍ കഷണങ്ങള്‍ അടങ്ങിയ പൊതിയാണ് വീട്ടുകാര്‍ കാണാതെ കുഴിലിട്ടു പുറത്തെടുക്കുന്നത്. ഇത് കണ്ട് വിശ്വസിക്കുന്ന വീട്ടുകാര്‍ പ്രതി പറയുന്ന പണം നല്‍കുന്നു. പരിഹാരം കിട്ടാത്തവര്‍ പരാതിയുമായി വന്നാല്‍ മന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിച്ചു കളയുമെന്ന് പറഞ്ഞു മൊബൈല്‍ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിക്കാര്‍ പറയുന്നു. ബസ് തൊഴിലാളിയായും വിസ ഏജന്റായും ജോലി ചെയ്തിരുന്ന അസീസ് നാലു വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ തട്ടിപ്പ് തുടങ്ങുന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ ടി എസ് ബിനു, കൊളത്തൂര്‍ എസ്‌ഐ ടി സുരേഷ്ബാബു, അഡി. എസ്‌ഐ സദാനന്ദന്‍, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസ് അന്വേഷണ സംഘത്തിലെ എസ്‌ഐ ആന്റണി, ജെആര്‍എസ് ഐ എം ബി രാജേഷ്, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ഷറഫുദ്ദീന്‍, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss