|    Mar 18 Sun, 2018 5:41 am
FLASH NEWS

രോഗശയ്യയിലും സുമനസുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ലാല്‍കുമാര്‍

Published : 9th November 2016 | Posted By: SMR

നെടുമങ്ങാട്: അപകടത്തെ തുടര്‍ന്ന് അരയ്ക്കു താഴെ തളര്‍ന്ന് എട്ടു വര്‍ഷത്തോളമായി ആശുപത്രികിടക്കയിലും വീട്ടിലുമായി ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ നീങ്ങുകയാണ് വട്ടിയൂര്‍ക്കാവ് കാച്ചാണി ശ്രീഭവനില്‍ ബി ലാല്‍കുമാര്‍(50). റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന ലാല്‍കുമാറിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴുന്നത് 2009 ലാണ്. സമീപവാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. അന്നുമുതല്‍ ലാല്‍കുമാര്‍ അരയ്ക്കുതാഴെ തളര്‍ന്ന് കിടക്കയിലായി. വീഴ്ചയില്‍ സുഷുംന നാഡിക്കേറ്റ ക്ഷതമാണ് തളര്‍ച്ചക്കു കാരണം. കൈയിലുണ്ടായിരുന്നതും കടംവാങ്ങിയും ചികില്‍സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ നടത്തി. എന്നാല്‍ പ്രാഥമിക കൃത്യം പോലും പരസഹായമില്ലാതെ ചെയ്യാനാകുന്ന തരത്തിലേക്ക് ലാല്‍കുമാറിനെ കൊണ്ടുവരാന്‍ ചികില്‍സയ്ക്കായില്ല. ഇതിനിടെ ലക്ഷങ്ങള്‍ ചെലവായി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം കാച്ചാണിയിലെ വാടകവീടിനു യഥാസമയം വാടക നല്‍കാന്‍ പോലും കഷ്ടപ്പെടുകയാണ്.പരസഹായമില്ലാതെ പ്രാഥമികകൃത്യം പോലും നടത്താന്‍ കഴിയാത്ത ഭര്‍ത്താവിനെ പരിചരിച്ചു കഴിയുകയാണ് ഭാര്യ ബിന്ദു. പഠനത്തില്‍ സമര്‍ത്ഥനായ മൂത്തമകന്‍ അനന്തകൃഷ്ണന്റെ ഡിഗ്രി പഠനം സാമ്പത്തിക പരാധീനതകള്‍ കാരണം വഴിമുട്ടി. നെടുമങ്ങാട്ടെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അനന്തകൃഷണന്‍ പഠിച്ചത്. പഠനത്തില്‍ മിടുക്കനായ അനന്തകൃഷ്ണനെ സ്‌കൂള്‍ അധികൃതര്‍ സൗജന്യമായാണ് പഠിപ്പിച്ചത്. നിരവധി ശ്രദ്ധേയമായ കവിതകള്‍ എഴുതിയ അനന്തകൃഷ്ണന്റെ 71 കവിതകള്‍ രാത്രിമഴ എന്ന പേരില്‍ 14 ാം വയസില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഒരു അമേരിക്കന്‍ മലയാളി സഹായിച്ചിരുന്നു. പഠനത്തിലും കവിതാ രചനയിലും മിടുക്കനായിട്ടും പഠനം തുടരാനാകാത്ത അനന്തകൃഷ്ണന്റേയും കാച്ചാണി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയ മകന്‍ അതുല്‍ കൃഷ്ണയുടയും ഭാവിയെക്കുറിച്ച് ലാല്‍കുമാറിന് ഒന്നുമറിയില്ല. ജീവിക്കാനും മക്കളുടെ പഠനത്തിനുമായി എന്തു ചെയ്യണമെന്നറിയാതെ കഴിയുന്ന ഈ കുടുംബം സുമനസുകളുടെ കൈതാങ്ങിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. എസ്ബിടി വട്ടിയൂര്‍ക്കാവ് ശാഖയിലെ അക്കൗണ്ട് നമ്പര്‍: 67099101712. ഐഎഫ്എസ്‌സി:എസ്ബിടി60000433. ഫോണ്‍: 9656391015.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss